ബെംഗളൂരു: പഠിക്കാതെ മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരുന്ന മകനെ പിതാവ് ബാറ്റു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. തേജസ് (14) ആണ് പിതാവ് രവികുമാറിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. മൊബൈൽ അഡിക്ഷനെക്കുറിച്ചും പഠനത്തിൽ താൽപ്പര്യമില്ലായ്മയെക്കുറിച്ചുമുള്ള തർക്കത്തെ തുടർന്നാണ് പിതാവ് മകനെ ചുമരിൽ തലയിടിച്ച് കൊലപ്പെടുത്തിയത്.

ബെംഗളൂരുവിലെ കുമാര സ്വാമി ലേ ഔട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ മൊബൈല്‍ ഫോണില്‍ റീൽസ് കണ്ടുകൊണ്ടിരുന്ന തേജസിനെ മർദിക്കുകയായിരുന്നു. 'നീ ജീവിച്ചാലും മരിച്ചാലും എനിക്ക് പ്രശ്നമല്ല' എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആക്രമണം. തേജസ് മരണപ്പെട്ടതോടെ കൊലപാതകം മറച്ചുവെക്കാനല്ല ശ്രമവും നടന്നു.

കുട്ടിയുടെ ശരീരത്തിലെ രക്തക്കറ വൃത്തിയാക്കി കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ച പ്രതി അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കൊലപാതകത്തിനായി ഉപയോഗിച്ച ബാറ്റും ഒളിപ്പിച്ചു. തെളിവ് നശിപ്പിച്ച് കുട്ടിയുടെ മരണമാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമമാണ് ഇയാൾ നടത്തിയത്.

എന്നാൽ കുമാരസ്വാമി ലേഔട്ട് പരിസരത്ത് സ്‌കൂൾ വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തെ കുറിച്ച് പോലീസിന് രഹസ്യം വിവരം ലഭിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരുന്നത്. വിവരത്തെ തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസ് ഞെട്ടിക്കുന്ന കാഴ്ച്ചയാണ് കാണാനിടയായത്. സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും വീട്ടുകാർ മൃതദേഹം സംസ്‌കരിക്കുന്നതിനായുള്ള ഒരുക്കത്തിലായിരുന്നു.

തുടർന്ന് പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിക്കുന്നതിന് മുമ്പ് ക്രൂരമായ മർദ്ദനത്തിന് കുട്ടി ഇരയായതായി പോസ്റ്റ്‌മോർട്ടിൽ വ്യക്തമായിരുന്നു. കുട്ടിയുടെ തലയിൽ സാരമായ ആന്തരിക മുറിവുകളും ശരീരത്തിൽ ഒന്നിലധികം മുറിവുകളും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവായ രവികുമാർ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.