- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റോബോട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ലാഭമെന്ന് വിശ്വസിപ്പിച്ചു; തട്ടിയെടുത്തത് 43.59 ലക്ഷം രൂപ; നാലുമുഖ്യപ്രതികളില് ജസീല അറസ്റ്റില്‍; പിടികൂടിയത് കണ്ണൂര്‍ ടൗണ്‍ പൊലീസ്; മരിച്ചവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് 13 കോടി തട്ടിയ കേസിലും ജസീലയുടെ കൂട്ടാളികള്‍ പ്രതികള്‍
റോബോട്ടിക് ട്രേഡിങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജസീല റിമാന്‍ഡില്‍
കണ്ണൂര്‍: കണ്ണൂരിലെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ജസീല അറസ്റ്റിലായി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. അഷ്‌റഫ് എന്നയാളെ വഞ്ചിച്ച കേസിലെ നാലുപ്രതികളില്‍ ഒരാളാണ് ജസീല. റോബോട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 43.59 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. കൊല്ലം കടയ്ക്കല്‍ സ്വദേശി എ.അഷ്‌റഫിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഏച്ചൂര്‍ സ്വദേശികളായ ജസീല, നസീബ്, ജംഷീര്‍, കോഴിക്കോട് കക്കോടി സ്വദേശി നജ്മല്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. 2021ല്‍, സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പണം തട്ടിയെടുത്തെന്നാണു പരാതി.
താണയിലെ സാറ എഫ്എക്‌സ് എന്ന കമ്പനിക്കു വേണ്ടി പണം ശേഖരിക്കുന്ന കാപ്‌സ്‌ഗെയ്ന്‍ എന്ന സ്ഥാപനത്തില്‍ വച്ച് ജസീലയും നസീബും അഷ്‌റഫിന്റെ ഒമാനിലെ ഓഫിസില്‍ വച്ച് ജംഷീറും നജ്മലും റോബട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം തരാമെന്നും തുകയുടെ 20% എല്ലാ മാസവും തരാമെന്നും പറഞ്ഞതായാണു പരാതിയിലുള്ളത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രേഡിങ് നടത്താമെന്നു വാഗ്ദാനം ചെയ്ത്, 2022 ജൂണ്‍ 4നും ഒക്ടോബര്‍ 3നും ഇടയില്‍ 43.59 ലക്ഷം രൂപ വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റും പ്രതികള്‍ കൈക്കലാക്കിയതായും പരാതിയില്‍ ആരോപിക്കുന്നു.
ക്രിപ്‌റ്റോ കറന്‍സിയുടെയും വിദേശ വ്യാപാരത്തിന്റെയും പേരില്‍ വാരം സ്വദേശി അമീന്റെ പക്കല്‍ നിന്നു 13 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ജസീലയുടെ കൂട്ടാളികളായ ജംഷീറും നജ്മലുമാണ് പ്രതികള്‍. മരിച്ചു പോയ, ഉത്തരേന്ത്യന്‍ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഈ കേസില്‍ പ്രതികള്‍ പണമിടപാട് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം 30% ലാഭം വാഗ്ദാനം ചെയ്ത് 2021 നും 2023നും ഇടയില്‍ വാരം സ്വദേശിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.
3 ലക്ഷം രൂപയാണ് മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിന് ബന്ധുക്കള്‍ക്ക് ഇവര്‍ നല്‍കിയിരുന്നത്. കള്ളപ്പണമോ, തട്ടിപ്പിലൂടെ സമ്പാദിച്ച പണമോ കൈമാറുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. വന്‍തുകകളുടെ കൈമാറ്റം ശ്രദ്ധയില്‍ പെട്ട് ബാങ്കുകള്‍ അക്കൗണ്ടുകളെ കുറിച്ച് അന്വഷിക്കുമ്പോഴേക്കും ഇടപാടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. തട്ടിപ്പിനിരയായ വാരം സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൈപ്പറ്റിയ 13 കോടിയില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ മരിച്ചവരുടെ അക്കൗണ്ടുകളിലാണ് നിക്ഷേപിക്കപ്പെട്ടിരുന്നത്. അക്കൗണ്ടുകളിലെ തിരിമറി അറിയാതെ ഇരകള്‍ നേരിട്ട് ഈ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയായിരുന്നു. കേസ് വന്നാല്‍ മുങ്ങാന്‍ സൗകര്യത്തിനായിരുന്നു ഇത്.
മരിച്ചവരുടെ അക്കൗണ്ട് വിവരങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരപ്പെടുത്തി തട്ടിപ്പുകാര്‍ക്ക് കൈമാറാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. 13 കോടി വാരം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ വാരം സ്വദേശി ജംഷീര്‍, കോഴിക്കോട് സ്വദേശി നജ്മല്‍ എന്നിവരാണ് പ്രതികള്‍.