- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തായ്വാനിലേക്ക് അയച്ച പാഴ്സലില്‍ നിന്നും എം.ഡി.എം.എയും മറ്റുവസ്തുക്കളും പിടിച്ചെടുത്തെന്ന് വാട്‌സ്ആപ് കോള്‍; പിന്നാലെ ഐ.പി.എസ് ഓഫീസറെന്ന് പരിചയപ്പെടുത്തി ആള്‍ സ്‌കൈപ്പില്‍; രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ അറസ്റ്റില്‍ വയോധികക്ക് നഷ്ടമായത് 3.8 കോടി
രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ അറസ്റ്റില്‍ വയോധികക്ക് നഷ്ടമായത് 3.8 കോടി
മുംബൈ: ഡിജിറ്റല്‍ തട്ടിപ്പുകാര്‍ പലവഴികള്‍ പരിശോധിക്കുന്ന കാലമാണ്. അടുത്തിടെ ഡിജിസ്റ്റല്‍ അറസ്റ്റെന്ന പേരില്‍ തട്ടിപ്പുകാരെത്തി നിരവധി ആളുകളില്‍ നിന്നും പണം തട്ടിയ സംഭവങ്ങളുണ്ട്. കേരളത്തില്‍ നിന്നടക്കം ഈ തട്ടിപ്പില്‍ പണം പോയവര്‍ ഏറെയുണ്ട്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ അറസ്റ്റ് കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് വയോധികയില്‍നിന്ന് തട്ടിയെടുത്തത് 3.8 കോടി രൂപയാണ്.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പാണിത്. മുംബൈ സ്വദേശിനിയായ 77 കാരിക്കാണ് വന്‍ തുക നഷ്ടമായത്. തായ്വാനിലേക്ക് അയച്ച പാഴ്‌സല്‍ പിടിച്ചെടുത്തെന്ന് പറഞ്ഞ് വയോധികക്ക് വാട്‌സ്ആപ് കോള്‍ ലഭിക്കുകയായിരുന്നു. മാരക മയക്കുമരുന്നായ എം.ഡി.എം.എ, അഞ്ച് പാസ്‌പോര്‍ട്ടുകള്‍, ബാങ്ക് കാര്‍ഡുകള്‍ എന്നിവ പാഴ്‌സലില്‍നിന്നും കണ്ടെടുത്തെന്നും പറഞ്ഞു. എന്നാല്‍, അത്തരമൊരു പാഴ്‌സല്‍ അയച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, ആധാര്‍ കാര്‍ഡ് അടക്കം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാന്‍ സ്‌കൈപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഐ.പി.എസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ആള്‍ സ്‌കൈപ്പില്‍ വന്നു. 24 മണിക്കൂര്‍ വീഡിയോ കോളില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വേണമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാര്‍ ഇത് കൈക്കലാക്കി. ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു.
ആദ്യം 15 ലക്ഷം രൂപ വയോധിക കൈമാറി. വിഡിയോ കോള്‍ കട്ടാകുമ്പോള്‍ വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. ഇത് ഒരു മാസം നീണ്ടു. സംശയം തോന്നിയപ്പോഴേക്കും 3.8 കോടി രൂപ നഷ്ടമായിരുന്നു. ഒടുവില്‍ ഇക്കാര്യം മകളെ അറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം രാജ്യത്ത് 'ഡിജിറ്റല്‍ അറസ്റ്റും' മറ്റ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും വര്‍ധിക്കുന്നതോടെ അന്വേഷണത്തിന് ഉന്നതതല സമിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയും രൂപീകരിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ബോധവത്കരണത്തിനായി സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും രാജ്യവ്യാപകമായി പ്രചാരണപരിപാടികളും നടത്തും.
ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സൈബര്‍ക്രൈം കോഡിനേഷന്‍ സെന്റര്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോലീസ് മേധാവികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ സൈബര്‍ കേസുകളും സെന്ററിന് കൈമാറണമെന്നാണ് നിര്‍ദേശം. ഈ ര്‍ഷം ആറായിരത്തിലധികം ഡിജിറ്റല്‍ അറസ്റ്റ് പരാതികളാണ് പോലീസിന് ലഭിച്ചത്.
ആറുലക്ഷം മൊബൈല്‍ നമ്പറുകള്‍ സസ്‌പെന്‍ഡ് ചെയ്തു. സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ 709 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം 'മന്‍ കി ബാത്തി'ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡിജിറ്റല്‍ അറസ്റ്റിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപയെന്ന് ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ആകെ 1776 കോടി രൂപ ഇന്ത്യക്കാര്‍ക്ക് നഷ്ടമായി. സൈബര്‍ കേസുകളില്‍ അടിയന്തര നടപടികള്‍ എടുത്ത് വേഗം കുറ്റവാളികളെ കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം.