ചേര്‍ത്തല: മൂന്നു സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന. ബുധനാഴ്ച രാവിലെ മുതലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. ഇതുവരെ പുരയിടത്തിലെ മൂന്ന് സ്ഥലത്ത് നിന്ന് റഡാറില്‍ സിഗ്‌നലുകള്‍ കിട്ടി. ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല.

ഭൂമിക്കടിയില്‍ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് ജിപിആര്‍ ഉപയോഗിച്ച് പരിശോധന. തിരുവനന്തപുരത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. 2.3 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുക്കുന്നത്.

നേരത്തെ നടത്തിയ പരിശോധനയില്‍ പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കോട്ടയത്തെ വീട്ടിലാണ് സെബാസ്റ്റ്യനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. അവിടെയും പരിശോധന നടത്തുന്നുണ്ട്. ബിന്ദു പദ്മനാഭന്‍ തിരോധാനക്കേസില്‍ അന്വേഷണം നടത്തുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ പരിശോധന നടത്തുന്നത്. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു(54) എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി എന്ന സംശയം അന്വേഷണ സംഘത്തിന് ബലപ്പടുകയാണ്. മൂന്ന് കേസിലും സെബാസ്റ്റ്യന്റെ ബന്ധം തെളിവുകളോടെ സ്ഥിരീകരിച്ചെങ്കിലും ഇവരെ എങ്ങനെ, എപ്പോള്‍ കൊന്നുവെന്നും മൃതദേഹങ്ങള്‍ എവിടെ, എങ്ങനെ മറവുചെയ്തെന്നുമുള്ള ചോദ്യങ്ങളാണ് അന്വഷണ സംഘത്തെ കുഴയ്ക്കുന്നത്.

അതേസമയം, കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ സെബാസ്റ്റ്യന്‍ ഇതുവരെയും ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. സെബാസ്റ്റ്യന്റെ ഭാര്യ സുബിയെ നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ച് ചോദ്യം ചെയ്തുവരികയാണ്.

പുറമെ മാന്യന്‍, പക്ഷേ...

സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണ് സെബാസ്റ്റ്യന്‍ എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മാന്യനായ വ്യക്തിയായാണ് നാട്ടില്‍ സെബാസ്റ്റ്യന്‍ അറിയപ്പെട്ടിരുന്നത്. വസ്തു ഇടപാടുകളും ഇടനിലയുമൊക്കെയായിരുന്നു സെബാസ്റ്റ്യന്റെ തൊഴിലുകള്‍.

2006-ലാണ് 47 വയസ്സുള്ള ചേര്‍ത്തല സ്വദേശി ബിന്ദുവിനെ കാണാതായത്. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ താമസിച്ചു വരികയായിരുന്നു ബിന്ദു. കോടികളുടെ സ്വത്തിനുടമയായ ബിന്ദു എംബിഎ ബിരുദധാരിയായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞ്, 2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതി ലഭിക്കാനുണ്ടായ കാലതാമസം പോലീസിന് അന്വേഷണത്തില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ബിന്ദുവിന്റെ സ്വത്ത് സെബാസ്റ്റ്യന്‍ മറിച്ചുവിറ്റതായി പിന്നീട് പോലീസ് കണ്ടെത്തി.

2012 മേയ് 13-നാണ് ഐഷ(54)യെ കാണാതാകുന്നത്. വീടിനോടു ചേര്‍ന്ന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സമീപവാസിയായ സ്ത്രീ വഴിയായിരുന്നു സെബാസ്റ്റ്യന്‍ ഇടനിലക്കാരനായെത്തിയത്. ബാങ്കില്‍ പോകുന്നെന്നു പറഞ്ഞാണ് അവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട്, ഇവരുടേതെന്നു സംശയിക്കുന്ന മൃതദേഹം മൂവാറ്റുപുഴയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കിട്ടിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന ഐഷ ഒറ്റയ്ക്കായിരുന്നു താമസം.

2020 ഒക്ടോബറിലാണ് സിന്ധുവിനെ കാണാതായത്. മകളുടെ വിവാഹനിശ്ചയത്തിന് രണ്ടുദിവസം മുമ്പ് അമ്പലത്തിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ സിന്ധു പിന്നീട് തിരിച്ചുവന്നില്ല. അര്‍ത്തുങ്കല്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചശേഷമായിരുന്നു സിന്ധു വീടുവിട്ടിറങ്ങിയത്. ഇവര്‍ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് എങ്ങോട്ടുപോയെവന്ന് കണ്ടെത്താന്‍ സാധിച്ചില്ല.

മൃതദേഹാവശിഷ്ടങ്ങള്‍ ജെയ്‌നമ്മയുടേതല്ല

സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നുലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ജെയ്‌നമ്മയുടേതല്ലെന്ന് പ്രാഥമിക നിഗമനം. 2024 ഡിസംബറിലാണ് ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കാണാതായത്. കണ്ടെത്തിയ അസ്ഥിയുടെ ഭാഗങ്ങള്‍ക്ക് ആറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. ഇത് മറ്റ് പല സംശയങ്ങള്‍ക്കും ഇട നല്‍കുന്നു.

ക്യാപ്പിട്ട പല്ലുകളും മൃതദേഹ അവശിഷ്ടങ്ങളുടെ അടുത്ത് നിന്നും ലഭിച്ചിരുന്നു. ജെയ്‌നമ്മയ്ക്ക് അത്തരം പല്ലുകളില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. ചേര്‍ത്തല സ്വദേശിനി ഹൈറുമ്മയ്ക്ക് (ഐഷ) വെപ്പുപല്ലുണ്ടെന്നും കാണാതായ ബിന്ദു പത്മനാഭന്‍ പല്ലുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ആദ്യപരിശോധനയില്‍ അസ്ഥി കണ്ടെത്തിയതിന് സമീപം തന്നെയാണ് തിങ്കളാഴ്ചയും അസ്ഥി ലഭിച്ചത്. അതുകൊണ്ടു ശരീര അവശിഷ്ടങ്ങള്‍ ഒരാളുടെ തന്നെയാകുമെന്നുമാണ് വിലയിരുത്തല്‍. വ്യാഴാഴ്ച ഡിഎന്‍എ പരിശോധന ഫലം വരുന്നതോടെ സ്ഥിരീകരണമുണ്ടാകും. അസ്ഥികളും കുളത്തില്‍നിന്നും സെപ്ടിക് ടാങ്കില്‍നിന്നും ശേഖരിച്ച വെള്ളവും മണ്ണും പരിശോധനയ്ക്ക് അയച്ചു. ജൈനമ്മയുടെ മൊബൈല്‍ ഫോണുമായി സെബാസ്റ്റ്യന്‍ പോയ ഈരാറ്റുപേട്ടയിലെ കടയില്‍ അടുത്ത ദിവസം തെളിവെടുക്കും. ഇതിനു ശേഷം ബിന്ദു പത്മനാഭന്‍ തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ആലപ്പുഴ യൂണിറ്റും ഹൈറുമ്മയുടെ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചും സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങും.

2005 മുതല്‍ സംസ്ഥാനത്ത് കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍നിന്ന് പൊലീസ് ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇരകളെ തെരഞ്ഞെടുക്കാന്‍ സെബാസ്റ്റ്യന്‍ മറയാക്കിയിരുന്നത് വസ്തുവ്യാപാരവും ആരാധനാലയങ്ങളുമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. കുടുംബവുമായി അകന്ന് കഴിഞ്ഞവരാണ് കാണാതായവരില്‍ പലരും. ഇത്തരം പശ്ചാത്തലങ്ങളുള്ള സ്ത്രീകളുടെ വിവരങ്ങളാകും പരിശോധിക്കുക. ജെയ്നമ്മ കേസില്‍ ഇതിനകം 24 പേരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്തത്. ശാസ്ത്രീയ തെളിവുകള്‍ അന്വേഷകസംഘം ശേഖരിച്ചു. ജെയ്നമ്മയുടെ തിരോധാനശേഷം അവരുടെ മൊബൈല്‍ഫോണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചതാണ് നിര്‍ണായക തെളിവ്. ഈരാറ്റുപേട്ടയിലെ സ്ഥാപനത്തിലെത്തി ജെയ്നമ്മയുടെ നമ്പറില്‍ ഫോണ്‍ റീചാര്‍ജ് ചെയ്തത് അന്വേഷകസംഘം കണ്ടെത്തി. അവിടത്തെ സിസിടിവി ദൃശ്യവും ശേഖരിച്ചു. സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ ചങ്ങത്തറ വീട് പൊലീസ് കാവലിലാണ്. പരിശോധന ഇവിടെ തുടരും.

പറമ്പിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാനയും ആഫ്രിക്കന്‍ മുഷിയും

സെബാസ്റ്റ്യന്റെ ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞതാണ്. ബ്രോക്കര്‍ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളില്‍ താമസവും പതിവാക്കിയ ആളാണ് സെബാസ്റ്റ്യന്‍. ദിവസങ്ങള്‍ കൂടുമ്പോഴാണ് വീട്ടിലെത്താറുള്ളത്. വീടിനോടു ചേര്‍ന്ന രണ്ടരയേക്കര്‍ സ്ഥലത്ത് ഇയാള്‍ കൃഷി ചെയ്തിരുന്നില്ല. ഈ പറമ്പിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാന, ആഫ്രിക്കന്‍ മുഷി തുടങ്ങിയ മീനുകളെ ഇയാള്‍ വളര്‍ത്തിയിരുന്നു. നാട്ടിലെ അമ്മാവന്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.