- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി; ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന; സിനിമാക്കാര്‍ക്കായി ലഹരി എത്തിച്ചു തുടങ്ങിയതോടെ പ്രവര്‍ത്തനം കൊച്ചിയിലേക്കും; കുറച്ചുകാലമായി പോലീസ് 'റഡാറി'ലുള്ള സജീറിനെ കിട്ടിയാല്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസും തെളിയും
പോലീസ് 'റഡാറി'ലുള്ള സജീറിനെ കിട്ടിയാല്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസും തെളിയും
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസില്‍ ഇനി എങ്ങനെ മുന്നോട്ടു പോകണം എന്നകാര്യതത്തില്‍ പോലീസിന് ആശയക്കുഴപ്പം. ലഹരി നേരിട്ടു പിടിക്കാത്ത കേസായതിനാല്‍ ഇതിനെ മുന്നോട്ടു പോക്ക് ഇനി എളുപ്പമല്ല. അതുകൊണ്ട് തന്നെ കരുതലോടെയാണ് മുന്നോട്ടു പോകുന്നത്. അതേസമയം ഷൈന്‍ ടോമുമായി ബന്ധമുണ്ടന്ന് കരുതുന്ന മയക്കുമരുന്ന് കച്ചവടക്കാരനെയാണ് പോലീസ് തേടുന്നത്. മലപ്പുറം സ്വദേശിയായ ഇയാള്‍ ലഹരിക്കച്ചവടം ബിസിനസാക്കിയ ആളാണെന്നാണ് വിലയിരുത്തല്‍. കുറച്ചുകാലമായി പോലീസ് 'റഡാറി'ലുള്ള സജീറിനെ കിട്ടിയാല്‍ കേസിലെ കഥ തെളിയുമെന്നാണ് കരുതുന്നത്.
സജീറിനെ തേടിയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി ഡാന്‍സാഫ് സംഘം എറണാകുളം നോര്‍ത്തിലെ പിജിഎസ് വേദാന്ത ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. ഇയാള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സജീര്‍ കൊച്ചിയിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
കൊച്ചിയില്‍ ലഹരിക്കേസില്‍ പിടിയിലായവരുടെ മൊഴികളില്‍നിന്നാണ് സജീറിനെക്കുറിച്ച് സൂചന കിട്ടുന്നത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ബുധനാഴ്ച രാത്രി ഡാന്‍സാഫ് സംഘത്തെ വേദാന്ത ഹോട്ടലിലെത്തിച്ചത്. രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഷൈന്‍ ടോം ചാക്കോ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായത്. സജീറുമായി ഷൈനിന് ബന്ധമുണ്ടോയെന്ന കാര്യമാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒന്നും ലഭിക്കാത്തതിനാല്‍ കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് മറ്റു തെളിവുകള്‍ തേടേണ്ടിവരും. ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന മറ്റു മയക്കുമരുന്ന് കച്ചവടക്കാരെക്കുറിച്ചുള്ള വിവരവും അന്വേഷിച്ചുവരികയാണ്. പോലീസും എക്‌സൈസും സജീറിനായുള്ള തിരച്ചില്‍ വ്യാപകമാക്കി.
തിങ്കളാഴ്ച രാവിലെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഷൈനിനെ ചോദ്യംചെയ്ത എസിപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാകും വീണ്ടും ചോദ്യംചെയ്യേണ്ട തീയതിയും മറ്റും തീരുമാനിക്കുക. അതേസമയം ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഷൈനും കുടുംബവും നിയമോപദേശം തേടിയതായാണ് സൂചന. തനിക്ക് പങ്കില്ലാത്ത കേസില്‍ പ്രതിയാക്കിയെന്ന വാദമാണ് ഉയര്‍ത്തുക. കേസില്‍ പോലീസ് തന്നെ കുടുക്കുകയായിരുന്നെന്നാണ് ഷൈന്‍ ആരോപിക്കുന്നത്. അടുത്ത ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് കോടതിയെ സമീപിച്ചേക്കും.
അതേസമയം, നടനെ പോലീസ് വീണ്ടും ചോദ്യംചെയ്യുന്നത് വൈകും. തിങ്കളാഴ്ച ഹാജരാവാനാണ് കഴിഞ്ഞദിവസം നോട്ടീസ് കൊടുത്തിരുന്നത്. ഷൈനിന്റെ സാമ്പത്തികവിവരമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കൂടുതല്‍ തെളിവ് ലഭിച്ചശേഷം വീണ്ടും ചോദ്യംചെയ്യാനാണ് നീക്കം. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കും തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരുന്നത്.
ബുധനാഴ്ച രാത്രി ഷൈന്‍ ഹോട്ടല്‍മുറിയില്‍നിന്ന് ചാടി ഓടിയത് തെളിവുനശിപ്പിക്കാനെന്ന നിഗമനത്തിലാണ് പോലീസ്. മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് കണ്ടെത്താന്‍ നഖത്തിന്റെയും മുടിയുടെയും സാംപിളുകള്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ച സാംപിളിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരു മാസമെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടത്തിയ പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. അതേസമയം, ശാസ്ത്രീയ പരിശോധനയില്‍ ലഹരി സാന്നിധ്യം കണ്ടുപിടിക്കാതിരിക്കാന്‍ ഷൈന്‍ ആന്റിഡോട്ട് ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആന്റി ഡോട്ട് എടുത്തിട്ടുണ്ടെങ്കില്‍, നഖത്തിന്റെയും മുടിയുടെയും സാമ്പിളില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ല. വേദാന്ത ഹോട്ടലില്‍ ഡാന്‍സാഫ് ടീം പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഷൈന്‍ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ടത് തെളിവുകള്‍ നശിപ്പിക്കാനാണെന്ന് പൊലീസ് സംശയിക്കുന്നു.
തനിക്കെതിരെ ചുമത്തിയത് ദുര്‍ബലമായ എഫ്ഐആര്‍ ആണെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎന്‍എസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കല്‍) കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയത്.
എഫ്ഐആര്‍ റദ്ദാക്കാന്‍ തിടുക്കത്തില്‍ കോടതിയെ സമീപിക്കേണ്ടെന്ന നിയമോപദേശമാണ് ഷൈനിന് കിട്ടിയിരിക്കുന്നത്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ ചില വ്യക്തികള്‍ക്ക് ഷൈന്‍ പണം കൈമാറിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പലര്‍ക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ ഇടപാടുകള്‍ക്ക് പിന്നില്‍ ലഹരി കൈമാറ്റം ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.