നിലമ്പൂര്‍: 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയിലെ ആ പ്രശസ്തമായ മോഷണരംഗം മലപ്പുറം നിലമ്പൂരിലും ആവര്‍ത്തിച്ചു. കുഞ്ഞിനെ ഓമനിക്കാനെന്ന വ്യാജേന അടുത്തെത്തി സ്വര്‍ണ്ണമാല കവര്‍ന്ന് വിഴുങ്ങിയ യുവതി ഒടുവില്‍ പോലീസിന്റെ പിടിയിലായി. നിലമ്പൂര്‍ മുക്കട്ട സ്വദേശിനിയായ സമീനയാണ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന്റെ മാലയാണ് സമീന വിദഗ്ദ്ധമായി 'അകത്താക്കിയത്'.

ഫെബ്രുവരി പത്തിനായിരുന്നു നിലമ്പൂര്‍ ആശുപത്രി റോഡിലെ ക്ലിനിക്കില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മാതാപിതാക്കള്‍ക്കൊപ്പം ക്ലിനിക്കിലെത്തിയതായിരുന്നു കൈക്കുഞ്ഞ്. ഈ സമയത്താണ് സമീന കുഞ്ഞിനെ ലാളിക്കാനായി അരികിലെത്തിയത്. യുവതി കുഞ്ഞിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോള്‍ മാതാപിതാക്കളും സംശയിച്ചില്ല. എന്നാല്‍ സമീന പോയിക്കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലാണ് കുഞ്ഞിന്റെ കഴുത്തിലെ സ്വര്‍ണ്ണമാല കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത്.

മാല ഉടന്‍ തന്നെ സമീന വിഴുങ്ങിയെന്ന് സംശയിച്ച നാട്ടുകാരും ബന്ധുക്കളും വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി സമീനയെ കസ്റ്റഡിയിലെടുത്തെങ്കിലും മാല കണ്ടെടുക്കാനായില്ല. തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി എക്‌സറേ എടുത്തപ്പോഴാണ് പോലീസും ഞെട്ടിയത്.

വയറിനുള്ളില്‍ സ്വര്‍ണ്ണമാല കൃത്യമായി കാണാമായിരുന്നു. ഇതോടെ പ്രതി കുറ്റം സമ്മതിച്ചു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, സ്വാഭാവികമായ രീതിയില്‍ മാല പുറത്തുവരാനുള്ള നടപടികള്‍ എടുക്കും. ക്ലിനിക്കില്‍ ഊഴം കത്തിരുന്ന പുളിക്കലോടി സ്വദേശിയുടെ കുഞ്ഞിന്റെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് സമീന മോഷ്ടിച്ചത്. വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പിടിക്കുമെന്ന് ഉറപ്പായതോടെ മാല വിഴുങ്ങുകയായിരുന്നു.

വിഴുങ്ങിയ ആഭരണം വീണ്ടെടുക്കാന്‍ പോലീസിന്റെ കാത്തിരിപ്പ് തുടരുകയാണ്. മാല പുറത്തുവരുന്നത് കാത്ത് ആശുപത്രിയില്‍ വനിതാ പൊലീസ് മുപ്പത്ത?ഞ്ചുകാരിക്ക് കാവല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. ഡോക്ടറുടെ നിര്‍ദേശപ്രകാരം എനിമ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.