മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയായി വിരലടയാള പരിശോധന ഫലം. നടന്റെ മുംബൈയിലെ ഫ്ളാറ്റില്‍നിന്ന് ലഭിച്ച നിര്‍ണായക വിരലടയാളങ്ങള്‍ കേസിലെ പ്രതി ഷെരീഫുള്‍ ഇസ്ലാമിന്റേതുമായി പൊരുത്തമില്ലെന്നാണ് മുംബൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. സിഐഡിയുടെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലേക്ക് അയച്ച 20 സാമ്പിളുകളില്‍ 19 എണ്ണത്തിനും പ്രതിയുടേതുമായി സാമ്യമില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേ സമയം 1000 പേജുള്ള കുറ്റപത്രത്തില്‍ പ്രതിക്കെതിരെ നിര്‍ണായക തെളിവുകളുണ്ടെന്നാണ് വിവരം.

ബാത്റൂമിന്റെ വാതില്‍, കിടപ്പുമുറിയുടെ സ്ലൈഡിങ് ഡോര്‍, അലമാരയുടെ വാതില്‍ എന്നിവയില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പ്രതിയുടേത് അല്ല. കെട്ടിടത്തിന്റെ എട്ടാംനിലയില്‍നിന്ന് ലഭിച്ച ഒരു സാമ്പിളിന് മാത്രമാണ് പ്രതിയുടേതിനുമായി സാമ്യമുള്ളത്. എന്നാല്‍, വിരലടയാളങ്ങള്‍ പൊരുത്തപ്പെടാന്‍ 1000-ല്‍ ഒന്ന് സാധ്യതമാത്രമാണുള്ളതെന്ന് മുംബൈ പോലീസ് പറയുന്നു. പല ആളുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍നിന്നാണ് വിരലടയാളങ്ങള്‍ ശേഖരിക്കുന്നത്. അതിനാല്‍ വിരലടയാളരേഖ വിശ്വസനീയമായ തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നും മുംബൈ പോലീസ് വൃത്തങ്ങള്‍ പറയുന്നു.

കേസിലെ പ്രതിയായ ഷെരീഫുള്‍ ഇസ്ലാം ബംഗ്ലാദേശിലെ കുടുംബത്തിന് ബന്ധുവഴി നിയമവിരുദ്ധമായി പണം അയക്കാറുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സഹോദരീ ഭര്‍ത്താവ് അബ്ദുള്ള അലിമിന് അയാളുടെ മാനേജര്‍ അമിത് പാണ്ഡെ വഴി പണം അയക്കാറുണ്ടെന്നാണ് കുറ്റപത്രത്തിലുള്ളത്. ബെംഗളൂരുവിലെ അക്കൗണ്ട് വഴി ഇന്ത്യന്‍ രൂപ ബംഗ്ലാദേശിലേക്ക് നിയമവിരുദ്ധമായി അയച്ചുവെന്നാണ് ആരോപണം.

സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കഴിഞ്ഞ ആഴ്ചയാണ് മുംബൈ പോലീസ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുഖം തിരിച്ചറിയാന്‍ നടത്തിയ പരിശോധനാ ഫലം, വിരലടയാള പരിശോധനാഫലം, തിരിച്ചറിയില്‍ പരേഡിന്റെ റിപ്പോര്‍ട്ട്, ഫൊറന്‍സിക് ലാബിന്റെ കണ്ടെത്തലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കുറ്റപത്രത്തിലുണ്ട്.

ആക്രമണത്തിനിടെ നടന്റെ നട്ടെല്ലിന് സമീപം തറച്ച കത്തിയുടെ കഷണവും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കത്തിയുടെ ഭാഗവും പ്രതിയില്‍നിന്ന് കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നടനെ ആക്രമിക്കാനുപയോഗിച്ച ആയുധത്തിന്റെ ഭാഗമായിരുന്നു മൂന്ന് കഷണങ്ങളുമെന്ന് പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പോലീസ് പറഞ്ഞു. കുറ്റകൃത്യം വളരെ 'ഗൗരവ'സ്വഭാവമുള്ളതാണെന്നും പ്രതിക്കെതിരേ ശക്തമായ തെളിവുകള്‍ ലഭ്യമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ജനുവരി 16-ന് ബാന്ദ്രയിലെ നടന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നുഴഞ്ഞുകയറിയ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനായ നടനെ അഞ്ചുദിവസത്തിനുശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.ജനുവരി 19-ന് താനെയില്‍നിന്നാണ് ഷരീഫുള്‍ ഇസ്ലാമിനെ (30) പോലീസ് അറസ്റ്റുചെയ്തത്.