തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ ഇഹാനെ പിതാവ് കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പിതാവ് ഷിജിലിനെതിരെ കൊലക്കുറ്റം ചുമത്തി. കുഞ്ഞിന്റെ അടിവയറ്റിൽ കൈമുട്ടുകൊണ്ട് മർദിച്ചതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ ഷിജിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

കുഞ്ഞ് കരയുന്നത് ഷിജിലിന് ഇഷ്ടമല്ലായിരുന്നെന്നും, തന്നെ എടുക്കാൻ സമ്മതിക്കാതെ കുഞ്ഞിനെ കൊണ്ടുപോകുമായിരുന്നെന്നും കൃഷ്ണപ്രിയ മൊഴി നൽകി. ഷിജിൽ അടുത്ത് വരുമ്പോൾ തന്നെ കുഞ്ഞ് കരയുമായിരുന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ പോലും തന്നെ മുറുകെ പിടിക്കുമായിരുന്നു. ഷിജിൽ സ്നേഹത്തോടെ കുഞ്ഞിനെ വിളിച്ചിരുന്നില്ലെന്നും വൃത്തികെട്ട വാക്കുകളാണ് ഉപയോഗിച്ചിരുന്നത്. ഷിജിലിന്റെ വീട്ടിൽ ആരും കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറിയിരുന്നില്ലെന്നും, കുഞ്ഞു ഭക്ഷണം കഴിക്കുന്നതിനു പോലും കണക്കു പറഞ്ഞിരുന്നതായും കൃഷ്ണപ്രിയ വെളിപ്പെടുത്തി.

ഇത് തടയാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും, കുഞ്ഞിനെ ഇങ്ങനെ ചെയ്യുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെടുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കൃഷ്ണപ്രിയ മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്നത് കാരണം ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നുവെന്നും, ഭാര്യയോടുള്ള പിണക്കത്തെ തുടർന്നാണ് കുഞ്ഞിനെ മർദിച്ചതെന്നും ഷിജിൽ പൊലീസിനോട് സമ്മതിച്ചു.

കവഴാകുളം ഐക്കരവിളാകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജിൽ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാൻ (അപ്പു) കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണത്. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനെത്തുടർന്നാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നായിരുന്നു മാതാപിതാക്കൾ ആദ്യം പറഞ്ഞത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഇഹാൻ മരിച്ചത്. എന്നാൽ, അത്യാഹിത വിഭാഗത്തിൽ കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ അടിവയറ്റിലെ ക്ഷതം കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് എവിടെയെങ്കിലും വീണോ എന്ന ഡോക്ടർമാരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഷിജിലിന്റെ മറുപടി. പിന്നാലെ പരിശോധിച്ച ഫൊറൻസിക് സർജനും കുഞ്ഞിന്റെ അടിവയറ്റിലെ ക്ഷതം സ്ഥിരീകരിക്കുകയും, അതെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി ലഭിക്കുന്നതിന് മുൻപേ തന്നെ സർജന്റെ കണ്ടെത്തൽ നിർണായകമായി. കുഞ്ഞിന്റെ മരണത്തിൽ തുടക്കം മുതലേ സംശയം തോന്നിയ പൊലീസ്, ഇഹാന്റെ സംസ്കാരം കഴിഞ്ഞയുടൻ മാതാപിതാക്കളായ ഷിജിലിനെയും കൃഷ്ണപ്രിയയെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായും, കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന പൊട്ടലിനെക്കുറിച്ച് വിശദീകരിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. ഇന്നലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് ഷിജിൽ കുഞ്ഞിനെ മർദിച്ചത് സമ്മതിച്ചത്. മടിയിലിരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റിൽ മർദിക്കുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. കൊലക്കുറ്റം ചുമത്തി അറസ്റ്റിലായ ഷിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കേസിൽ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് അറിയിച്ചു.