കരിവെള്ളൂര്‍: ആണൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കേസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ശില്പ. ഫെബ്രുവരിയിലായിരുന്നു ആ കൊല. ആ കേസില്‍ ജയിലിലായിരുന്നു ശില്‍പ്പ. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് ഇടപാടുകള്‍ തുടങ്ങി. അതാണ് വീണ്ടും അറസ്റ്റിന് കാരണമായത്.

ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ വി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലക്കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുന്‍പാണ് ആണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ശശി ചേണിച്ചേരി, ടി.വി. കമലാക്ഷന്‍. കെ.എം. ദീപക്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശരത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജസ്‌ന പി. ക്ലമന്റ്, എക്‌സൈസ് ഡ്രൈവര്‍ പ്രദീപന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ശില്‍പയ്ക്ക് എതിരെ നിര്‍ണായക തെളിവായി വാട്സാപ്പ് ചാറ്റ് മാറിയിരുന്നു. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്.'മോള്‍ മരിച്ചു, ഞാന്‍ കൊന്നു എന്റെ മോളെ. വിളിക്കൂ… നമ്മുടെ മോള്‍ പോയി അജുവേ. മോള് പോയി'- എന്നാണ് യുവതി പങ്കാളിക്ക് അയച്ച സന്ദേശം. ഇതാണ് ശില്‍പ്പയെ കുരുക്കിയത്. ഈ കേസിന്റെ സമയത്തും ശില്‍പ്പ മയക്കുമരുന്നിന് അടിമയാണെന്ന് പങ്കാളി പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്നായിരുന്നു വിശദീകരണം.

ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് അരുംകൊല നടത്തിയതെന്നാണ് ശില്പ അന്ന് പോലീസിന് നല്‍കിയ മൊഴി. പാലക്കാട് വെണ്ണക്കര സ്വദേശി അജ്മല്‍- ശില്പ എന്നിവരുടെ മകള്‍ ശികന്യയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. ആറ് മാസമായി അജ്മലും ശില്പയും അകന്നാണ് താമസം.കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ശില്പ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് വാട്സാപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. മാവേലിക്കരയില്‍ വച്ചാണ് കൃത്യം നടത്തിയത്. തുടര്‍ന്ന് മൃതദേഹവുമായി വാടകയ്ക്കെടുത്ത കാറില്‍ അജ്മലിനെ കാണാനായി ഷൊര്‍ണൂരിലെത്തി.സിനിമ തീയേറ്ററിലെ ജീവനക്കാരനാണ് അജ്മല്‍. ശില്പ സ്വകാര്യ സ്ഥാപനത്തിലെ തെറാപ്പിസ്റ്റുമായിരുന്നു, ശില്പ രാസലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അജ്മല്‍ പൊലീസിനോട് പറഞ്ഞിരുന്നു.

അകല്‍ച്ചയിലായതോടെ ശില്പ കുഞ്ഞിനെ അജ്മലിനെ ഏല്‍പ്പിക്കാനും ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെചൊല്ലി വഴക്കിടലും പതിവായിരുന്നു. രാവിലെ തിയേറ്ററിലെത്തിയ ശില്‍പ കുഞ്ഞ് മരിച്ചെന്നും മറവുചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് കണ്ട തിയറ്റര്‍ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതോടെയാണ് ശില്‍പ അകത്തായത്.