- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കിടെ ഉണ്ടാകും, ഹോസ്റ്റലിലെ അടി അവിടെ തീരണമെന്ന് തിട്ടൂരം; നൂറിലേറെ കൂട്ടികൾ നോക്കി നിൽക്കെ സിദ്ധാർഥനെതിരെ പരസ്യ വിചാരണ ചെയ്തിട്ടും വിദ്യാർത്ഥികൾ പ്രതികരിക്കാത്തത് ഭീതി നിറയ്ക്കാൻ ഉണ്ടാക്കിയ കാടൻ നിയമത്താൽ; മൃഗീയ വിചാരണകൾക്ക് കൂടുതൽ പേർ ഇരകളെന്ന് സൂചന
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥൻ അതിക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടും എന്തുകൊണ്ടാണ് സഹവിദ്യാർത്ഥികൾ എതിർശബ്ദം ഉയർത്താത്തത് എന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതിന് ഉത്തരം തേടുമ്പോഴാണ് കോളേജ് ഹോസ്റ്റലിൽ നടമാടുന്ന ക്രൂരതകളിലേക്ക് വെളിച്ചം വീശുന്നത്. വിദ്യാർത്ഥികളെ വരുതിയിൽ നിർത്താൻ വേണ്ടി ഒരു അലിഖിത നിയമം ഉണ്ടാക്കി അതിന്റെ പേരിൽ ഭീതിയുടെ അന്തരീക്ഷം വിതയ്ക്കുകയാണ് ഇവർ ചെയ്തുവന്നത്. ഇതിന് മുമ്പും പല വിദ്യാർത്ഥികളും സിദ്ധാർഥിന് സമാനമായ ക്രൂരതകൾ നേരിടേണ്ടി വന്നിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളതുകൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും വിവരമുണ്ട്. ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാർത്ഥിക്കൂട്ടം കണ്ടു നിൽക്കുകയായിരുന്നു. ഒരാൾ പോലും സിദ്ധാർത്ഥന്റെ രക്ഷയ്ക്ക് വന്നില്ല.
130 കുട്ടികളുള്ള ഹോസ്റ്റലിലാണ് സിദ്ധാർത്ഥൻ പരസ്യ വിചാരണ നേരിടേണ്ടി വന്നത്. വിദ്യാർത്ഥികൾക്കിടയിൽ വെച്ച് സിദ്ധാർത്ഥൻ ക്രൂരത നേരിടുമ്പോഴും അടുത്ത സുഹൃത്തുക്കൾ പോലും സഹായിച്ചില്ല. ഇത് സിദ്ധാർത്ഥിനെ മാനസികമായി തളർത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ ആരും പ്രതികരിക്കാതെ ഇരിക്കുന്നതാണ് വെറ്റിനറി കോളേജിലെ അലിഖിത നിയമമെന്നാണ് പുറത്തുവരുന്നത്. കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കുണ്ടാകുമ്പോഴും ഒന്നും പുറത്തുപോകരുതെന്നാണത്രേ അലിഖിത നിയമം. ഹോസ്റ്റലിലെ അടി അവിടെ തീരണമെന്നാണത്രെ തിട്ടൂരം. സിദ്ധാർത്ഥന്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതു തന്നെയായിരുന്നു.
ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് വിദ്യാർത്ഥികൾ കണ്ടു നിൽക്കെയായിരുന്നു ക്രൂര മർദനം. മൂന്ന് മണിക്കൂർ നീണ്ട പീഡനം. അതുകഴിഞ്ഞ് സംഭവത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ സിൻജോ ജോൺസൻ വിദ്യർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്നായിരുന്നു ആക്രോശം. ഇതാണ് ആരും സഹായത്തിന് എത്താതിരുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോവാനും ഒരുങ്ങാത്തതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഭീഷണി ഉള്ളതുകൊണ്ട് തന്നെ കോളേജ് അധികൃതരുടെ ശ്രദ്ധയിലാരും പെടുത്തിയില്ല. അതോടെ, ശാരീരികമായും മാനസികമായും അവശനായ സിദ്ധാർത്ഥൻ ജീവനൊടുക്കുകയായിരുന്നു.
16നും 17നും കോളേജിൽ സ്പോർട്സ് ഡേ ആയിരുന്നു. പതിനാറിന് രാത്രിയാണ് അക്രമവും മർദനവും ഉണ്ടായത്. 17ന് ചിലർ സിദ്ധാർഥന്റെ നീക്കം നിരീക്ഷിച്ചിരുന്നത്ര. പതിനെട്ടിന് പ്രശ്നമില്ലെന്ന് കണ്ടതോടെ, കാര്യമാക്കിയില്ലെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. പതിനെട്ടിന് കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ സിദ്ധാർത്ഥനെ പിന്നെ കണ്ടത് ജീവിന്റെ തുടിപ്പറ്റ് കൊണ്ടാണ്. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. റാഗിങ് സെല്ലിന്റെ ഇടപെടലോടെയാണ് എല്ലാം വെളിച്ചത്തായത്. അതോടെ, പന്ത്രണ്ട് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
സിദ്ധാർഥനെ കൊന്നത് എസ്.എഫ്.ഐ. പ്രവർത്തകരാണെന്ന് അച്ഛൻ ജയപ്രകാശ് ആരോപിക്കുന്നത്. 'അവന്റെ കൂടെ പഠിച്ച നാലു വിദ്യാർത്ഥികളും സീനിയേഴ്സും ചേർന്നാണ് അവനെ കൊന്നത്. എല്ലാവരും എസ്.എഫ്.ഐ.ക്കാർ. മകനെ മർദിച്ചും കഴുത്തുഞെരിച്ചും കൊന്ന് അവർ കെട്ടിത്തൂക്കിയതാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും അതാണ് സൂചിപ്പിക്കുന്നത്. പൊലീസും സർവകലാശാലയും പ്രതികളെ രക്ഷപ്പെടുത്താൻ കൂട്ടുനിൽക്കുകയാണ്'- സിദ്ധാർഥന്റെ അച്ഛൻ നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് ജയപ്രകാശ് ആരോപിച്ചു.
ദുബായിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ 15 വർഷമായി സൂപ്പർവൈസറാണ് ജയപ്രകാശ്. വിദേശത്തുനിന്ന് 19-ന് നേരേ തിരുവനന്തപുരത്തേക്കാണ് വന്നതെന്നും പോസ്റ്റുമോർട്ടത്തിനു ശേഷം 20-ന് മകന്റെ മൃതദേഹം ഇവിടേക്കു കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു ചിത്രകാരനുമായിരുന്നു സിദ്ധാർഥൻ. അതിന്റെ തെളിവുകൾ നെടുമങ്ങാട്ടെ വീടിന്റെ മുറികളിൽ കാണാം. അത്രയ്ക്കും മികച്ചതാണ് അവൻ വരച്ച ചിത്രങ്ങൾ. 18-ാം പിറന്നാൾദിനത്തിൽ തുണിയിൽ സ്വന്തം ചിത്രവും വരച്ചിട്ടുണ്ട്.
മികച്ച ഫോട്ടോഗ്രാഫർകൂടിയായിരുന്നു സിദ്ധാർഥ്. അതിന് അംഗീകാരവും ലഭിച്ചു. കോളേജിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രോഗ് സർവേയറുമായിരുന്നു. കോളേജിൽ ആദ്യ വർഷം ക്ലാസ് പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസിലും പ്ലസ്ടുവിലും ഉയർന്ന മാർക്ക്. ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുത്ത് പൂക്കോട് വെറ്ററിനറി കോളേജിൽ ബി.വി എസ്.സി. പഠനം. മൃഗങ്ങളോട് ഇഷ്ടമുള്ളതിനാലാണ് ഈ കോഴ്സ് സിദ്ധാർഥ് തിരഞ്ഞെടുത്തതും. സൈക്ലിങ്ങിലും തത്പരൻ.
'നാട്ടിലെത്തിയാൽ എല്ലാ പരിപാടികളിലും അവനെ കാണാം. എപ്പോഴും ചിരിച്ച് സന്തോഷത്തോടെയാണ് അവനെ കാണുന്നത്. ആരോടും എതിർത്ത് ഒരക്ഷരം പറയില്ല. അവന് ആത്മഹത്യചെയ്യാനുള്ള കാരണങ്ങളില്ല'-നാട്ടുകാരായ സന്തോഷിനും രത്നാകരനും സിദ്ധാർഥനെപ്പറ്റി മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ നാലുപേരെ സംഘടനയിൽനിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. നിലവിൽ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതിൽ നാലുപേർക്കാണ് എസ്.എഫ്.ഐ.യുമായി ബന്ധമുള്ളത്. കുറ്റക്കാരെ എസ്.എഫ്.ഐ. ഒരിക്കലും സംരക്ഷിക്കില്ല. കാംപസിനുള്ളിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും വിദ്യാർത്ഥിയെ എസ്.എഫ്.ഐ. കൊലപ്പെടുത്തിയെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ആർഷോ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ