മൈസൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകള്‍ ശ്രീനന്ദയെയാണ് (15) ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. കുട്ടിയെ കാണാതായി മൂന്ന് ദിവസം പിന്നിട്ടെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ കുട്ടിയെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്ത് നിന്നുമാണ് കാണാതായത്.

മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബുഡാന്‍ ഗിരികുന്നിലും വ്യാഴാഴ്ചയും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബാബുഡാന്‍ കുന്നിലെ 300 അടി താഴ്ചയില്‍വരെ തെല്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് ആ സാധ്യത തള്ളി. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നു നടത്തുന്ന തിരച്ചിലില്‍ ഡോഗ് സ്‌ക്വാഡുമുണ്ട്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തില്‍നിന്ന് കുട്ടിയെ കാണാതാകുന്നത്. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഇതിനിടെ മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടന്‍ കണ്ടുപിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കള്‍ ചിക്കമഗളൂരു നോര്‍ത്ത് പോലീസില്‍ വ്യാഴാഴ്ച പരാതിനല്‍കി. വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.

പാലക്കാടു നിന്നുള്ള സംഘം സന്ദര്‍ശിക്കുമ്പോള്‍ മറ്റു 10 പേര്‍ കൂടി വ്യൂപോയിന്റില്‍ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ശ്രീനന്ദയ്‌ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങുന്നുണ്ട്.

ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എം. നാഗരാജ, പോലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ ദയാമ എന്നിവര്‍ നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ദുരന്തനിവാരണ സേന, വനംജീവനക്കാര്‍, പോലീസ്, അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കുട്ടിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും വനംമന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.