- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുലര്‍ച്ചെ രണ്ടരയോടെയാണ് അക്രമിയെത്തിയത്; അക്രമി വീട്ടിലേക്ക് കയറിയപ്പോള്‍ കരീനക്കൊപ്പം മുറിയിലായിരുന്നു; ഇളയമകന്‍ ജെയുടെ മുറിയിലേക്കാണ് അയാള്‍ എത്തിയത്; ഏലിയാമ്മ ഫിലിപ്‌സിന്റെ കരച്ചില്‍ കേട്ടാണ് താന്‍ മുറിയിലേക്ക് എത്തിയത്; സെയ്ഫ് അലി ഖാന്റെ മൊഴി പുറത്ത്
സെയ്ഫ് അലി ഖാന്റെ മൊഴി പുറത്ത്
മുംബൈ: ബാന്ദ്രയിലെ വീട്ടിലുണ്ടായ അക്രമത്തെ സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ബാന്ദ്ര പൊലീസിന് സെയ്ഫ് അലി ഖാന്‍ നല്‍കിയ മൊഴിയിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് സെയ്ഫ് അലി ഖാന്‍ പൊലീസിന് മുമ്പാകെയെത്തി മൊഴി നല്‍കിയിരിക്കുന്നത്.
11ാം നിലയിലെ കിടപ്പുമുറിയില്‍ കരീനക്കൊപ്പമായിരുന്നു സംഭവമുണ്ടാവുമ്പോള്‍ താന്‍. പുലര്‍ച്ചെ രണ്ടരയോടെയാണ് അക്രമിയെത്തിയത്. ഇളയമകന്‍ ജെയുടെ മുറിയിലേക്കാണ് ഇയാള്‍ എത്തിയത്. അവന്റെ ആയ ഏലിയാമ്മ ഫിലിപ്‌സിന്റെ കരച്ചില്‍ കേട്ടാണ് താന്‍ മുറിയിലേക്ക് എത്തിയത്.
അക്രമിയെ തടയാന്‍ താന്‍ ശ്രമിച്ചു. എന്നാല്‍, അയാളുടെ കൈവശം കത്തിയുണ്ടായിരുന്നു. അയാള്‍ എന്നെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ഇതിനിടെ അക്രമിയെ റൂമിലേക്ക് തള്ളിയിട്ട് വാതിലടച്ചാണ് ഇളയ മകനെ രക്ഷിച്ചതെന്നും സെയ്ഫ് അലി ഖാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, സെയ്ഫ് അലിഖാന്റെ കഴുത്തിനും കൈകള്‍ക്കും പുറംഭാഗത്തിനുമാണ് കുത്തേറ്റതെന്നും പൊലീസ് അറിയിച്ചു. സെയ്ഫ് അലിഖാന് ആറ് കുത്തുകളാണ് ഏറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള സെയ്ഫ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
അതിനിടെ മോഷണ ശ്രമത്തിനിടെ നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ ഷെരിഫുല്‍ ഫകിര്‍ കേസിലെ യഥാര്‍ഥ പ്രതിയല്ലെന്ന് പറഞ്ഞ് പിതാവ് രംഗത്തുവന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുല്‍ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പിതാവ് പ്രതികരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സെയ്ഫിന് ബാന്ദ്രയിലെ വസതിയില്‍വെച്ച് കുത്തേറ്റത്. മുംബൈ ലീലാവതി ആശുപത്രിയില്‍നിന്ന് കഴിഞ്ഞ ദിവസം താരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ''കുറ്റവാളിയെന്ന് സംശയിച്ചാണ് എന്റെ മകനെ അവര്‍ അറസ്റ്റ് ചെയ്തത്, എന്നാല്‍ സംഭവത്തിനു ശേഷം പൊലീസ് പുറത്തുവിട്ട ഫോട്ടോഗ്രാഫിലുള്ള ആള്‍ അവനല്ല. ചില സാമ്യതകള്‍ ഉണ്ടെന്നതിന്റെ പേരിലാണ് അവനെ പിടികൂടിയത്. അനധികൃതമായി ഇന്ത്യയില്‍ കടന്നതിനാല്‍ അവനെ ലക്ഷ്യമിടാന്‍ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആള്‍ക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാല്‍ ഷെരിഫുല്‍ എപ്പോഴും മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വെക്കുകയുമാണ് ചെയ്യാറുള്ളത്.
ഞങ്ങള്‍ പാവങ്ങളാണ്, പക്ഷേ ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുല്‍ ബംഗ്ലാദേശില്‍ ബൈക്ക് ടാക്‌സി ഓടിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണകാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി. ഷെരിഫുല്‍ ഖാലിദ സിയയെ പിന്തുണക്കുന്നതിനാല്‍ വലിയ എതിര്‍പ്പ് നേരിട്ടു. അതോടെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു'' -പിതാവ് രോഹുല്‍ അമീന്‍ പറയുന്നു.
ഷെരിഫുല്‍ എങ്ങനെയാണ് ഇന്ത്യയിലേക്ക് കടന്നതെന്ന കാര്യം അറിയില്ലെന്ന് അമീന്‍ പറഞ്ഞു. കൃത്യമായ വിവരം അവന്‍ പങ്കുവെച്ചില്ല. എന്നാല്‍ അവനെ പോലെ മറ്റുപലരും അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യയില്‍ കടന്നതിനു പിന്നാലെ പശ്ചിമ ബംഗാളിലെത്തി ഏതാനും ദിവസം അവിടെ റസ്റ്റാറന്റില്‍ ജോലി ചെയ്തിരുന്നു. അതിനു ശേഷം മുംബൈയിലെ ബാറിലെത്തി ജോലി ചെയ്തു.
നാട്ടുകാരില്‍ ഒരാളെ അവിടെ കണ്ടുമുട്ടിയെങ്കിലും കൂടെ താമസിപ്പിക്കാന്‍ അയാള്‍ തയാറായില്ല. സെയ്ഫിന് കുത്തേറ്റ് മൂന്ന് ദിവസത്തിനു ശേഷം വീട്ടിലേക്ക് ഷെരിഫുല്‍ 10,000 ടാക്ക അയച്ചുനല്‍കിയിരുന്നു. ഹവാല മാര്‍ഗമാണ് പണം കടത്തിയത്. ഷെരിഫുലിന് കവര്‍ച്ച നടത്താനോ ആരെയെങ്കിലും ആക്രമിക്കാനോ കഴിയില്ല. പൊലീസ് എളുപ്പത്തില്‍ അവനെ കുറ്റവാളിയാക്കുന്നു. തങ്ങള്‍ക്ക് നീതി വേണമെന്നും അമീന്‍ പ്രതികരിച്ചു.
രോഹുല്‍ അമീന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് ഷെരിഫുല്‍. മൂത്തയാള്‍ ധാക്കയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. ഇളയ മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഖുല്‍നയിലെ ചണ മില്ലിലെ ജോലിക്കാരനായിരുന്നു അമീന്‍. ഈ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, ഷെരിഫുള്‍ പത്താംക്ലാസില്‍ പഠനം നിര്‍ത്തുകയും ജോലി തേടി ഇറങ്ങുകയുമായിരുന്നു. ഷെരിഫുലിന്റെ മോചനത്തിനായി നയതന്ത്ര തലത്തില്‍ ഇടപെടാനുള്ള ശ്രമത്തിലാണ് കുടുംബം.