തിരുപ്പതി: മൂന്ന് സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളിയും സീരിയൽ കില്ലറുമായ വിശ്വനാഥ് (45) ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ പിടിയിലായി. തനിച്ച് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കൊലപാതകവും കവർച്ചയും നടത്തുന്ന ഇയാൾക്കെതിരെ കേരളം, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി 21 കേസുകളുണ്ട്. ഇയാളുടെ സഹായിയായ രാജമ്മ എന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രശാന്ത്, അസീസ് എന്നീ പേരുകളിലും അറിയപ്പെടുന്ന വിശ്വനാഥ് വർഷങ്ങളായി വിവിധ വേഷങ്ങളിലും വ്യാജ പേരുകളിലും ഒളിവിൽ കഴിയുകയായിരുന്നു. 2024 മുതൽ തിരുപ്പതിയിൽ വ്യാജ ഐഡന്റിറ്റിയിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. രാമചന്ദ്രപുരത്തെ മുനീശ്വരി എന്ന സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൊടുംകുറ്റവാളിയിലേക്കുള്ള വഴിതുറന്നത്. തനിച്ച് താമസിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കുകയാണ് ഇയാളുടെ രീതി.

വീട്ടിൽ പ്രവേശനം ലഭിച്ചാലുടൻ ക്രൂരമായി കൊലപ്പെടുത്തുകയും സ്വർണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്യും. ഓട്ടോറിക്ഷയിലാണ് ഇയാൾ കുറ്റകൃത്യങ്ങൾക്കായി സഞ്ചരിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക പരിശോധനകളും വഴി ഇയാൾ ഉപയോഗിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതികളിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

തിരുപ്പതി ജില്ലയിൽ മാത്രം നാല് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. തിരുച്ചാനൂർ, രാമചന്ദ്രപുരം, പിച്ചാട്ടൂർ മേഖലകളിലായിരുന്നു ഇത്. കൊലപാതകങ്ങൾ ആസൂത്രണം ചെയ്യാനും ഒളിവിൽ കഴിയാനും രാജമ്മ സഹായിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 2018-ൽ കേരളത്തിൽ നടന്ന ഒരു കൊലപാതകക്കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിശ്വനാഥിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പൊലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വ്യാജ ആധാർ കാർഡുകളും വേഷപ്പകർച്ചകളും ഉപയോഗിച്ചാണ് ഇയാൾ ഇത്രയും കാലം നിയമത്തിന്റെ കണ്ണുവെട്ടിച്ച് നടന്നത്. "മൂന്ന് സംസ്ഥാനങ്ങളിലായി നിരവധി കൊലപാതകങ്ങളും കവർച്ചകളും നടത്തിയ അതിക്രൂരനായ കുറ്റവാളിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് പല സംസ്ഥാനങ്ങളിലെയും പൊലീസ് വകുപ്പുകൾക്ക് വലിയ ആശ്വാസമാണ്." - തിരുപ്പതി എസ്.പി പറഞ്ഞു.

മുൻപ് തെളിയാതിരുന്ന സമാനമായ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഇയാളെ കേരള പൊലീസിന് കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചു.