തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക വഴിത്തിരിവുകള്‍. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തലുകളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണ്ണക്കൊള്ളയുടെ ബുദ്ധികേന്ദ്രം പത്മകുമാറാണെന്ന വിധത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019 ഫെബ്രുവരി ബോര്‍ഡിനു മുന്നില്‍ പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ നടപടി തുടങ്ങിയത് അതിനുശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടിക്രമം മറികടന്ന് പത്മകുമാര്‍ പോറ്റിയെ സഹായിച്ചെന്നും സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ ചെമ്പുപാളികള്‍ എന്ന് എഴുതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദേവസ്വം മുന്‍ കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി.പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യമെടുത്തെന്നും എന്‍.വാസു മൊഴി നല്‍കിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാന്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും വാസുവിന്റെ മൊഴിയിലുണ്ട്.

പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളാണെന്ന് വ്യക്തമാണ്. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള നിര്‍ദേശം ദേവസ്വം ബോര്‍ഡില്‍ ആദ്യം അവതരിപ്പിച്ചത് എ പത്മകുമാര്‍ എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. അപേക്ഷ താഴെ തട്ടില്‍ നിന്നും വരട്ടെ എന്ന് ബോര്‍ഡ് നിര്‍ദേശിച്ചതോടെ മുരാരിയില്‍ നിന്നും കത്തിടപാട് തുടങ്ങി. പോറ്റിക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ പത്മകുമാര്‍ നല്‍കിയെന്നാണ് ഉദ്യോഗസ്ഥമൊഴി. ബോര്‍ഡ് മിനുട്‌സില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ തിരുത്തല്‍ വരുത്തിയെന്നും എസ്‌ഐടി കണ്ടെത്തി. നിങ്ങള്‍ വരുമെന്ന് ഉറപ്പായിരുന്നു എന്നാണ് അന്വേഷണ സംഘത്തോട് പത്മകുമാര്‍ പ്രതികരിച്ചത്.

അതേസമയം, എ പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും പത്മകുമാറിന്റെ ഇടപെടല്‍ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. നിര്‍ണായക തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാല്‍ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്റ്റിന് മുന്‍പ് കരുക്കള്‍ നീക്കിയത്.

സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കടകംപള്ളിയിലേക്ക് എത്തുക. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.

താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു. ആ ദൈവതുല്യന്‍ ആര് എന്നുള്ളതാണ് ഇനി ഏറ്റവും പ്രധാന ചോദ്യമായി ഉയരുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനുള്ളില്‍ പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്.

പത്മകുമാറിന്റെ അറസ്റ്റ് സിപിഎം ചര്‍ച്ച ചെയ്യും. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പത്മകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടായ പ്രതിസന്ധി യോഗം വിലയിരുത്തും. പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും എന്നാണ് ആശങ്ക. പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ സിപിഎം ചര്‍ച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, പത്മകുമാറിന്റെ വീടിന് പൊലീസ് കാവല്‍ തുടരുന്നു. വീട്ടിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷ. രാഷ്ട്രീയ സംഘടനകള്‍ വീട്ടിലേക്ക് ഇതുവരെ പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റം നിലനില്‍ക്കുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളെ പരസ്യ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ബാധകമല്ലാത്ത ഹൈന്ദവ സംഘടകര്‍ ഉള്‍പ്പെടെ വീട്ടിലേക്ക് പ്രതിഷേധം നടത്താനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.