കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണത്തില്‍ ഇന്ന് നിര്‍ണായക ദിനം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പുതിയ കണ്ടെത്തലുകളും അറസ്റ്റ് അടക്കമുള്ള നടപടികളും കോടതിയെ അറിയിക്കും. ഇന്നലെ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയുടെ ഉന്നത തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, എസ്ഐടിയുടെ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതിനിടെ, വിദേശവ്യവസായിയുടെ മൊഴിയുടെ അടിസ്ഥാന്തതില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാന്‍ മണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം മണിയുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും അടക്കം എസ്ഐടി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും, സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നുമായിരുന്നു മണി പറഞ്ഞത്.

മണിയുടെ ഫോണിലെ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന, മണിയുടെ സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിലെ ഉരുപ്പടികള്‍ മണി ഉള്‍പ്പെടുന്ന സംഘം കടത്തിയിട്ടുണ്ടോ എന്നതില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്നും, ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നുമാണ് രമേശ് ചെന്നിത്തലയുടെ സുഹൃത്തായ വിദേശവ്യവസായി എസ്ഐടിക്ക് മൊഴി നല്‍കിയിട്ടുള്ളത്.

കേസില്‍ രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം, നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ ഗോവര്‍ദ്ദന്‍, പങ്കജ് ഭണ്ഡാരി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എസ്‌ഐടി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. പ്രതികളെ മുഖാമുഖം ഇരുത്തി ചോദ്യം ചെയ്യുന്നതോടെ കേസിലെ കൂടുതല്‍ ഉന്നതരുടെ പങ്കും പുറത്തുവരുമെന്നാണ് സൂചന.

അതിനിട കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്താം പ്രതി ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. അവധിക്കാല ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയും പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നുണ്ട്.

ഇതിനിടെ റിമാന്‍ഡിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്ഐടി ഇന്ന് അപേക്ഷ സമര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്തു കേസില്‍ ഇന്നലെ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ എന്‍ വിജയകുമാറിനെ ജനുവരി 14 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.