കൊച്ചി: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ മലപ്പുറം സ്വദേശി എന്‍ഐഎ പിടിയില്‍. കേസില്‍ 34-ാം പ്രതിയായ റംസാന്‍ പാറഞ്ചേരി എന്ന സാബു പുല്ലാര (40)യെ ആണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ യുഎഇയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്കായി എന്‍ഐഎ 2020ല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

ഫെബ്രുവരി 20നായിരുന്നു സാബു പുല്ലാരയുടെ അറസ്റ്റ്. കേരളത്തിലെ ഒരു വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്‍ഐഎ. എമിഗ്രേഷന്‍ അധികൃതരാണ് ലുക്ക് ഔട്ട് നോട്ടീസുള്ള പ്രതിയെ തിരിച്ചറിഞ്ഞത്. മാര്‍ച്ച് ഒന്നിനാണ് കൊച്ചിയിലെ കോടതി എന്‍ഐഎയ്ക്ക് കസ്റ്റഡിയില്‍ നല്‍കിയത്. ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന് എന്‍ഐഎ അറിയിച്ചു. സ്വര്‍ണ്ണ കടത്ത് സംഘത്തിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ചും സാമ്പത്തിക കരുത്തിനെ പറ്റിയുമെല്ലാം എന്‍ഐഎയ്ക്ക ചോദ്യം ചെയ്യലില്‍ നിന്നും സൂചനകള്‍ കിട്ടി. ഇത് അനുസരിച്ച് നിര്‍ണ്ണായക അറസ്റ്റുകള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. സാബു പുല്ലാടിന്റെ കേരളത്തിലെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ഇനിയും പുറത്തു വിട്ടിട്ടില്ല.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ച സംഘത്തില്‍ റംസാന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. യുഎഇയില്‍ ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ഇയാളുടെ അറസ്റ്റ് നിര്‍ണായകമാണ്. കൂടാതെ, പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇയിലെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും അവരുടെ ഫണ്ടിംഗിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

കേസില്‍ ഏകദേശം 35 പ്രതികളാണുള്ളത്. ഇതുവരെ 25 ഓളം പേരെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം ജൂണ്‍ 30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി, ജൂലൈ 5 നാണ് അത് തുറക്കപ്പെടുന്നത്. 2019 നവംബര്‍ മുതല്‍ 21 തവണയായി ആകെ 166 കിലോഗ്രാം സ്വര്‍ണ്ണം നയതന്ത്ര ചാനല്‍ വഴി അയച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ അഞ്ചുപേരെ കൂടി പ്രതിചേര്‍ത്ത് എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2020 നവംബറിലാണ്. ഇതില്‍ നാലുപേര്‍ യു.എ.ഇയിലാണെന്നും എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു, വിദേശത്തുനിന്ന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ഇവര്‍ സഹായിച്ചതിനാണ് പ്രതിചേര്‍ത്തതെന്നും ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. ഈ പ്രതി പട്ടികയിലെ ഒരാളാണ് പൂക്കാട്ടൂര്‍ പുല്ലാര സ്വദേശി റംസാന്‍ പാറഞ്ചേരിയും.

മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്്ലം( 44), വേങ്ങര സ്വദേശി അബ്ദുല്‍ ലത്തീഫ് (47), കൊടക്കല്‍ സ്വദേശി നസറുദ്ദീന്‍ ഷാ (32), കോഴിക്കോട് ഓമശേരി സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്ന മഞ്ചു(35) എന്നിവരെയാണ് റംസാനൊപ്പം പ്രതികളാക്കി കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് അന്ന് സമര്‍പ്പിച്ചത്. ഇതില്‍ മുഹമ്മദ് അസ്്ലം ഒഴികെയുള്ള പ്രതികളാണ് യു.എ.ഇയിലുള്ളത് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു പേരെ കൂടി പ്രതിചേര്‍ത്തത്.