ഭാര്യയ്ക്ക് വെടിയേറ്റപ്പോള്‍ ഭര്‍ത്താവിന് കാര്യം പിടികിട്ടി! ഡോക്ടറുടെ ആത്മവിശ്വാസം തകര്‍ത്ത് ആ കോള്‍; ആത്മഹത്യയെ കുറിച്ചും ചിന്തിച്ച പള്‍മണോളജിസ്റ്റ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ചെമ്പകശ്ശേരിയില്‍ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്പിച്ച കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടറുടെ മൊഴിയില്‍ പോലീസ് വിശദ അന്വേഷണം നടത്തും. പോലീസ് പിടിയിലാകുമെന്ന് മനസ്സിലായതോടെ ആത്മഹത്യയ്ക്കും ശ്രമിച്ചെന്ന് ഡോക്ടര്‍ പോലീസിനോട് പറഞ്ഞു. തന്നിലേക്ക് അന്വേഷണം എത്തുന്ന ഒന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് വാര്‍ത്തകളില്‍ നിന്നു സൂചന ലഭിച്ചതോടെയാണ് ആശുപത്രി ഡ്യൂട്ടിക്കു പോയത്. എന്നാല്‍ ഷിനിയുടെ ഭര്‍ത്താവ് സുജീത്ത് വിളിച്ചതോടെ കുടുങ്ങുമെന്ന് ഉറപ്പായി. ഇതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് കൊല്ലത്തെ ഡോക്ടറുടെ കുറ്റസമ്മതം. ഭാര്യയ്ക്ക് വെടിയേറ്റപ്പോള്‍ തന്നെ അതിന് പിന്നില്‍ ഡോക്ടറാണെന്ന് ഭര്‍ത്താവ് സുജിത്തിന് ഉറപ്പായിരുന്നുവെന്നും ഡോക്ടറുടെ മൊഴിയില്‍ തെളിയുന്നു.
ഷിനിയുടെ ഭര്‍ത്താവ് സുജീത് വിളിച്ചതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. സുജീത് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് നല്‍കിയത്. അദ്ദേഹത്തിന്റെ ഫോണ്‍ വന്നതിനു ശേഷമാണ് പൊലീസ് പിടികൂടും മുന്‍പ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. കൃത്യമായ ആസൂത്രണം നടത്തിയാണ് എയര്‍ പിസ്റ്റള്‍ വാങ്ങിച്ചത്. ഒരു തവണ വെടിയുതിര്‍ക്കുകയും വീണ്ടും ലോഡ് ചെയ്യുന്നതുമായ തോക്ക് ഓണ്‍ലൈനില്‍ കണ്ടെങ്കിലും തുടരെ വെടിവയ്ക്കാവുന്ന തോക്കിനെക്കുറിച്ച് പരിശോധിച്ചുറപ്പിച്ചാണ് വാങ്ങിയത്. തോക്ക് പൊലീസ് ഫൊറന്‍സിക് വിഭാഗത്തിന്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു.
രക്ഷപ്പെടുന്നതിനായുള്ള കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്തു. കൃത്യം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തിയത് വെറും 1.10 മണിക്കൂര്‍ കൊണ്ടാണ്. അതിവേഗമാണ് കാറില്‍ ഡോക്ടര്‍ പോയതെന്ന് പൊലീസ് ക്യാമറകളിലും തെളിഞ്ഞു. ഡ്രൈവിങ് പഠനം നടത്തുന്നതിന്റെ 'എല്‍' ബോര്‍ഡ് കാറില്‍ സ്ഥാപിച്ചിരുന്നു. തോക്ക് വാങ്ങിയതിന്റെ ഉള്‍പ്പെടെ രേഖകള്‍ പൊലീസ് തെളിവായി ശേഖരിച്ചു. അറസ്റ്റിലായ ഡോക്ടര്‍ കൊല്ലത്തെ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. എം.ബി.ബി.എസിന് ശേഷം പള്‍മണോളജിയില്‍ എം.ഡി.യെടുത്ത ഇവര്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലും സ്പെഷ്യലൈസ് ചെയ്തിരുന്നു. പ്രതിയുടെ ഭര്‍ത്താവും ഡോക്ടറാണ്.
വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും ഡോക്ടറും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. മാലദ്വീപിലുള്ള സുജീത്തും ഡോക്ടറും കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും സൗഹൃദത്തിലായെന്നും പിന്നീട് ഇതില്‍ പ്രശ്നങ്ങളുണ്ടായെന്നുമാണ് വിവരം. മനസിലെ പക അടങ്ങാതെ മാസങ്ങളോളം നീണ്ട ആസൂത്രണമാണ് പ്രതി നടത്തിയത്. ഡോക്ടര്‍ ആയതിനാല്‍ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ത്താല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയെക്കുറിച്ചും പ്രതിക്ക് അറിയാമായിരുന്നു.
സുജീത്തിന്റെ വീട് നേരത്തെ അറിയാമായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നേരിട്ടെത്തി വീടും പരിസരവുമെല്ലാം നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. തിരുവനന്തപുരത്തേക്ക് പോകാനായി ബന്ധുവിന്റെ വാഹനമാണ് പ്രതി ഉപയോഗിച്ചത്. താത്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് ബന്ധുവില്‍നിന്ന് വാഹനം വാങ്ങിയശേഷം എറണാകുളത്തുവെച്ചാണ് ഇതില്‍ വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ വില്‍ക്കാന്‍വെച്ച ഒരു വാഹനത്തിന്റെ നമ്പറാണ് വ്യാജ നമ്പറായി ഉപയോഗിച്ചത്.
ഞായറാഴ്ച രാവിലെ എട്ടരയോടെ ഷിനിയുടെ വീട്ടിലെത്തി വെടിവെപ്പ് നടത്തിയശേഷം അതേ കാറില്‍തന്നെ പ്രതി കൊല്ലത്തേക്ക് തിരിച്ചു. ബൈപ്പാസ്, കഴക്കൂട്ടം, കല്ലമ്പലം വഴി കൊല്ലത്തെത്തിയ പ്രതി അന്നേദിവസം ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിതമായ ആത്മവിശ്വാസത്തില്‍ പിന്നീട് പതിവുപോലെ ആശുപത്രിയിലെ ജോലിയിലും മുഴുകി. എന്നാല്‍, കൃത്യം നടന്ന് മൂന്നാംദിവസം അന്വേഷണസംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.