കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് സുപ്രീംകോടതിയിലെ തിരിച്ചടി ഭയത്തില്‍. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എസിയാണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിര്‍ദ്ദേശം. സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങള്‍ക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്.

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം കേള്‍ക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയില്‍ വഴി അറിയിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം വന്ന ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനിടെയാണ് മെയിലില്‍ സിദ്ദിഖ് നിര്‍ണ്ണായക നീക്കം നടത്തിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി സിദ്ദിഖിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതി ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലെങ്കില്‍ അത് സുപ്രീംകോടതി വിമര്‍ശനത്തിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ടാണ് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുന്നത്.

സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലെങ്കില്‍ അത് സുപ്രീംകോടതിയില്‍ ചര്‍ച്ചയാക്കാനായിരുന്നു സിദ്ദിഖിന്റെ പദ്ധതി. സിദ്ദിഖിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നേരത്തെ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. അന്തിമ വിധി വരുന്നതിനു മുന്‍പ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണോ അതോ വിധി വന്ന ശേഷം ചോദ്യം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം ആശയക്കുഴപ്പത്തിലായിരുന്നു. ഇതിനിടെയാണ് അന്വേഷണ സഹകരണ മെയില്‍ സിദ്ദിഖ് അയച്ചത്.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ തന്റെ ചോദ്യം ചെയ്യലടക്കം പൂര്‍ത്തിയായതായി സിദ്ദിഖിന് ചൂണ്ടിക്കാട്ടാം. ചോദ്യം ചെയ്തില്ലെങ്കില്‍, താന്‍ സ്വമേധയാ ഹാജരാകാമെന്ന് കത്ത് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചില്ലെന്നും സിദ്ദിഖിന് വാദിക്കാം. ഇതോടെ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള വാദം പോലീസിന് ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യവും വരുമായിരുന്നു. അതുകൊണ്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. മൊഴി എടുത്ത ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഉയര്‍ത്താനാകും ഇനി പോലീസ് സുപ്രീംകോടതിയില്‍ ശ്രമിക്കുക.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നല്‍കിയത്. തുടര്‍ന്ന് സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തള്ളിയത് സിദ്ദിഖിന് വലിയ തിരിച്ചടിയായി. പിന്നീട് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി അനുവദിച്ചതോടെ സിദ്ദിഖിന് താല്‍കാലിക ആശ്വാസമായി. ഇതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് അന്വേഷകര്‍ക്ക് നോട്ടീസ് അയച്ചത്.

ഈ സാഹചര്യത്തില്‍ നടക്കുന്ന തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ പേരിന് മാത്രമാകും. സുപ്രീംകോടിതയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ അന്തിമ വിധിക്ക് ശേഷം വിശദമായ ചോദ്യം ചെയ്യല്‍ എന്ന നിലപാടിലാണ് അന്വേഷണ സംഘം ഇപ്പോഴും.