- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് പെര്‍മിറ്റ് പൂതുക്കി നല്കാന് ആവശ്യപ്പെട്ടത് കൈക്കൂലിക്ക് പുറമേ വിദേശ മദ്യവും! എറണാകുളം ആര്‍ടിഒയ്ക്കെതിരെ വിജിലന്‍സിന് കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍; അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം; ടിഎം ജെയ്‌സണ്‍ പണി പോകും; ആ അഴിമതി ഉദ്യോഗസ്ഥനെ വീഴ്ത്തിയത് ഇങ്ങനെ
എറണാകുളം: കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍.ടി.ഒ വിജിലന്‍സിന്റെ പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതി സൂചനകള്‍. ടി.എം. ജെയ്‌സണ്‍ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്‌സന്റെ വീട്ടില്‍നിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് വിജിലന്‍സ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആര്‍.ടി.ഒയെ അറസ്റ്റ് ചെയ്തത്. ജെയ്‌സണിന്റെ സ്വത്തുക്കളില്‍ വിജിലന്‍സ് വിശദ അന്വേഷണം നടത്തും. അഴിമതിക്കാരുടെ പട്ടിക നേരത്തെ വിജിലന്‍സ് തയ്യാറാക്കിയിരുന്നു. ഇതില്‍ പെട്ട ഉദ്യോഗസ്ഥനാണ് കുടുങ്ങിയതെന്നാണ് സൂചന.
ഫോര്‍ട്ട്‌കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതിന് ജെയ്‌സണ്‍ കൈക്കൂലി ചോദിച്ചെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയ്‌സണെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ജെയ്‌സണും മറ്റുചില ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്ത വിദേശമദ്യത്തില്‍ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്. ജെയ്‌സണേയും രണ്ട് ഏജന്റുമാരേയും വിജിലന്‍സ് ചോദ്യം ചെയ്ത് വരികയാണ്.
റോഡില്‍വെച്ച് പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജെയ്‌സണെ വിജിലന്‍സ് സംഘം പിടികൂടിയത്. രാമു, സജി എന്നീ കണ്‍സള്‍ട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍. സജിയാണ് ജെയ്‌സന്റെ ഏറ്റവും അടുത്തയാള്‍. വീടിനുപുറമേ ജെയ്‌സന്റെ ഓപീസിലും റെയ്ഡ് നടത്തി. റബ്ബര്‍ ബാന്‍ഡിട്ട് ചുരുട്ടി വെച്ച നിലയില്‍ അറുപതിനായിരത്തോളം രൂപയും കിട്ടി. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ അടക്കം പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. ബന്ധുക്കളുടെ നിക്ഷേപങ്ങളും പരിശോധിക്കും.
ജെര്‍സണ്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ജെയ്‌സണിന്റേയും കുടുംബത്തിന്റേയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. പിടിയിലായ ഉദ്യോഗസ്ഥനെതിരെ ഗതാഗത വകുപ്പ് നടപടിയെടുക്കും. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും.
ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് നടപടി. സുഹൃത്തിന്റെ ട്രാവല്‍സില്‍ മാനേജരായിരുന്നു പരാതിക്കാരനായ യുവാവ്. സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം-ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസിന്റെ റൂട്ട് പെര്‍മിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെര്‍മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്ന് ആര്‍.ടി.ഒ ജെര്‍സണ്‍ ആറാം തീയതി വരെ താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കുകയും അതിനുശേഷം പലകാരണങ്ങള്‍ പറഞ്ഞ് മനപൂര്‍വം പെര്‍മിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു. പിന്നാലെ ഏജന്റായ രാമപടിയാര്‍ പരാതിക്കാരനെ നേരില്‍ കണ്ട് പെര്‍മിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കയ്യില്‍ 5,00 രൂപ കൈക്കൂലി നല്‍കണമെന്ന് ആര്‍.ടി.ഒ പറഞ്ഞതായി അറിയിച്ചു. ഇതോടെ പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.