- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചന്ദനമരം മോഷ്ടിച്ച് ചെത്തിമിനുക്കി വില്‍പ്പന; കമാന്‍ഡോ വിങിലെ മുന്‍ പൊലീസുകാരന് അറസ്റ്റില്‍; സംഘാംഗങ്ങള്‍ രക്ഷപ്പെട്ടു; തെരച്ചില്‍ വ്യാപിപ്പിച്ച് വനപാലകര്‍
ചന്ദനമര വില്‍പ്പന: കമാന്‍ഡോ വിങിലെ മുന്‍ പൊലീസുകാരന് അറസ്റ്റില്‍
നെടുങ്കണ്ടം(ഇടുക്കി): ലക്ഷക്കണക്കിന് രൂപയുടെചന്ദനമരം മോഷ്ടിച്ച് ചെത്തി ഒരുക്കി പാകപ്പെടുത്തുന്നതിനിടയില്‍സംഘത്തലവനും പൊലീസ് കമാന്‍ഡോ വിങ്ങിലെ മുന്‍ അംഗവുമായിരുന്നയാള്‍ പിടിയില്‍. സംഘത്തിലെ നാലുപേര്‍ ഓടി രക്ഷപെട്ടു. കേരളത്തില്‍ നിന്ന് മോഷ്ടിക്കുന്ന ചന്ദനം തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ തലവനും കമാന്‍ഡോ വിങ്ങിലെ പൊലീസുകാരനുമായിരുന്ന തൊടുപുഴ ഉടുമ്പന്നൂര്‍ ചരിവു പറമ്പില്‍ സുനീഷ് ചെറിയാന്‍ (36) ആണ് വനം വകുപ്പിന്റെ പിടിയിലായത്.
45 കിലോയോളം ചന്ദനത്തടി, മോഷണത്തിന് ഉപയോഗിച്ച വാക്കത്തി, കോടാലി, വാള്‍ തുടങ്ങിയവയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സന്യാസിഓട ചെരുവിളയിലെഒരു വീടിന്റെ പിന്‍വശത്ത് ചന്ദനത്തടികള്‍ ചെത്തി ഒരുക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം എത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് അഞ്ചംഗ സംഘം ഓടിയെങ്കിലും തലവനായ സുനീഷിനെ പിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷിബു, തൂക്കുപാലത്തെ വര്‍ക്ക് ഷോപ്പ് തൊഴിലാളി സച്ചു, തൂക്കുപാലം സ്വദേശി ബിജു, ഓട്ടോ തൊഴിലാളിയായ കണ്ണന്‍ എന്ന് വിളിക്കുന്ന അഖില്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു.
മുമ്പ് വെള്ളിമാടുകുന്നില്‍ പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് അംഗമായിരുന്നു സുനീഷ്. സ്വഭാവദൂഷ്യം മൂലം ഇയാളെ സേനയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ പേരില്‍ ചന്ദന മോഷണം, അബ്കാരി കേസുകള്‍, മറ്റു ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പൊലീസ്, എക്‌സൈസ് സ്റ്റേഷനുകളില്‍ കേസുള്ളതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പിടികൂടിയ ചന്ദനമരം എവിടെ നിന്ന് മുറിച്ചതാണെന്ന് വ്യക്തമായിട്ടില്ല. പിടിയിലായ സുനീഷിനെ തടി ചെത്താന്‍ മാത്രം വിളിച്ചതായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സച്ചുവാണ് വിളിച്ചതെന്നും പറഞ്ഞു. പട്ടയ ഭൂമിയിലെ ചന്ദനമരങ്ങളായിരുന്നു സംഘം പതിവായി കടത്തിയിരുന്നത്.
മറയൂര്‍ കഴിഞ്ഞാല്‍ ഇടുക്കിയില്‍ ഏറ്റവും അധികം ചന്ദനമരങ്ങള്‍ വളരുന്നത് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പട്ടം കോളനി മേഖലയിലാണ്. ഇവിടങ്ങളില്‍ കഴിഞ്ഞ നാളുകളില്‍ വ്യാപകമായ ചന്ദന മോഷണ പരമ്പരയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയിലും ചന്ദനമരം മോഷണം പോയതിനെ തുടര്‍ന്ന് കുമളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ. അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ജോജി എം.ജേക്കബിന്റെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്താല്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കള്‍ ഷിബുവിന്റെ വീടിനു പിന്നിലുള്ളതായി മനസിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രക്ഷപ്പെട്ട മറ്റ് അംഗങ്ങള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്