കൊല്ലം: ഷാര്‍ജയില്‍ കൊല്ലം കോയിവിള സ്വദേശി അതുല്യ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജ പൊലീസിലും പരാതി നല്‍കാന്‍ കുടുംബം. അതുല്യയുടെ സഹോദരിയും ഭര്‍ത്താവും ഷാര്‍ജയിലുണ്ട്. അതേസമയം, അതുല്യയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തിരുന്നു. ശാരീരിക പീഡനം, സ്ത്രീധന പീഡനം വകുപ്പുകളും ചുമത്തി. അമ്മയുടെ മൊഴി പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സതീഷിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ കഴിഞ്ഞിരുന്ന അതുല്യയെ ശനിയാഴ്ചയാണ് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. 2014ലായിരുന്നു സതീഷ്-അതുല്യ വിവാഹം. ഇവര്‍ക്ക് പത്തു വയസ്സായ മകള്‍ ഉണ്ട്. മകള്‍ അതുല്യയുടെ മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലാണ്.

അതേ സമയം അതുല്യ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സതീഷിനെ തള്ളി സതീഷിന്റെ അമ്മ. മകനുമായി നാലര വര്‍ഷമായി ഒരു ബന്ധവുമില്ലെന്ന് സതീഷിന്റെ അമ്മ പ്രതികരിച്ചു. അവസാനം സതീഷ് എത്തിയത് സഹോദരിയുടെ വിവാഹത്തിനാണ്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും സതീഷിന്റെ അമ്മ പ്രതികരിച്ചു.

അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടിരുന്ന പീഡനങ്ങള്‍ പറയുമായിരുന്നുവെന്നാണ് അതുല്യയുടെ അമ്മ പ്രതികരിച്ചത്. ശരീരത്തിലെ പരിക്കുകള്‍ വീഡിയോ കോളിലൂടെ കാണിച്ചു തന്നിരുന്നു. വിവാഹ ബന്ധം ഒഴിയാം എന്ന് മകളോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കുഞ്ഞിനുവേണ്ടി എല്ലാം സഹിക്കാം എന്ന് അതുല്യ പറഞ്ഞതായും അമ്മ വെളിപ്പെടുത്തി.

കുഞ്ഞിന് ചെലവിനുള്ള പണത്തിന് വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചത്. നേരത്തെ സതീഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതിപ്പെട്ടിരുന്നതായും അതുല്യയുടെ അമ്മ പറയുന്നു. അതുല്യ പിണങ്ങി വീട്ടില്‍ വന്ന് നിന്ന സമയത്ത് സതീഷ് മതില്‍ ചാടിക്കടന്ന് വീട്ടിലെത്തി. മകളെ ഒപ്പം വിടാതിരുന്നതിന് സതീഷ് ഭീഷണിപ്പെടുത്തി. കുഞ്ഞിനു വേണ്ടി സതീഷിനൊപ്പം പോകാന്‍ അതുല്യ തയ്യാറായിരുന്നു. ഭര്‍ത്താവിനെ മകള്‍ അത്രയ്ക്കും വിശ്വസിച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു.

അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് ഭര്‍ത്താവ് സതീഷ് ശങ്കര്‍ പങ്കുവെച്ചു. 'അതു പോയി, ഞാനും പോണു' എന്നാണ് അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു വര്‍ഷമായി അതുല്യയും ഭര്‍ത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വഴക്കിന് ശേഷം ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോള്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സതീഷ് പറയുന്നത്. അതുല്യയുടെ ഏക സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുവരും.

മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്‍ പ്രതികരിച്ചിരുന്നു. മകള്‍ കുറേക്കാലമായി പീഡനം അനുഭവിക്കുന്നുവെന്നും മദ്യപിച്ചുവന്ന് മര്‍ദനം സ്ഥിരമെന്നും രാജശേഖരന്‍ പിള്ള. ഇത്രയുംകാലം പിടിച്ചുനിന്ന മകള്‍ ഇപ്പോള്‍ മരിക്കില്ല. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങിയെന്നും വിവാഹമോചനത്തിന്റെ വക്കിലെത്തിയതാണെന്നും അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചപ്പോള്‍ വീണ്ടും ഒരുമിച്ചായെന്നും അതുല്യയുടെ പിതാവ് പറഞ്ഞു. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും രാജശേഖരന്‍ പിള്ള പറഞ്ഞു.