കാസര്‍കോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കളക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.

സംഭവത്തില്‍ 61 വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്. ഇതില്‍ 54 പേര്‍ ഡിസ്ചാര്‍ജായി. ഏഴു കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.ആരുടേയും നില ഗുരുതരമല്ല.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് സമീപത്തുള്ള ലിറ്റില്‍ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് തലകറക്കവും ശ്വാസതടസവും അനുഭവപ്പെട്ടത്. +1, +2, 5, 6, 7 ക്ലാസ് മുറികളിലേക്കാണ് ജനറേറ്ററില്‍ നിന്നുള്ള കനത്ത പുക എത്തിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ് പറഞ്ഞു.

ആരോഗ്യ വിഭാഗം, ടെക്‌നിക്കല്‍ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി. കോഴിക്കോട് നിന്നുള്ള വിദഗ്ധസംഘം എത്തി കേടുപാടുകള്‍ പരിഹരിക്കുന്നവരെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ട എന്നാണ് തീരുമാനം. അതുവരെ ജനറേറ്റര്‍ വാടകയ്ക്ക് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

കുട്ടികള്‍ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുര്‍ഗന്ധം പടരുകയും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നുമാണ്. ചില കുട്ടികള്‍ക്ക് തലകറക്കവും ചിലര്‍ക്ക് തലവേദനയും മറ്റ് ചിലര്‍ക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.