- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും ഇ.ഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരായി; ഈ കേസില്‍ വാദ്രയ്ക്ക് സമന്‍സ് അയക്കുന്നത് രണ്ടാം തവണ; ബിജെപിയുടെ രാഷ്ട്രീയ പകപോക്കല്‍ എന്ന് വാദ്രയുടെ പ്രതികരണം
ന്യൂഡല്‍ഹി: വയനാട് എംപി പ്രിയങ്കയുടെ ഭര്‍ത്താവും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാര്യാ സഹോദരനും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയ്ക്ക് അന്വേഷണവുമായി വീണ്ടും ഇ.ഡി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ലണ്ടനിലെ ഭൂമിയിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നാണ് ആരോപണം.
ഭൂമി ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡിക്ക് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടായിരുന്നു വാദ്ര ഇ ഡി ഓഫീസില്‍ കാല്‍നടയായി എത്തിയത്. ''ഇ ഡി കേസ് രാഷ്ട്രീയ പകപോക്കല്‍ ആണ്. തനിക്കെതിരായ രേഖകള്‍ ഇ ഡി കെട്ടിച്ചമച്ചതാണെന്നും രാജ്യത്തിന് അനുകൂലമായി സംസാരിക്കുമ്പോള്‍ തന്നെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത് എല്ലായ്പ്പോഴും എല്ലാ ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്, അത് തുടരുന്നു'' എന്നും വാദ്ര ചോദ്യം ചെയ്യലിന് ഹാജരാക്കവേ പ്രതികരിച്ചു.
2008ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ഷിക്കോപൂര്‍ ഗ്രാമത്തില്‍ ഏകദേശം മൂന്ന് ഏക്കര്‍ ഭൂമി ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. തുടര്‍ന്ന് വാദ്രയുടെ കമ്പനി ഈ ഭൂമിയുടെ 2.71 ഏക്കര്‍ 58 കോടി രൂപയ്ക്ക് ഹരിയാനയിലെ തന്നെ റിയല്‍ എസ്റ്റേറ്റ് ഭീമനായ ഡിഎല്‍എഫിന് വിറ്റു. ഈ വരുമാനം ഒരു കള്ളപ്പണ പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതിനാലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.
പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം) പ്രകാരം വാദ്രയുടെ മൊഴി ഇ.ഡി ഔദ്യോഗികമായി രേഖപ്പെടുത്തും. അടുത്ത ഘട്ടങ്ങളില്‍ ഇദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാമെന്ന സൂചനയുമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുടുംബ ബന്ധങ്ങളാല്‍ ശ്രദ്ധാകേന്ദ്രമായ റോബര്‍ട്ട് വാദ്രയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.