കൊച്ചി: രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍ 22.55 ഗ്രാം എം.ഡി.എം.എ അടക്കം പിടികൂടിയെന്ന ആരോപണത്തില്‍ അറസ്റ്റു ചെയ്തത്. എന്നാല്‍ എന്നാല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്ത വസ്തു എം.ഡി.എം.എ അല്ലെന്ന് കണ്ടെത്തി. പിടിച്ചെടുത്തത് മെത്തഫെറ്റമിനെന്നായിരുന്നു പരിശോധന ഫലം. പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതി റിന്‍സിക്ക് ജാമ്യം അനുവദിച്ചത്. അതായത് ലഹരിയുമായാണ് റിന്‍സി അറസ്റ്റിലായതെന്ന് സാരം. റിന്‍സിയുടെ അറസ്റ്റിന് ശേഷം പല വിവരങ്ങളും പോലീസിന് കിട്ടിയിരുന്നു. എന്നാല്‍ ഇതിലേക്കൊന്നും അന്വേഷണം നീണ്ടില്ല.

സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് രാസലഹരി വില്പന നടത്തി എന്നതാണ് ഇവര്‍ക്കെതിരെ ഉണ്ടായ ആരോപണം. കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്ളാറ്റില്‍ നിന്നാണ് റിന്‍സിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടിയത്.സിനിമ പ്രമോഷന്‍ വര്‍ക്കുകളിലും റിന്‍സി പ്രവര്‍ത്തിച്ചിരുന്നു. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ എന്ന ചിത്രങ്ങളുടെ പ്രമോഷന്‍ വര്‍ക്കുകളിലാണ് റിന്‍സി പ്രവര്‍ത്തിച്ചത്. ഉണ്ണി മുകുന്ദന്റെ പേഴ്സണല്‍ മാനേജര്‍ ആണ് റിന്‍സി എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉണ്ണി മുകുന്ദന്‍ തന്നെ അത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ റിന്‍സി മുംതാസ് പിടിയിലായതിന് ശേഷം നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. യുവതിക്ക് സിനിമാ മേഖലയിലെ പ്രമുഖരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമാ പ്രമോഷന്‍ പരിപാടികളുടെ പേരുപറഞ്ഞ് താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കുന്നതായിരുന്നു റിന്‍സിയുടെ ജോലിയെന്ന് പോലും വിലയിരുത്തലെത്തി. സിനിമാ മേഖലയിലെ ഡ്രഗ് ലേഡി എന്നായിരുന്നു യുവതി അറിയപ്പെട്ടതെന്ന് പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി.

റിന്‍സിയുടെ അറസ്റ്റിന് ശേഷം ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നു. ലഹരി കൈമാറിയ സിനിമാ താരങ്ങളുടെ പേരുകള്‍ റിന്‍സി പൊലീസിന് നല്‍കിയിട്ടുണ്ടെന്നും പ്രചരണമെത്തി. ക്രിപ്‌റ്റോ കറന്‍സി വഴിയുളള ഇടപാടുകളും നടത്തിയെന്നും വിലയിരുത്തല്‍ എത്തി. പക്ഷേ ഇതിലേക്കൊന്നും അന്വേഷണം നീണ്ടില്ല. ഇതിന് പിന്നില്‍ വലിയ ഇടപെടലുണ്ടെന്നാണ് വിലയിരുത്തല്‍.

യൂട്യൂബിലെയും ഇന്‍സ്റ്റഗ്രാമിലെയും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നത് റിന്‍സിയായിരുന്നു. സെറ്റുകളിലും പ്രമോഷന്‍ പരിപാടികളിലും റിന്‍സി സജീവമായിരുന്നു. യുവതിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന യാസര്‍ അറാഫത്ത് എന്ന യുവാവ് എന്നാണ് പോലീസ് പറഞ്ഞത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു.

സിനിമാ പി ആര്‍ കമ്പനിയായ ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റിന്റെ ഭാഗമായിരുന്നു യുവതി. ലഹരിക്കേസില്‍ പിടിയിലായതോടെ റിന്‍സിയെ ഒബ്‌സ്‌ക്യൂറ തള്ളിപ്പറഞ്ഞിരുന്നു.

ഹൈക്കോടതിയില്‍ ജയിച്ച റിന്‍സിയുടെ വാദം ചുവടെ

റിന്‍സി. 20.55 ഗ്രാം എംഡിഎംഎ പിടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും താന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുമാണ് റിന്‍സി വാദിച്ചത്. ജൂലൈ ഒന്‍പതു മുതല്‍ കസ്റ്റഡിയിലാണെന്നും അതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും റിന്‍സി വാദിച്ചു. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

മെത്തഫെറ്റമിന്‍ ആയതിനാലും, വാണിജ്യ അളവില്‍ കുറവായതിനാലും എന്‍ഡിപിഎസ് വകുപ്പ് 37 കേസില്‍ ബാധകമാകില്ല എന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് 37 ജാമ്യമില്ലാ കുറ്റമാണ്. ഹര്‍ജിക്കാരി ജൂലൈ ഒന്‍പതു മുതല്‍ കസ്റ്റഡിയിലാണ് എന്നതിനാലും വിചാരണ അടുത്തൊന്നും തുടങ്ങാന്‍ സാധ്യതയില്ല എന്നതിനാലും ഉപാധികളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

സിനിമ പ്രചരണ മേഖലയില്‍ സജീവമായിരുന്ന റിന്‍സിക്ക് പല ചലച്ചിത്ര പ്രവര്‍ത്തകരുമായും ബന്ധമുണ്ട് എന്നതിനാല്‍ തുടക്കത്തില്‍ അന്വേഷണം ഈ വഴിക്കു നീങ്ങിയിരുന്നു. എന്നാല്‍ തന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും താന്‍ നിരപരാധിയാണ് എന്നുമായിരുന്നു തുടക്കം മുതല്‍ റിന്‍സിയുടെ നിലപാട്.