ഇൻഡോർ: കാമുകനോടൊപ്പം ഒളിച്ചോടാൻ വീട്ടിൽ നിന്നിറങ്ങിയ ബി.ബി.എ വിദ്യാർത്ഥിനി ഏഴ് ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തി. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ടയാളെ വിവാഹം കഴിച്ചതായാണ് വിദ്യാർത്ഥിനി പോലീസിന് മൊഴി നൽകിയത്. 18 വർഷം മുൻപ് പുറത്തിറങ്ങിയ 'ജബ് വീ മെറ്റ്' എന്ന ഹിന്ദി സിനിമയിലെ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ ഇൻഡോറിൽ അരങ്ങേറിയിരിക്കുന്നത്. അതുപോലെ, 'ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ' എന്ന ചിത്രവുമായി ചെറിയ സാമ്യവും ഉണ്ട്. ഷാരൂഖ് ഖാൻ തന്റെ ഓടിവരുന്ന നായികയെ ട്രെയിനിൽ പിടിച്ചു കയറ്റുന്ന ആ രംഗം മറക്കാൻ പറ്റുമോ?. ആ രംഗത്തെ വെല്ലുംവിധം സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്.

'ജബ് വീ മെറ്റ്' സിനിമയിൽ കരീന കപൂർ, ഷാഹിദ് കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ സിനിമയിൽ, കാമുകനോടൊപ്പം ഒളിച്ചോടാൻ പദ്ധതിയിടുന്ന നായിക യാദൃശ്ചികമായി ട്രെയിനിൽ വെച്ച് മറ്റൊരു യുവാവിനെ പരിചയപ്പെടുകയും പിന്നീട് അയാളോടൊപ്പം യാത്ര തുടരുകയും ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ സംഭവത്തിൽ, വിദ്യാർത്ഥിനി ശ്രദ്ധ (പേര് മാറ്റം വരുത്തിയിട്ടുണ്ട്) കാമുകൻ സാർത്ഥക്കിനൊപ്പം ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് വെളിപ്പെടുത്തി. എന്നാൽ, റെയിൽവേ സ്റ്റേഷനിൽ കാമുകൻ എത്താത്തതിനെ തുടർന്ന് രത്‌ലമിലേക്കുള്ള ട്രെയിനിൽ കയറി. ഈ ട്രെയിനിൽ വെച്ചാണ് ഇൻഡോറിലെ ഒരു കോളേജിലെ ഇലക്ട്രീഷ്യനായ കരൺദീപിനെ കണ്ടുമുട്ടിയത്.

രത്‌ലമിലേക്കുള്ള യാത്രക്കിടെ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മന്ദ്‌സൗറിൽ ഇറങ്ങി 250 കിലോമീറ്റർ അകലെയുള്ള മഹേശ്വറിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നും ശ്രദ്ധ മൊഴി നൽകി.

എന്നാൽ, ശ്രദ്ധയുടെ മൊഴിയിൽ പോലീസ് പൂർണ്ണമായി തൃപ്തരല്ല. വിവാഹിതരായതിന് തെളിവായി വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധയുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധപ്പെട്ടിട്ടില്ലെന്ന് കാമുകൻ സാർത്ഥക് പോലീസിനോട് പറഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞതിൽ അമ്പരപ്പ് രേഖപ്പെടുത്തിയ പിതാവ്, ഈ വിവാഹത്തിന് അംഗീകാരമില്ലെന്നും തിരിച്ചെത്താൻ പണം അയച്ചിട്ടും മകൾ കരൺദീപിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചതെന്നും പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച തന്നെ കരൺദീപ് രക്ഷിച്ചതായും പിതാവ് അവകാശപ്പെട്ടു. ഈ സംഭവത്തിൽ അന്ധവിശ്വാസങ്ങളും കാരണമായിട്ടുണ്ടെന്ന് പിതാവ് സൂചിപ്പിച്ചു.