നെയ്യാറ്റിന്‍കര: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ ശിക്ഷ ഇന്ന് വിധിക്കും. കാമുകന്‍ ഷാരോണ്‍രാജിനെ ഒന്നാംപ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. രാവിലെ 11-ന് സെഷന്‍സ് കോടതിയാണ് വിധിപറയുക. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. ഷാരോണിനെ 2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്.

പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഇന്ന് ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് കാമുകനായ ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിര്‍മ്മലകുമാരന്‍ നായര്‍ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ തന്റെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദമാണ് പ്രാസിക്യൂഷന്‍ മുന്നോട്ട് വെച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ സ്വഭാവമാണ്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. 11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.