തൃശൂര്‍: കേരളത്തിലേക്ക് ലഹരി ഒഴുകുന്ന വഴികളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി കേരളാ പോലീസ്. ഗുരുഗ്രാമില്‍ നിന്നും യുവതിയെ തൃശ്ശൂര്‍ പോലീസ് പിടികൂടിയതോടെ വന്‍ മയക്കുമരുന്നു മാഫിയയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഗുരുഗ്രാമിലെത്തി തൃശൂര്‍ പൊലീസ് പിടികൂടിയ ബിഹാറുകാരി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

എംഡിഎംഎ മൊത്തക്കച്ചടക്കാരിയായ ബീഹാര്‍ സ്വദേശി സീമ സിന്‍ഹയാണ് ഗുരുഗ്രാമില്‍ നിന്ന് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്. 10 ദിവസത്തിനുള്ളില്‍ ഒരു കോടി രൂപയുടെ ഇടപാട് ഇവര്‍ നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഫെബ്രുവരിയില്‍ 47 ഗ്രാം എംഡിഎംഎയുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയിലായ ഫസല്‍ നിജിലിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് യുവതിയെ പിടികൂടുന്നതില്‍ നിര്‍ണ്ണായകമായത്.

ഫസലിന് എംഡിഎംഎ നല്‍കിയ ഇടപാടുകാരന്‍ സീമ സിന്‍ഹയില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സീമ സിന്‍ഹയുടെ പിന്നില്‍ വന്‍ സംഘമാണ് ഗുരുഗ്രാമില്‍ പ്രവര്‍ത്തിച്ചിരുന്നത്. ദിവസങ്ങള്‍ക്കിടെ സംഘം നടത്തിയത് കോടികളുടെ ഇടപാടുകള്‍ ആണെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസത്തോളം കാലം ഇവരെ ചുറ്റിപ്പറ്റി തൃശൂര്‍ പൊലീസിന്റെ അന്വേഷണം നടന്നു.

ഒടുവില്‍ ഗുരുഗ്രാമിലെ ആഫ്രിക്കന്‍ കോളനിയില്‍ നിന്നാണ് സീമ സിന്‍ഹ പിടിയിലായത്. മിസോറാം വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ സിം കാര്‍ഡുകള്‍ ഉള്‍പ്പടെ പൊലീസ് ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ ഇടപാടുകള്‍ നടത്തിയ ഇവര്‍ പിടിയിലായതോടെ എംഡിഎംഎ വില്‍പന ശൃംഘലയിലെ കൂടുതല്‍ കണ്ണികളിലേക്കെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.

മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ ആന്ധ്രയില്‍ അടക്കമെത്തി കഞ്ചാവ് കേന്ദ്രം അടക്കം കേരളാ പോലീസ് തകര്‍ത്തിരുന്നു. ഇത് കൂടാതെ ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച എംഡിഎംഎ റാക്കറ്റിലേക്കും കേരളാ പോലീസിന്റെ അന്വേഷണം എത്തിയിരുന്നു.