കൊച്ചി: ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് പിടിയിലായ കണ്ണൂര്‍ ഇരിട്ടി സ്വദേശിനി തസ്ലീമ സുല്‍ത്താന അറസ്റ്റിലായപ്പോള്‍ കണ്ണികള്‍ സിനിമാലോകത്തേക്കും നീണ്ടിരുന്നു. ഷൈന്‍ ടോമിനും നടന്‍ ശ്രീനാഥ് ഭാസിക്കും കഞ്ചാവ് കൈമാറിയെന്ന് അവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ നടന്മാരോടൊപ്പം പലതവണ ലഹരി ഉപയോഗിച്ചതായും മൊഴി നല്‍കിയിരുന്നു. നടന്മാരെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിച്ചെന്ന ആരോപണം ഉയരുന്നതിനിടയാണ് ഷൈന്‍ ലഹരിക്കേസില്‍ അറസ്റ്റിലായത്.

തസ്ലിമ സുല്‍ത്താനയുമായി ബന്ധമെന്ന് ഷൈനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് വിവരം കിട്ടിയെന്നാണ് സൂചന.

തസ്ലീമയുമായി ലഹരി ഇടപാടുകളുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പലപ്പോഴായി ലഹരിമരുന്ന് തസ്ലിമയുടെ പക്കല്‍ നിന്ന് വാങ്ങിയെന്നാണ് ഷൈന്‍ പറഞ്ഞത്.

തായ്‌ലാന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി ആണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരന്‍ എന്ന് എക്‌സൈസ് പറയുന്നു. കഞ്ചാവ്, സ്വര്‍ണം, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, എന്നിവയാണ് സുല്‍ത്താന്‍ കടത്തുന്നത്. ആലപ്പുഴ ലഹരി കടത്ത് കേസിലെ മൂന്നാം പ്രതിയാണ് സുല്‍ത്താന്‍ അക്ബര്‍ അലി.

പെണ്‍വാണിഭത്തിന് ഇടനിലക്കാരി

സിനിമാ താരങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാരിയായും തസ്ലിമ പ്രവര്‍ത്തിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പെണ്‍വാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി തസ്ലീമ പ്രവര്‍ത്തിച്ചിരുന്നു എന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ താരങ്ങള്‍ക്ക് ഇവര്‍ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നത്.

ലഹരിക്ക് പുറമെ തസ്ലീമ പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. മോഡലായ യുവതിയുടെ ചിത്രം ഇവര്‍ പ്രമുഖ താരത്തിന് അയച്ച് കൊടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഡലിനെ എത്തിക്കാന്‍ 25,000 രൂപയാണ് തസ്ലീമ ഇട്ടിരുന്ന വില. 25,000 രൂപ നല്‍കണമെന്ന് പ്രമുഖ താരത്തോട് ആവശ്യപ്പെടുന്ന ചാറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍വാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുന്‍പും തസ്ലിമ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് തായ്‌ലന്‍ഡില്‍ നിന്ന്

ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലന്‍ഡില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ എക്സൈസിന്റെ ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകള്‍ മറികടന്ന് എങ്ങനെയാണ് കേരളത്തിലേക്ക് എത്തിച്ചു എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ലഹരി മാഫിയ വിദേശത്തേക്ക് നടത്തിയ സാമ്പത്തിക ഇടപാടുകളും എക്‌സൈസിന്റെ ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും. തസ്ലീമ സുല്‍ത്താനയുടെ പക്കല്‍ നിന്നും പിടികൂടിയ കഞ്ചാവ് തായ്ലന്‍ഡില്‍ നിന്നും എത്തിച്ചതാണെന്ന് എക്‌സൈസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.

തായ്ലന്‍ഡ്,മലേഷ്യ എന്നിവിടങ്ങളില്‍ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്ന അന്താരാഷ്ട്ര ലഹരി മാഫിയ സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. കഴിഞ്ഞ മാസം 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യുവതികളെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ജയ്പുര്‍ സ്വദേശി മന്‍വി ചൗധരി, ഡല്‍ഹി സ്വദേശി ചിബെറ്റ് സ്വാന്തി എന്നിവരാണു അന്നു പിടിയിലായത്. രാജ്യമെങ്ങും വ്യാപിപ്പിച്ചു കിടക്കുന്ന വിപുലമായ വിതരണ ശൃംഖല ഹൈബ്രിഡ് കഞ്ചാവ് സംഘത്തിനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് തായ്ലന്‍ഡില്‍ നിന്ന് ബെംഗളൂരു വഴിയെത്തിച്ചതാണെന്നു പ്രതികളുടെ മൊഴിയിലുണ്ട്.

സിനിമകളിലും മുഖം കാണിച്ചു

തമിഴ് സിനിമയില്‍ എക്‌സ്ട്രാ നടിയായി സജീവമായ തസ്ലീമ മലയാളം സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, തമിഴ് ഉള്‍പ്പെടെ എട്ടോളം ഭാഷകള്‍ വശമുള്ള യുവതി സ്‌ക്രിപ്റ്റ് പരിഭാഷകയുമായി പ്രവര്‍ത്തിച്ചിരുന്നു. മലയാള സിനിമാക്കാരുമായി അടുത്തതോടെ കൊച്ചിയിലേക്ക് ചുവടുമാറ്റി. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ച തസ്ലീമ തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാര്‍ലര്‍ നടത്തിയിരുന്നു. മയക്കു മരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്‌നാട്ടിലേക്ക് കളംമാറ്റി. എന്നാല്‍ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ലഹരി ഇടപാട് തുടര്‍ന്നു. ആലപ്പുഴയില്‍ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഓമനപ്പുഴയിലെ റിസോര്‍ട്ടിന് സമീപം ഇരുവരും കാറില്‍ വന്നിറങ്ങിയപ്പോള്‍ തൊണ്ടിസഹിതം പിടികൂടുകയായിരുന്നു. ഭര്‍ത്താവും രണ്ട് കൊച്ചുകുട്ടികളുമായി എറണാകുളത്തെത്തിയ തസ്ലിമ വാടകയ്‌ക്കെടുത്ത കാറില്‍ കുടുംബസമേതം മണ്ണഞ്ചേരിയിലെത്തി. ഭര്‍ത്താവിനെയും മക്കളെയും വഴിയില്‍ ഇറക്കിയശേഷം ഫിറോസിനെ കൂട്ടി രാത്രി പത്തരയോടെയാണ് റിസോര്‍ട്ടിലെത്തിയത്. ബാഗില്‍ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

ഹൈബ്രിഡ് കഞ്ചാവിന്റെ നാലു പൊതികളായിരുന്നു ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. മണിക്കൂറുകളോളം ഉന്‍മാദം കിട്ടുന്ന കനാബി സിന്‍സിക്ക, കനാബി സറ്റീവ ഇനങ്ങളാണിവ. മെഡിക്കല്‍ ആവശ്യത്തിനായി തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതു നിര്‍മിക്കുന്നത്. ബെംഗളൂരു വഴിയാണ് ഇവര്‍ ഇതുകൊണ്ടുവന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കില്‍ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും.

ചോദ്യം ചെയ്യലില്‍ ഇവര്‍ സിനിമാ മേഖലയില്‍ പ്രധാനപ്പെട്ട ചിലരുമായി ലഹരിവില്‍പന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ഇടപാട്. ആലപ്പുഴയില്‍ ടൂറിസം രംഗത്തെ ചിലര്‍ക്കു കൈമാറാനും ഉദ്ദേശിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണു രീതി. നേരത്തേ, പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാന്‍ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്. ഫിറോസ് ഇതിനു മുന്‍പും ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലില്‍ പറഞ്ഞു. വന്‍ ഇടപാടുകളേ ഏല്‍ക്കുകയുള്ളൂ. ഇയാള്‍ക്കെതിരെ നിലവില്‍ മറ്റ് കേസുകളില്ല

സൂത്രധാരന്‍ പിടിയിലായത് തായ് ലന്‍ഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

ആലപ്പുഴ, ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവു പിടിച്ച സംഭവത്തിലെ മുഖ്യസൂത്രധാരനെ എക്സൈസ് പൊക്കിയത് സാഹസികമായിട്ടാണ്. മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി റിസോര്‍ട്ടില്‍നിന്നു പിടിയിലായ തസ്ലിമാ സുല്‍ത്താന(ക്രിസ്റ്റീന-41)യുടെ ഭര്‍ത്താവ്, ചെന്നൈ എണ്ണൂര്‍ സത്യവാണിമുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43) ആണ് അറസ്റ്റിലായത്. തമിഴ്നാട്-ആന്ധ്ര അതിര്‍ത്തിയായ എണ്ണൂരില്‍ ഒളിവില്‍ക്കഴിഞ്ഞ വാടകവീട്ടില്‍ നിന്നാണ് ആലപ്പുഴയിലെ എക്സൈസ് സംഘം ഇയാളെ പിടിച്ചത്. തായ്ലാന്‍ഡിലേക്കു കടക്കാനുള്ള നീക്കത്തിലായിരുന്നു ഇയാള്‍. ഇയാളുടെയും മക്കളുടെയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അറസ്റ്റില്‍ നിര്‍ണ്ണായകമായത്.

ആലപ്പുഴയില്‍ തസ്ലിമ അറസ്റ്റിലാകുമ്പോള്‍ സുല്‍ത്താനും രണ്ടു മക്കളും സമീപത്ത് ഉണ്ടായിരുന്നു. കഞ്ചാവു കടത്തില്‍ ഇയാള്‍ക്കു പങ്കില്ലെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കസ്റ്റഡിയിലുള്ള തസ്ലീമ സത്യം പറഞ്ഞു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ സുല്‍ത്താനാണ് കഞ്ചാവു കടത്തിലെ ആസൂത്രകനെന്ന തെളിവു ലഭിച്ചു. ഇയാള്‍ വിദേശത്തു നിന്നെത്തിക്കുന്ന കഞ്ചാവാണ് തസ്ലിമ വിറ്റിരുന്നത്. ചെന്നൈ കേന്ദ്രീകരിച്ചാണ് സുല്‍ത്താന്റെ പ്രവര്‍ത്തനം. മൊബൈല്‍ഫോണും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വില്‍ക്കുന്ന കടയും നടത്തുന്നു. മറ്റു കടകള്‍ക്ക് ഇവ വിതരണം ചെയ്യുന്നുമുണ്ട്. ഇവ വാങ്ങാന്‍ ഇയാള്‍ സിങ്കപ്പൂര്‍, തായ്ലാന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ പോകുന്നതു പതിവായിരുന്നു. അവിടെനിന്നു മടങ്ങുമ്പോഴാണ് ഉപകരണങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവും കൊണ്ടു വന്നത്. എല്ലാം എക്സൈസ് മനസ്സിലാക്കിയെന്ന് അറിഞ്ഞ സുല്‍ത്താന്‍, മക്കളെ ബന്ധുവീട്ടിലാക്കി തായ്ലാന്‍ഡിലേക്കു രക്ഷപ്പെടാന്‍ പദ്ധതി തയ്യാറാക്കി. അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിനി തസ്ലിമ സുല്‍ത്താനയുടെ രണ്ടാം ഭര്‍ത്താവാണ് സുല്‍ത്താന്‍.

മാര്‍ച്ച് ആദ്യമാണ് സുല്‍ത്താല്‍ മലേഷ്യയില്‍നിന്നും ചെന്നൈയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. എറണാകുളത്തും ആലപ്പുഴയിലും കഞ്ചാവ് എത്തിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തസ്ലിമയും സഹായിയും പിടിയിലാകുന്നത്. ഹൈബ്രിഡ് കഞ്ചാവ് ചെന്നൈയില്‍ എത്തിച്ച ശേഷം തസ്ലിമയ്ക്ക് ഇയാള്‍ ഇതിന്റെ ചിത്രം അയച്ചു നല്‍കിയിരുന്നു. കേസുമായി ബന്ധമില്ലെന്ന് കരുതി ആദ്യഘട്ടത്തില്‍ വിട്ടയച്ച സുല്‍ത്താന്റെ പേര് വീണ്ടും എക്‌സൈസിന്റെ ശ്രദ്ധയില്‍ എത്തുന്നതിങ്ങനെയാണ്. ആലപ്പുഴയില്‍ തസ്ലിമ പിടിയിലാകുമ്പോള്‍ കുടുംബം കൂടെയുണ്ടായിരുന്നെങ്കിലും കേസുമായി ബന്ധമില്ലെന്നായിരുന്നു സുല്‍ത്താന്റെ മൊഴി.

റിസോര്‍ട്ടിന് അകത്തുവരുമ്പോള്‍ തസ്ലിയയും ഫിറോസും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഈ സമയം ഇയാള്‍ മാറിനില്‍ക്കുകയായിരുന്നു എന്നാണ് എക്‌സൈസ് ഇപ്പോള്‍ സംശയിക്കുന്നത്. കേസില്‍ സുല്‍ത്താന്റെ പങ്ക് തിരിച്ചറിഞ്ഞ എക്‌സൈസ് സംഘം ചെന്നൈയിലെത്തി എണ്ണൂരിലുള്ള വാടക വീട് കേന്ദ്രീകരിച്ച് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. സ്ഥിരം കുറ്റവാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന തുറമുഖമേഖലയില്‍ അന്വേഷണം ദുസഹമായിരുന്നു. ആറ് മാസം മുമ്പാണ് സുല്‍ത്താനും തസ്ലിമയും ഇവിടെ താമസമാക്കുന്നത്. പകല്‍ സമയം പുറത്തിറങ്ങാതെ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്താന്‍ അന്വേഷക സംഘം വളരെ ബുദ്ധിമുട്ടി.

പ്രാദേശിക ജനപ്രതിനിധിയുടെ സഹായത്തോടെയാണ് എക്‌സൈസ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. തസ്ലിമയ്ക്ക് പിന്നാലെ എക്‌സൈസ് തന്നിലേക്കുമെത്തുമെന്ന് സുല്‍ത്താന്‍ ഉറപ്പിച്ചിരുന്നു. എണ്ണൂരിലുള്ള വാടക വീട്ടിലേക്ക് എക്‌സൈസ് സംഘം ഇരച്ചെത്തുമ്പോള്‍ സുല്‍ത്താന്‍ തായ്‌ലാന്‍ഡിലേക്ക് നാടുവിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. തെളിവുകളടക്കം നിരത്തി എക്‌സൈസ് ചോദ്യങ്ങള്‍ ആരംഭിച്ചതോടെ സുല്‍ത്താന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതി സാഹസികമായിരുന്നു ഈ ഓപ്പറേഷന്‍. മൂന്ന് ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ പിടികൂടാന്‍ എത്തുമ്പോള്‍ സുല്‍ത്താന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ പ്രതിരോധം ശാരീരികമായി തകര്‍ത്താണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം അവസാനം മലേഷ്യയില്‍നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കഞ്ചാവ് എത്തിച്ചതിന് പിന്നാലെയാണ് ചിത്രമെടുത്ത് തസ്ലിമയ്ക്ക് അയച്ചത്. കപ്പിള്‍ ക്രൈം സിന്‍ഡിക്കറ്റ് എന്നാണ് സുല്‍ത്താനേയും തസ്ലീമയേയും അറിയപ്പെട്ടിരുന്നത്. കോടികള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ രാജ്യത്തിന് പുറത്തുനിന്ന് സുല്‍ത്താന്‍ എത്തിക്കും. വില്‍പ്പനയുടെ ചുമതല ഭാര്യ തസ്ലിമക്ക്. ഉത്തര തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്ക് സമീപമുള്ള എണ്ണൂര്‍ എന്ന തീരദേശ ഗ്രാമത്തില്‍ നിന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ലഹരി ഒഴുകിയിരുന്നത് സുല്‍ത്താന്റെയും തസ്ലിമയുടെയും 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റ്' തെളിച്ച വഴികളിലൂടെയാണ്. പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവാഹ ബന്ധം ഉപേക്ഷിച്ച് നില്‍ക്കുകയായിരുന്ന തസ്ലിമ സുല്‍ത്താനുമായി അടുക്കുന്നതോടെയാണ് വീടുവിടുന്നത്. ജീവിത പങ്കാളിയായി തെരഞ്ഞെടുത്ത സുല്‍ത്താന്‍ പിന്നീട് കുറ്റകൃത്യങ്ങളിലും പങ്കാളിയാകുകയായിരുന്നു. സുല്‍ത്താന്‍ എത്തിച്ചുനല്‍കുന്ന ലഹരി വില്‍ക്കാന്‍ തസ്ലിമ ലൈംഗികവ്യാപാര ശൃംഖലയിലെയും സിനിമ മേഖലയിലെയും ബന്ധങ്ങള്‍ ഉപയോഗിച്ചുവരികയായിരുന്നു.