കൊച്ചി: വിശാഖപട്ടണം കപ്പല്‍ശാലയിലെ തന്തപ്രധാന വിവരങ്ങള്‍ ചോര്‍ത്തി പാക് ചാരവനിതയ്ക്ക് കൈമാറിയത് മലയാളികളോ? കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി കപ്പല്‍ശാലയിലെ കരാര്‍ ജീവനക്കാരായ രണ്ട് മലയാളികളെ കസ്റ്റഡിയിലെടുത്തതോടെയാണ് സംശയം ബലപ്പെടുന്നത്. നിര്‍ണ്ണായക നീക്കങ്ങളാണ് നടക്കുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ചാര വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്.

വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അഭിഷേകിനെയും ട്രെയിനിയായ എറണാകുളം കടമക്കുടി സ്വദേശിയെയും ചോദ്യം ചെയ്യുകയാണ്. കടമക്കുടി സ്വദേശിയെ വീട്ടില്‍ നിന്നും അഭിഷേകിനെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ് എന്‍.ഐ.എ ഹൈദരാബാദ് യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.വിശാഖപട്ടണം കേസില്‍ അറസ്റ്റിലായ അസാം സ്വദേശിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ കിട്ടി. കൊച്ചിയിലും ചോര്‍ത്തല്‍ നടന്നുവെന്നാണ് സൂചന.

നേരത്തെ മറ്റൊരു കേസില്‍ കേസില്‍ കൊച്ചി കപ്പല്‍ശാലയിലെ ഇലക്ട്രോണിക് മെക്കാനിക്കായ കരാര്‍ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറില്‍ പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു. നാവിക സേനയുടെ നിര്‍മ്മാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങള്‍, പ്രതിരോധ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികള്‍, മറ്റ് വിവരങ്ങള്‍, വി.വി.ഐ.പികളുടെ സന്ദര്‍ശനം തുടങ്ങിയവ ഇയാള്‍ വഴി കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് അന്വേഷണം.

കൊച്ചി കപ്പല്‍ശാലയിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലും എന്‍.ഐ.എ പരിശോധന നടത്തി. 2021ല്‍ വിശാഖപട്ടണം സംഭവത്തില്‍ ആന്ധ്രയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍.ഐ.എ ഹൈദരാബാദ് യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. 2023 മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ പത്ത് വരെ എയ്ഞ്ചല്‍ പായല്‍ എന്ന ഫേസ്ബുക്ക് പേജിലേക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഏയ്ഞ്ചല്‍ പായല്‍ എന്ന അക്കൗണ്ടിലെ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ കൊച്ചി സിറ്റി പൊലീസ് ഫേസ്ബുക്കിന് കത്ത് നല്‍കിയിരുന്നു.

താത്കാലിക ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി കൊച്ചി കപ്പല്‍ശാലയിലെ ചിത്രങ്ങളും സുപ്രധാന വിവരങ്ങളും പാക് ചാരയെന്ന് സംശയിക്കുന്ന യുവതി കൈക്കലാക്കിയെന്നാണ് കേസ്. ഏയ്ഞ്ചല്‍ പായല്‍ എന്ന പേരില്‍ ഫേസ്ബുക്ക് ചാറ്റിലൂടെയാണ് യുവതി വിവരങ്ങള്‍ ചോര്‍ത്തിയത്. പ്രതിയായ കപ്പല്‍ശാലയിലെ കരാര്‍ ജീവനക്കാരന്‍ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. മുംബയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നാണ് കൊച്ചി കപ്പല്‍ശാലയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

തന്ത്രപ്രധാന വിവരങ്ങളുംപ്രതിരോധ രഹസ്യങ്ങളും ചോര്‍ത്തുകയാണ് പാക് ലക്ഷ്യം. സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് പ്രണയിക്കുന്നത്. കപ്പല്‍ശാലയിലെ താല്ക്കാലിക ജീവനക്കാരനായിരുന്നു.'ഏയ്ഞ്ചല്‍ പായല്‍' എന്ന പേരിലുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടിലേക്ക് ശ്രീനിഷ് വിവരം കൈമാറുകയായിരുന്നു. പായല്‍ ഏയ്ഞ്ചല്‍ എന്ന അക്കൗണ്ടിലേക്ക് വിവരം കൈമാറിയ മുംബയ് ഡോക് യാര്‍ഡിലെ താത്കാലിക ജീവനക്കാരന്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇത് കൂടുതല്‍ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.

പായല്‍ ഏയ്ഞ്ചല്‍, ആരതി ശര്‍മ്മ, മുക്ത മഹാതോ, അതിഥി തിവാരി, ഹര്‍ലീന കൗര്‍, പ്രീതി, പൂനം ബജ്വ, സുനിത തുടങ്ങിയ വ്യാജ പേരുകളില്‍ പ്രത്യക്ഷപ്പെട്ട സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ ചാറ്റ് ചെയ്ത ഉദ്യോഗസ്ഥരാണ് കെണിയില്‍ വീണതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും പണം നല്‍കിയുമെല്ലാം വിവരം ചോര്‍ത്തുന്നുണ്ടായിരുന്നു.