- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരിച്ചത് 'തന്നത് ഈന്തപ്പഴവും ക്ഷണക്കത്തും' എന്ന്; സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി പോയപ്പോഴും ഒപ്പം ഉണ്ടായിരുന്നത് യുഡിഎഫ് കണ്‍വീനര്‍; സ്വര്‍ണ്ണക്കൊള്ള ആയുധമാക്കുന്ന യുഡിഎഫിനെ വെട്ടിലാക്കി അടൂര്‍ പ്രകാശും എസ്.ഐ.ടിയുടെ ചോദ്യമുനയില്‍; പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നത് അടക്കം ചോദിച്ചറിയാന്‍ അന്വേഷണ സംഘം
ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരിച്ചത് 'തന്നത് ഈന്തപ്പഴവും ക്ഷണക്കത്തും' എന്ന്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാനിരുന്ന യുഡിഎഫിനെ വെട്ടിലാക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടല്‍. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ അടക്കം പുറത്തുവരുന്നിരുന്നു. എന്നാല്‍ ഇതില്‍ അസ്വഭാവികത ഇല്ലെന്നായിരുന്നു അടൂര്‍ പ്രകാശ് വിശദീകരിച്ചിരുന്നത്. ഇതിനിടെയാണ് പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടി അന്വേഷണ സംഘം കോണ്‍ഗ്രസ് എംപിയെ ചോദ്യം ചെയ്യുന്നത്.
അടൂര്‍ പ്രകാശും തമ്മിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബെംഗളൂരുവില്‍ വച്ച് ഇരുവരും ഒപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. പോറ്റി അടൂര്‍ പ്രകാശിന് ഉപഹാരം കൈമാറുന്ന ചിത്രമാണു പുറത്തുവന്നത്. മുന്‍പ് ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അപ്പോഴെല്ലാം മണ്ഡലത്തില്‍ വച്ചുള്ള പരിചയം മാത്രമാണു തനിക്കുള്ളതെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. ഈ വാദം പൊളിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രത്തിലും അടൂര്‍ പ്രകാശിന്റെ സാന്നിധ്യമുണ്ടായിരുന്നു.
രണ്ടാമത്തെ ചിത്രം പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി അടൂര്‍ പ്രകാശ് നേരത്തെ രംഗത്തുവന്നിരുന്നു. ഏതൊക്കെ തരത്തില്‍ തന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചാലും അതൊന്നും വിജയിക്കില്ലെന്നും, ജനം എല്ലാം വിലയിരുത്തുന്നുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 2019ല്‍ എംപിയായതിനു ശേഷമാണ് ആദ്യമായി പോറ്റിയെ കാണുന്നതെന്നും ശബരിമലയില്‍ അന്നദാനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റിയുടെ പിതാവ് മരിച്ചപ്പോള്‍ വീട്ടില്‍ പോയിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ബെംഗളൂരുവില്‍ വച്ച് പോറ്റി തന്ന സമ്മാനത്തില്‍ ഈന്തപ്പഴമായിരുന്നു. അത് അവിടെയുള്ളവര്‍ക്ക് അപ്പോള്‍തന്നെ കൊടുത്തെന്നും അടൂര്‍പ്രകാശ് പറഞ്ഞു.
സ്വര്‍ണക്കവര്‍ച്ച കേസില്‍ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയതില്‍ പുതിയ വിശദീകരണവുമായി മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പോറ്റിയുടെ വീട്ടില്‍ പോയത് കുട്ടിയുടെ ചടങ്ങിന് അല്ലെന്നും പോറ്റിയുടെ പിതാവിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നുമാണ് ഇന്നലെ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. കടകംപള്ളിയും രാജു ഏബ്രഹാമും പോറ്റിയുടെ പിതാവിന് സമ്മാനം കൊടുക്കുന്ന ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം.
അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആറ്റിങ്ങല്‍ എംപിയും നിലവില്‍ യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശിനെ സദ്യ ഉദ്ഘാടനം ചെയ്യാന്‍ പോറ്റി ശബരിമലയിലെത്തിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനാണ് 2017 ജനുവരി ഒന്നിന്റെ സദ്യ ഉദ്ഘാടനം ചെയ്തത്.
സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ രാഘവനാണ് 2018 ജനുവരിയിലെ അന്നദാനം ഉദ്ഘാടനം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ മറവില്‍ ഭക്തരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നു എന്ന് ദേവസ്വം വിജിലന്‍സ് തന്നെ കണ്ടെത്തിയിരുന്നു.
പോറ്റി ശബരിമലയില്‍ നടത്തിയ അന്നദാനം താന്‍ ഉദ്ഘാടനം ചെയ്തിരുന്നുവെന്ന് അടൂര്‍ പ്രകാശ് നേരത്തെ വ്യക്തമാക്കിയിപുന്നു. ശബരിമലയിലെ അന്നദാനം ഉദ്ഘാടനം ചെയ്യാന്‍ എത്തണമെന്ന് പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാണ് താന്‍ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് പോറ്റി ഒരു കാട്ടുകള്ളനാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം നല്‍കാത്തതിനാല്‍ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ്110 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പോറ്റി പുറത്തിറങ്ങിയത്. കേസില്‍ പ്രതികളായിരുന്നു മുരാരി ബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്ക് പിന്നാലെയാണ് ഒന്നാം പ്രതിയായ പോറ്റിക്കും ജാമ്യം ലഭിച്ചത്.


