- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കുമടക്കം വ്യാപക കൈക്കൂലി; ആര്‍ടി ഓഫീസുകളിലെ 'ഇടപാട്' ഗൂഗിള്‍ പേ വഴി; ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സില്‍ പിടിച്ചത് ലക്ഷങ്ങള്‍; 21 ഉദ്യോഗസ്ഥര്‍ 'കൈപ്പറ്റിയത്' ഏഴ് ലക്ഷത്തിലേറെ
ആര്‍ടി ഓഫീസുകളിലെ 'ഇടപാട്' ഗൂഗിള്‍ പേ വഴി
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ഗൂഗിള്‍ പേ വഴി ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തി വിജിലന്‍സ്. ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് മിന്നല്‍ പരിശോധനയിലൂടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് മുതല്‍ സംസ്ഥാനത്തെ 81 മോട്ടോര്‍ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. 11 ഏജന്റുമാരില്‍ നിന്നായി പരിശോധനക്കിടെ 1,40,1760 രൂപ പിടികൂടിയതായി വിജിലന്‍സ് അറിയിച്ചു. 21 എംവിഡി ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി മാത്രം 7 ലക്ഷത്തിലധികം രൂപ കൈക്കൂലി വാങ്ങിയതായും വിജിലന്‍സ് കണ്ടെത്തി. ഗൂഗിള്‍ പേ വഴി നടന്ന പണമിടപ്പാടിന്റെ സ്‌ക്രീന്‍ഷോട്ടുകളടക്കം പുറത്തുവന്നു.
ശനിയാഴ്ച വൈകിട്ട് 4.30 നാണ് ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് എന്ന പേരില്‍ വിജലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 81 ഓഫീസുകളില്‍ വിജിലന്‍സ് സംഘം അന്വേഷണം നടത്തി. ഞായറാഴ്ച പുലര്‍ച്ചെ വരെ റെയ്ഡ് നീണ്ടു. 7,84,598 രൂപ ഗൂഗിള്‍ പേ വഴി ഉദ്യോഗസ്ഥര്‍ അനധികൃതമായി പണം സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തി. വിശദമായ പരിശോധനയില്‍ കൈക്കൂലി തുക ഇനിയും ഉയരുമെന്നാണ് വിവരം.
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ഒരേ സമയം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും ഏജന്റുമാര്‍ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് എന്ന പേരില്‍ പരിശോധന നടത്തിയത്.
ഡ്രൈവിംഗ് ടെസ്റ്റുകള്‍ പാസാക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമായി അപേക്ഷകരില്‍ നിന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ഏജന്റുമാരും പണം വാങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഈ രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. പല ഓഫീസുകളിലും ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധം നിലനിന്നിരുന്നതായും പരിശോധനയില്‍ വ്യക്തമായി.
മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 21 ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി വലിയ തുകകള്‍ കൈപ്പറ്റിയതായി കണ്ടെത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.