റാന്നി: ബന്ധുവിന്റെ വീട്ടില്‍ യുവാവ് മരിച്ച നിലയില്‍. പേങ്ങോട്ടുകടവ് റോഡുകടവ് ജോബി(40)യാണ് മരിച്ചത്. പള്ളിക്കമുരുപ്പിന് സമീപം തിരുവാഭരണ പാതയോട് ചേര്‍ന്നുള്ള റെജി എന്നയാളുടെ വീടിന്റെ താഴത്തെ നിലയിലാണ് മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കൈയിലും ശരീരത്തും പരുക്കുണ്ട്. മൃതദേഹ പരിശോധന പോലീസ് നടത്തി വരികയാണ്. സംഭവുമായി ബന്ധപ്പെട്ട് റെജി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.

അപകടത്തില്‍പ്പെട്ട് ഒരു കാല്‍ മുറിച്ചു നീക്കിയ ആളാണ് ജോബി. ഇന്നലെ ജോബിയും റെജിയും കൂടി ഒരു മരണവീട് സന്ദര്‍ശിച്ച് മടങ്ങിയെത്തിയിരുന്നു. റെജി വീട്ടില്‍ തനിച്ചാണ് താമസം. ഇരുവരും ചേര്‍ന്ന് ഇന്നലെ മദ്യപിച്ചിരുന്നുവെന്നും പറയുന്നു. ഇന്ന് രാവിലെ റെജി തന്നെയാണ് പഞ്ചായത്ത് മെമ്പറെ വിളിച്ച് ജോബി മരിച്ചു കിടക്കുന്നുവെന്ന വിവരം അറിയിച്ചത്. താന്‍ വീടിന്റെ ഒന്നാം നിലയില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും എണീറ്റ് വന്ന നോക്കിയപ്പോഴാണ് ജോബിയുടെ മൃതദേഹം കണ്ടത് എന്നുമാണ് മൊഴി. റെജി പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.