- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശബരിമല കൊടിമര പുനര്‍നിര്‍മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തില്ല; മോഹന്‍ലാലിന്റെ മൊഴിയും രേഖപ്പെടുത്താന്‍ വിജിലന്‍സ്; നാണയമായി സ്വര്‍ണം നല്‍കിയെന്ന് ഷാജി കൈലാസിന്റെ മൊഴി; കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍
ശബരിമല കൊടിമര പുനര്‍നിര്‍മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സംഭാവന നല്‍കിയവരുടെ മൊഴിയെടുത്ത് വിജിലന്‍സ്. സ്വര്‍ണം നല്‍കിയ 19 പേരുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക തിരക്ക് കാരണം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. 22-ാം തീയതിക്ക് ശേഷം അറിയിക്കാമെന്നാണ് സുരേഷ് ഗോപി വിജിലന്‍സിനെ അറിയിച്ചത്. നേരത്തെ സിനിമാ സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
നാണയമായി സ്വര്‍ണം നല്‍കിയെന്നാണ് മൊഴി. അഭിഭാഷക കമ്മിഷനായിരുന്ന എഎസ്പി കുറുപ്പിനെ സ്വര്‍ണം ഏല്‍പ്പിച്ചു. നല്‍കിയ സ്വര്‍ണത്തിന്റെ കണക്കും ഇവര്‍ വെളിപ്പെടുത്തി. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ആകെ വേണ്ടിവന്ന 9573 ഗ്രാം സ്വര്‍ണത്തില്‍ 412.010 ഗ്രാം 27 ഭക്തരില്‍ നിന്നുള്ള സംഭാവനയായിരുന്നു. ഇതെല്ലാം സ്വീകരിച്ചത് കുറുപ്പിന്റെ നേതൃത്വത്തിലാണ്.
2017ല്‍ നടന്ന കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വര്‍ണം സ്വീകരിച്ചതില്‍ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, രഞ്ജി പണിക്കര്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ എസ് പി കുറുപ്പ് സമര്‍പ്പിച്ച പട്ടികയില്‍ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഇതില്‍ നേരത്തെ സുരേഷ് ഗോപി വിശദീകരണം നല്‍കിയിരുന്നു. കൊടിമരത്തിലെ വാജിവാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഷ്ടദിക്പാലക ശില്പങ്ങളില്‍ തന്റെ മകന്‍ ഗോകുല്‍ സുരേഷും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേര്‍ന്നാണ് സ്വര്‍ണം ഒട്ടിച്ചതെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.
കൊടിമരത്തിന്റെ നിര്‍മാണം നടത്തിയ അനന്തന്‍ ആചാരിയില്‍ നിന്ന് അന്വേഷണം സംഘം മൊഴിയെടുത്തിട്ടുണ്ട്. സുതാര്യമായാണ് നടപടികള്‍ സ്വീകരിച്ചതെന്ന് പി.പി അനന്തന്‍ ആചാരിമൊഴി നല്‍കി. ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. അതേസമയം കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണ കൊടിമരം പുനര്‍നിര്‍മാണത്തില്‍ ഉള്ള അന്വേഷണ പുരോഗതി വിജിലന്‍സും കോടതിയെ അറിയിക്കും.
സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണല്‍ മെട്രോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വന്നാല്‍ മാത്രമേ ശാസ്ത്രീയതെളിവുകള്‍ അടിസ്ഥാനപ്പെടുത്തി എസ്‌ഐടിക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ ശേഖരണത്തില്‍ ആചാരലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തന്ത്രി ഹൈക്കോടതിയില്‍ കത്ത് സമര്‍പ്പിച്ചിട്ടുണ്ട് . ഈ വിഷയങ്ങളെല്ലാം ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും.


