- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതികളെ കൊല്ലും': ഷഹബാസ് വധക്കേസില്‍ ഭീഷണി മുഴക്കി കത്തയച്ചത് പരീക്ഷാ കേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പ്; ഊമക്കത്തില്‍ അതീവരഹസ്യമായി അന്വേഷണം; ഷഹബാസിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതി
ഷഹബാസ് വധക്കേസിലെ ഊമക്കത്തില്‍ അന്വേഷണം
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ മരണത്തിന് പകവീട്ടുമെന്ന് പറഞ്ഞ് ഊമക്കത്ത് വന്നതോടെ അതീവജാഗ്രതയില്‍ പൊലീസ്. കത്തില്‍ അതീവരഹസ്യമായി അന്വേഷണം തുടങ്ങി. എം.ജെ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് താമരശ്ശേരി ജിവിഎച്ച്എസ്്എസിലെ പ്രധാനാധ്യാപകന് കത്തുകിട്ടിയത്.
കോരങ്ങാട്ടെ സ്‌കൂളില്‍ പൊലീസ് സംരക്ഷണയില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഏതാനും പരീക്ഷകള്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും എസ്എസ്എല്‍സി പരീക്ഷകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വിദ്യാര്‍ഥികളെ അപായപ്പെടുത്തിയിരിക്കുമെന്നും കത്തില്‍ പറയുന്നു. വളരെ വ്യക്തതയോടെ വൃത്തിയുള്ള കൈപ്പടയിലാണ് കത്ത് എഴുതിയിരിക്കുന്നത്. പൊലീസ് സംഭവം വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ഇതിന്റെ പേരില്‍ ഇനിയും ഏറ്റുമുട്ടലുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും പൊലീസ് എടുക്കുന്നുണ്ട്.
അന്വേഷണം അതീവ രഹസ്യമായി
വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാല്‍ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം. കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരേ നടന്ന അക്രമത്തില്‍ അമര്‍ഷം രേഖപ്പെടുത്തുകയും, കുറ്റാരോപിതര്‍ക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്.കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ഉള്ളടക്കത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ കത്തെഴുതിയത് വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടര്‍ന്ന് അവസാനദിവസം ഒബ്സര്‍വേഷന്‍ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാര്‍ഥി പിടിയിലാവുന്നതും.
താമരശ്ശേരി ഡിവൈ.എസ്.പി സുഷീര്‍, ഇന്‍സ്പെക്ടര്‍ എ.സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച കഴിഞ്ഞാല്‍ പിന്നെ 17 വരെ എസ്.എസ്.എല്‍.സി പരീക്ഷയില്ല.
അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതി
അതിനിടെ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ അന്വേഷണം മെല്ലെപ്പോകുന്നതായും പരാതിയുണ്ട്. കൊലയില്‍ ഉള്‍പ്പെട്ട ചില കുട്ടികളുടെ രക്ഷിതാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്തായിരുന്നു. മുഖ്യപ്രതിയുടെ പിതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പക്ഷേ സംഭവത്തില്‍ പൊലീസ് ഇയാളെ പ്രതിചേര്‍ക്കാത്തതില്‍ ഷഹബാസിന്റെ ബന്ധുക്കള്‍ക്ക് അമര്‍ഷമുണ്ട്.
നേരത്തെ കൊലക്ക് ഉപയോഗിച്ച നഞ്ചക്ക് പൊലീസ് പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. മുഖ്യ പ്രതി, നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബില്‍ നിന്നാണെന്ന് പൊലീസ് ഇപ്പോള്‍ പറയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. യൂട്യൂബ് ഹിസ്റ്ററിയില്‍ നിന്നാണ് ഇതിനുള്ള തെളിവ് ലഭിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ പിതാവിന്റെതാണെന്ന രീതിയില്‍ നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റെതാണ് നഞ്ചക്ക് എന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
നഞ്ചക്ക് ഉപയോഗിച്ച് ഷഹബാസിന്റെ തലയോട്ടി പൊട്ടിച്ചതാണ് മരണത്തിന് കാരണമായത്. ഷഹബാസിനെ നേരില്‍ കണ്ടാല്‍ കൊല്ലുമെന്ന് പിടിയിലായവര്‍ ഇന്‍സ്റ്റഗ്രാം വഴി കൊലവിളി നടത്തിയിരുന്നു. നഞ്ചക് ഉപയോഗിച്ച് മര്‍ദിക്കുമെന്നും വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 62 പേരടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ് കൊലവിളിയും, ഭീഷണിയും ഉണ്ടായത്. സംഭവത്തില്‍ അന്വേഷണ സംഘം മെറ്റയോടും വിവരങ്ങള്‍ തേടിയിരുന്നു. ആക്രമണം നടക്കുന്നസമയത്ത് മുഖ്യപ്രതിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നതായി ഷഹബാസിന്റെ ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ പിതാവും നേരത്തെ പറഞ്ഞിരുന്നു. ഇതിലൊന്നും കൃത്യമായ അന്വേഷണം ഉണ്ടാവുന്നില്ലെന്നാണ് പരാതി.
കേസില്‍, രാഷ്ട്രീയ അട്ടിമറിയും കുടുംബം ഭയക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത 6 വിദ്യാര്‍ഥികളില്‍ ഏറെയും ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ്. പ്രതിപ്പട്ടികയില്‍, പൊലീസ് ഉദ്യോഗസ്ഥന്റെയും അധ്യാപകന്റെയും ബിസിനസ്‌കാരുടെയുമൊക്കെ മക്കളുണ്ട്. അതുകൊണ്ടുതന്നെ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവുമെന്ന് ഷഹബാസിന്റെ കുടുംബം സംശയിക്കുന്നുണ്ട്. ബാല കുറ്റവാളികള്‍ക്ക് നിയമത്തില്‍ ലഭിക്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഈ കേസില്‍ ഏറെയാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ക്രിമിനല്‍ ബുദ്ധിയോടെ കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് കുട്ടികള്‍ ഷഹബാസിനെ കൊന്നതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട് . എന്നാല്‍ കേസില്‍ തങ്ങള്‍ പഴുതടച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് പൊലീസ് പറയുന്നത്.