ലക്‌നൗ: ഭാര്യ രാത്രിയിൽ പാമ്പായി മാറുമെന്നും തന്നെ കടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ഭർത്താവ് നൽകിയ പരാതിക്ക് മറുപടിയുമായി യുവതി രംഗത്തെത്തി. സ്ത്രീധന പീഡനത്തെ തുടർന്നാണ് ഇത്തരത്തിലുള്ള കള്ളക്കഥകൾ മെനയുന്നതെന്ന് ഭാര്യ നസിമുനി ആരോപിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ മഹ്മൂദാബാദ് പ്രദേശത്തെ ലോധ്സ ഗ്രാമവാസിയായ മിരാജ് എന്നയാളാണ് ഭാര്യയ്ക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയത്.

മിരാജ് നൽകിയ പരാതിയിൽ, ഭാര്യ ദിവസവും രാത്രി പാമ്പായി മാറുമെന്നും തന്നെ കൊല്ലാൻ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ തന്നെ കൊല്ലാൻ സാധ്യതയുണ്ടെന്നും, ഒരുതവണ തന്നെ കടിച്ചെന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചു. ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മിരാജ് കൂട്ടിച്ചേർത്തു. ആദ്യമൊന്നും ഭാര്യയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും, പ്രശ്നം പരിഹരിക്കാൻ മന്ത്രവാദിയുടെ സഹായം തേടിയതായും മിരാജ് മുൻപ് പറഞ്ഞിരുന്നു.

എന്നാൽ, മിരാജിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഭാര്യ നസിമുനി വീഡിയോയിലൂടെയാണ് പ്രതികരിച്ചത്. ഭർത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും, തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനാണ് ഇത്തരം നുണകൾ പറയുന്നതെന്നും അവർ ആരോപിച്ചു. നാല് മാസം ഗർഭിണിയാണെന്നും, എന്നാൽ തന്റെ ആരോഗ്യ കാര്യങ്ങളിലോ മറ്റോ ഭർത്താവിന് ശ്രദ്ധയില്ലെന്നും നസിമുനി കൂട്ടിച്ചേർത്തു.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് മിരാജിന്റെയും നസിമുന്നിയുടെയും വിവാഹം നടന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് പീഡനം ആരംഭിച്ചതായും, ഇത് സഹിക്കവയ്യാതെയാണ് താൻ പരാതി നൽകുന്നതെന്നും യുവതി പറഞ്ഞു. ഭർത്താവിന്റെ പരാതി വ്യാജമാണെന്നും, ഇതിലൂടെ തന്റെ ജീവിതം നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നസിമുനി ആരോപിച്ചു. ഇരുവരുടെയും ഭാഗത്തുള്ള വെളിപ്പെടുത്തലുകൾ ഈ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.