കൊല്ലം: പുത്തൂരിന് അടുത്ത് വെല്‍ഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂര്‍ പഞ്ചായത്തിലെ കുഴയ്ക്കാട് വാര്‍ഡില്‍ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസില്‍ ശ്യാമുസുന്ദര്‍ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ധനേഷ് മന്ദിരത്തില്‍ ധനേഷിനെ (37) പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ 12ന് ആയിരുന്നുസംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടില്‍ക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 4 വര്‍ഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം. ഇന്നലെ ഭാര്യയുടെ ഓഹരി നല്‍കണം എന്നാവശ്യപ്പെട്ട് ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു.ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അര്‍ധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നു.

കുടുംബപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശ്യാംസുന്ദറിന്റെ ഭാര്യയുമായി ധനേഷിനുണ്ടായിരുന്ന ബന്ധത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശ്യാംസുന്ദറിന്റെ ഭാര്യ ധനേഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്.

ശ്യാംസുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് പുറത്തുനിന്ന് കുറ്റിയിട്ട ശേഷം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി തന്നെയാണ് ഒരു പൊതുപ്രവര്‍ത്തകനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ധനേഷിനെ കസ്റ്റഡിയിലെടുത്തു.