ജമ്മു: ജമ്മുവിലെ അഖ്‌നൂർ മേഖലയിൽ പാകിസ്ഥാനിൽ നിന്ന് പറന്നെത്തിയെന്ന് സംശയിക്കുന്ന ഒരു പ്രാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാവിൻ്റെ ശരീരത്തിൽ പാകിസ്ഥാനെ സൂചിപ്പിക്കുന്ന അടയാളങ്ങളും കോഡുകളും കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചു. ഭീകരർക്കുള്ള സന്ദേശമാണിതെന്ന് പ്രാഥമികമായി സംശയിക്കുന്നുണ്ട്.

പ്രഭാതത്തിൽ പ്രദേശവാസികളാണ് ഈ പ്രാവിലെ ആദ്യം കണ്ടത്. ശരീരത്തിൽ സാധാരണ പക്ഷികളിൽ കാണാത്ത അടയാളങ്ങളും പ്രത്യേക കോഡുകളും ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ സുരക്ഷാ ഏജൻസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രാവിലെ കസ്റ്റഡിയിലെടുക്കുകയും പരിശോധനകൾക്കായി മാറ്റുകയും ചെയ്തു.

പ്രാവിൻ്റെ യഥാർത്ഥ ഉത്ഭവവും, അതിൻ്റെ യാത്രയുടെ ഉദ്ദേശ്യവും കണ്ടെത്താനാണ് നിലവിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. ഈ കണ്ടെത്തലുകൾ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിൽ നിർണ്ണായകമായേക്കാം.

അതേസമയം, ജമ്മു കശ്മീരിലെ കഠുവ ജില്ലയിലെ കാഹോഗ് ഗ്രാമത്തിന് സമീപം പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ മൂന്ന് ലഷ്കർ-ഇ-ത്വയ്ബ ഭീകരർക്കായി സുരക്ഷാ സേന വ്യാപക തിരച്ചിൽ നടത്തിയിരുന്നു. രണ്ട് തവണ ഏറ്റുമുട്ടലുകളുണ്ടായതിന് പിന്നാലെ ഭീകരർ വനമേഖലയിലേക്ക് രക്ഷപ്പെട്ടതോടെയാണ് തിരച്ചിൽ ഊർജ്ജിതമാക്കിയത്.

സുരക്ഷാ സേനയുടെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) ആണ് ഭീകരരെ ആദ്യം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു ഇത്. സേനയെ കണ്ട ഭീകരർ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിക്കുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. പിന്നീട് അർദ്ധരാത്രിയോടെ വീണ്ടും ഒരു ഏറ്റുമുട്ടൽ കൂടി നടന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഏറ്റുമുട്ടലുകൾക്ക് ശേഷം ഭീകരർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ സി.ആർ.പി.എഫ് ഉൾപ്പെടെയുള്ള കൂടുതൽ സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന വനമേഖല പൂർണ്ണമായും വളഞ്ഞ നിലയിലാണ്. നിലവിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടക്കുന്നില്ലെങ്കിലും, ഏത് നിമിഷവും വീണ്ടും ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.