തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ ആകെ മാറ്റിയിട്ടില്ലെന്ന് വിഎസ്എസ് സി ശാസ്ത്രജ്ഞര്‍ മൊഴി നല്‍കി. ശബരിമല കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്നും കവര്‍ന്നത് ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണമാണെന്നും ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.

ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണമാണ് കവര്‍ന്നതെന്ന് ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചു എന്നാണ് വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴി. ഇപ്പോഴുള്ളത് ഒറിജിനല്‍ ചെമ്പ് പാളികള്‍ തന്നെയാണ്. പാളികളില്‍ ഉണ്ടായത് രാസഘടനാ മാറ്റമെന്ന മൊഴിയുടെ വിശദാംശങ്ങള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും.

പാളി ഉള്‍പ്പെടെ രാജ്യാന്തര റാക്കറ്റുകള്‍ക്ക് കൈമാറിയോയെന്ന സംശയത്തിനാണ് ശാസ്ത്രീയമായ പരിശോധനയിലൂടെ അറുതിയാകുന്നത്. ചില പാളികള്‍ക്കുണ്ടായ മാറ്റത്തില്‍ വിഎസ്എസ്‌സി വിശദീകരണം നല്‍കി. മെര്‍ക്കുറിയും അനുബന്ധ രാസലായനികളും ചേര്‍ത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികള്‍ക്കുണ്ടായ മാറ്റത്തില്‍ കാരണമെന്നാണ് വിഎസ്എസ്ഇ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. പാളികള്‍ മാറ്റി പുതിയവ വെച്ചതെന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളില്‍ സ്വര്‍ണം ഗണ്യമായി കുറഞ്ഞവെന്നുമാണ് വ്യക്തമാകുന്നത്.

കട്ടിള പഴയത് തന്നെയായിരുന്നു, പക്ഷെ സ്വര്‍ണം കവര്‍ന്നു. പാളികളില്‍ സംഭവിച്ചിരുന്നത് രാസഘടന വ്യത്യയാനം മാത്രമാണെന്നും വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയില്‍ പറഞ്ഞു. മൊഴിയുടെ വിശദാംശങ്ങള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. പഴയ വാതിലില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധനയും നിര്‍ണായകമാണ്. പരിശോധന താരതമ്യ ഫലം ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിഎസ്എസ്‌സി അറിയിച്ചു.

സ്വര്‍ണ്ണക്കൊള്ള കേസില്‍ ഏറെ നിര്‍ണായകമായ ശാസ്ത്രീയ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍ തുടരും. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. കേസില്‍ പങ്കജ് ഭണ്ഡാരി ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളുടെ റിമാന്‍ഡ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. തന്നെ കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെന്ന് തന്ത്രി വാദിച്ചെങ്കിലും, കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് തവണ സ്വര്‍ണ്ണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും അന്വേഷണ സംഘം വാദിച്ചു. തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ദ്വാരപാലക പാളികള്‍ കൊടുത്തുവിടാന്‍ അനുമതി നല്‍കിയത് തന്ത്രി സ്വന്തം കൈപ്പടയിലാണ് എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, കേസില്‍ പ്രതികളായവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനാലാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡും 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടാന്‍ എസ്‌ഐടി. രണ്ട് അംഗങ്ങളുടെ പാനല്‍ എസ്‌ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടര്‍ ചന്ദ്രശേഖരന്‍ നായര്‍, വിജിലന്‍സ് സ്‌പെഷ്യല്‍ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്.

കുറ്റപത്രം കാര്യക്ഷമമാക്കാന്‍ പ്രോസിക്യൂട്ടര്‍മാരുടെ നിയമസഹായം വേണമെന്ന് എസ്‌ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാന്‍ കൂടുതല്‍ നിയമസഹായം വേണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം. കട്ടിള പാളി ദ്വാരപാലക പാളി കേസുകളില്‍ പ്രത്യേകം പ്രത്യേകം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനുള്ള സാധ്യതയും തേടും. പ്രതിഭാഗത്ത് ഹാജരാകുന്നത് രണ്ടു മുന്‍ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണ്.