- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിരപരാധിയെ പിടികൂടിയെന്ന പ്രതിയുടെ പിതാവിന്റെ ആരോപണം വിലപ്പോയില്ല; സെയ്ഫിനെ കുത്തിയതും സിസിടിവിയില്‍ പതിഞ്ഞതും ഒരാള്‍ തന്നെ; ഷരീഫുള്‍ ഇസ്ലാമിന്റെ മുഖവും സിസിടിവി ദൃശ്യത്തിലുള്ളതും ഒന്നുതന്നെ; ഫെയ്‌സ് റെക്കഗ്‌നിഷന്‍ റിസള്‍ട്ട് പുറത്ത്
സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയുടെ മുഖം തന്നെ, മുഖ പരിശോധന പൂര്‍ത്തിയായി
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ഷരീഫുള്‍ ഇസ്ലാമിന്റെ മുഖ പരിശോധന പൂര്‍ത്തിയായി. ആറാം നിലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയെന്ന് ഉറപ്പിക്കാനായിരുന്നു പരിശോധന. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെന്നും നിരപരാധിയെയാണ് പൊലീസ് പിടികൂടിയതെന്നും പ്രതിയുടെ പിതാവ് ആരോപിച്ചിരുന്നു.
എന്നാല്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയതും അദ്ദേഹത്തിന്റെ വസതിയിലെ സിസിടിവിയില്‍ പതിഞ്ഞ മുഖവും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിന്റേതെന്ന് അന്വേഷണ സംഘത്തിന് കൂടുതല്‍ വ്യക്തമായി. പ്രതിക്ക് നടത്തിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ പരിശോധനാഫലം ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് പോലീസ് വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പാണ് സെയ്ഫിനെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി പരിക്കേല്‍പ്പിച്ചത്.
പ്രതിയുടെ മുഖവും സിസിടിവിയില്‍ നിന്ന് ലഭിച്ച മുഖവും ഒന്നുതന്നെയെന്നായിരുന്നു മുഖപരിശോധനാ റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളതും പ്രതിയെന്ന് പരിശോധനയില്‍ വ്യക്തമായി. ഇനി വിരളടയാള റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. ഇതുകൂടി കിട്ടിയ ശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് മുംബൈ പൊലീസിന്‌റെ തീരുമാനം.
ഷെരീഫുള്‍ ഇസ്ലാമിനും സെയ്ഫിന്റെ വസതിയിലെ സിസിടിവിയില്‍ പതിഞ്ഞയാള്‍ക്കും തമ്മില്‍ യാതൊരപ മുഖസാദൃശ്യവുമില്ലെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെസ്റ്റ് നടത്താന്‍ പോലീസ് തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് പരിശോധനാഫലം വന്നത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടേത് തന്നെയാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
ഷെരീഫുളിന്റെ വിരലടയാളങ്ങളും സെയ്ഫിന്റെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും വ്യത്യസ്തമാണെന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇത് പോലീസിനെതിരെ വിമര്‍ശനമുയരാനും ഇടയാക്കി. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പരിശോധനാ ഫലത്തിനുപുറമേ മാധ്യമങ്ങള്‍ക്കുപോലും കിട്ടാത്ത സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റയില്‍ റിപ്പോര്‍ട്ടും ഷെരീഫുളിനെതിരെ ശേഖരിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ജനുവരി 16ന് വീട്ടില്‍ വച്ച് കവര്‍ച്ചാ ശ്രമം നേരിടുന്നതിനിടയിലാണ് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. ആറ് തവണയാണ് നടന് കുത്തേറ്റത്. അതേസമയം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ബാന്ദ്ര വെസ്റ്റിലുള്ള നടന്റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലര്‍ച്ചെ 2.30നാണ്.
ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ 4.10നാണ് നടനെത്തിയത് എന്നാണ് ലീലാവതി ആശുപത്രിയുടെ രേഖകളിലുള്ളത്. ഫ്‌ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെ മണിക്കൂറുകളുടെ വ്യത്യാസമാണ് ആശുപത്രിയിലെത്താനായി വന്നത്. എത്തുമ്പോള്‍ മകന്‍ ഏഴ് വയസുകാരന്‍ തൈമൂര്‍ അലി ഖാന്‍ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയില്‍ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാര്‍ സെയ്തിയാണ്.
കുത്തേറ്റ മുറിവുകളിലും പൊരുത്തക്കേടുണ്ട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ 6 മുറിവുകള്‍ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രമാണ്. ഇനി നടന്‍ പൊലീസിന് നല്‍കിയ വിവരങ്ങളാണ്. അക്രമി വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് മൊഴി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്‌സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്.