മുംബൈ: സോഷ്യല്‍ മീഡിയയിലൂടെയുള്ള തട്ടിപ്പിന് ഇരയായി പ്രശസ്ത മറാത്തി നടന്‍ സാഗര്‍ കരന്ദേ. ടാസ്‌ക് തട്ടിപ്പ് എന്ന പേരില്‍ നടന്ന സൈബര്‍ തട്ടിപ്പിലൂടെ നടന് 61 ലക്ഷം രൂപ നഷ്ടമായി. പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്ന തട്ടിപ്പുകാരുടെ വാഗ്ദാനത്തില്‍ വിശ്വാസം വച്ച് സാഗര്‍ നിരവധി തവണ പണം കൈമാറുകയായിരുന്നു.

തുടക്കത്തില്‍ ചെറിയ തുകകളായി പ്രതിഫലം ലഭിച്ചതോടെ യാഥാര്‍ഥ്യമെന്ന വിശ്വാസം നടനില്‍ വര്‍ദ്ധിച്ചു. പിന്നീട് കൂടുതല്‍ ലാഭത്തിനായി വലിയ തുക നിക്ഷേപിക്കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. പണം നല്‍കിയെങ്കിലും തിരികെ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് സംഭവത്തില്‍ സംശയം തോന്നിയ സാഗര്‍ പോലീസില്‍ പരാതി നല്‍കി. കേസില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.

വിഡിയോ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും പണമെന്ന് പറഞ്ഞ് ആളുകളെ ആകര്‍ഷിക്കുന്ന ഈ തട്ടിപ്പിനിരയാകുന്നത് സാധാരണക്കാരുടെ കൂടെ ഉന്നത വിദ്യാഭ്യാസമുള്ളവരും കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരുമാണെന്ന് പൊലീസ് വ്യക്തമാക്കി. ചെറിയ ടാസ്‌കുകള്‍ക്ക് പണം നല്‍കി വിശ്വാസം നേടിയ ശേഷമാണ്, വലിയ തുകകളെ ലക്ഷ്യമിട്ട് നിക്ഷേപം ആവശ്യപ്പെടുന്നത് എന്നതാണ് തട്ടിപ്പിന്റെ മോഡസ് ഒപ്പറാണ്ടി.

പൊതുജനങ്ങള്‍ ഇത്തരത്തിലുള്ള കപട പണവാഗ്ദാനങ്ങളില്‍ നിന്ന് മുന്നറിയിപ്പോടെയും സൂക്ഷ്മതയോടെയും സമീപിക്കണമെന്നും, സൈബര്‍ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.