- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബംഗളുരുവില്‍ പിടിയിലായ പ്രതികളെ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു; അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജറാക്കും; മുഖ്യ ആസൂത്രകന്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് പുറമേ ഗുണ്ടാ സംഘത്തില്‍ ഉണ്ടായിരുന്നത് ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍; പിടിയിലാകാനുള്ളത് ഒരാള്‍ കൂടി
ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബംഗളുരുവില്‍ പിടിയിലായ പ്രതികളെ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു
തൊടുപുഴ: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസിലെ ബംഗളുരുവില്‍ വെച്ച് അറസ്റ്റിലായ നാല് പ്രതികളെ തൊടുപുഴയില്‍ എത്തിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി തൊടപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. ഇന്നലെ രാത്രി വൈകിയാണ് പ്രതികളെ തൊടുപുഴയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.
വധശ്രമത്തിന്റെ മുഖ്യ ആസൂത്രകന്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് പുറമേ ഗുണ്ടാ സംഘത്തില്‍ ഉണ്ടായിരുന്നത് ടോണി, ഷിയാസ്, അക്ബര്‍ എന്നിവരായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. തൊടുപുഴയില്‍ എത്തിച്ച പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി ഇന്ന് തന്നെ കോടതിയില്‍ ഹാജറാക്കും. ശനിയാഴ്ച്ച ഷാജന്‍ സ്‌കറിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പ്രതികള്‍ ബംഗളുരുവിലേക്കാണ് രക്ഷപെട്ടത്. പ്രതികള്‍ ഇവിടെയുണ്ടെന്ന് മനസ്സിലാക്കിയ പോലീസിന്റെ പ്രത്യേക സംഘം പിടികൂടുകയായുന്നു.
പ്രതികള്‍ സംസ്ഥാനം വിട്ടു എന്ന് ബോധ്യതമായതോടൊണ് പോലീസ് ഇവരെ ട്രാക്കു ചെയ്തതും പ്രതികളെ പിടിക്കാന്‍ പ്രത്യേക സംഘത്തെ അയക്കുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് പ്രതികളെ തൊടുപുഴയിലെ പോലീസ് സംഘം പൊക്കിയത്. മാത്യൂസ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രിയാണ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജന്‍ സ്‌കറിയ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഥാര്‍ ഇടിച്ച ശേഷമായിരുന്നു അതിക്രമം. ആക്രമണം. കാറില്‍ നിന്ന് പുറത്തിറക്കാനായിരുന്നു ശ്രമം. എതിര്‍ത്തതോടെ വാഹനത്തിലുള്ളിലിട്ട് മുഖത്തും മൂക്കിലും വലതു നെഞ്ചിലും ഇടിച്ചു എന്നാണ് എഫ്ഐആര്‍. 'നിന്നെ കൊന്നിട്ടേ പോകൂ' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവര്‍ത്തകരെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഷാജന്‍ സ്‌കറിയെയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞത്. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആക്രമണ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ അടക്കം ചര്‍ച്ചയായിരുന്നു. ആശയങ്ങളോട് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പക്ഷെ ആശയത്തെ കായികപരമായി നേരിടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ മാധ്യമലോകത്ത് നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ പേരും ഒരുപോലെ അഭിപ്രായപ്പെട്ടു.
തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഷാജന്‍ സ്‌കറിയ തന്നെ വിശദീകരിച്ചിരുന്നു. തന്നെ കൊല്ലാന്‍ തന്നെയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്ന് അനുഭവം വിവരിച്ചുകൊണ്ട് ഷാജന്‍ സ്‌കറിയ പറഞ്ഞു. വിവാഹത്തില്‍ പങ്കെടുത്ത് റിസ്പഷനായി പോകുമ്പോവാണ് വാഹനം തന്റെ വാഹനത്തില്‍ ഇടിക്കുന്നത്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷയെ മുന്‍നിര്‍ത്തി താന്‍ ഗ്ലാസ് തുറക്കാറില്ല. പക്ഷെ കല്യാണത്തിന് വന്ന ഏതോ വാഹനം ഇടിച്ചതാണെന്ന ധാരണയിലാണ് താന്‍ ഗ്ലാസ് തുറന്നത്. അപ്പോഴേക്കും മാത്യൂസ് കൊല്ലപ്പളളിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം വന്ന് എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു.
' നിന്നെ ഇന്ന് കൊന്നിട്ടെ പോകൂവെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. കാറിന്റെ ഉള്ളില്‍ കൂടിയായതിനാലാണ് അവര്‍ക്ക് എളുപ്പത്തില്‍ മര്‍ദ്ദിക്കാന്‍ സാധിക്കാതെയിരുന്നത്. മര്‍ദ്ദനത്തിന് ഇടയില്‍ തന്നെ ഒരാള്‍ തന്നെ കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ചു. വാഹനത്തിലുള്ളിലായതിനാല്‍ മാത്രമാണ് തനിക്ക് കൈ തട്ടിമാറ്റാന്‍ സാധിച്ചത്. അപ്പോഴേക്കും സുഹൃത്തായ മനോജ് കൂടിയെത്തിയത് ആശ്വാസമായി. മനോജാണ് വാതില്‍ പോലും അടയ്ക്കാതെ വാഹനമെടുത്ത് മുന്‍പോട്ട് കൊണ്ടുപോയി അവിടെ നിന്നും മാറ്റിയത്.'
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അക്രമം. വാഹനക്കുരുക്ക് വന്നപ്പോള്‍ സംഘത്തിലുള്ളവര്‍ തന്നെ പോയി ട്രാഫിക്ക് വരെ നിയന്ത്രിച്ചു. സംഭവം കണ്ട് തന്നെ സഹായിക്കാനെത്തിയവരെയും അക്രമികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമികളെയൊന്നും തനിക്ക് മുന്‍പരിചയം ഇല്ലായിരുന്നു. പിന്നീടാണ് മാത്യൂസ് കൊല്ലപ്പളളിയും സംഘവുമാണ് തന്നെ തിരിച്ചറിഞ്ഞത്. വാര്‍ത്ത കൊടുത്തതിന്റെ വൈരാഗ്യമാണോ അക്രമത്തിന് പിന്നിലെന്ന ചോദ്യത്തിനും ഷാജന്‍ സ്‌കറിയ വിശദീകരണം നല്‍കി.