ഇരിട്ടി: പുഴയോര ഭംഗി ആസ്വദിച്ചും ഫോട്ടോയും വിഡിയോയും എടുത്തും കളിച്ചു ചിരിച്ചു നടന്ന രണ്ട് പെണ്‍കുട്ടികള്‍ കണ്‍മുന്നില്‍ ഒഴുക്കില്‍പെട്ടതിന്റെ നടുക്കം മാറാതെ പടിയൂരിലെ മുഹമ്മദലിയും ജബ്ബാറും. ഇരിക്കൂര്‍ സിബ്ഗ കോളജിലെ ബി.എസ്‌സി സൈക്കോളജി വിദ്യാര്‍ഥിനികളായ ഷഹര്‍ബാനയും (28) സൂര്യയും (23) ഇരിട്ടിക്കടുത്ത പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പെടുമ്പോള്‍ ഇവര്‍ അല്‍പം അകലെനിന്ന് മീന്‍ പിടിക്കുന്നുണ്ടായിരുന്നു.

കയറിപ്പോ... അവിടെ ഇറങ്ങല്ലേ മക്കളെ... എന്ന് പലതവണ അലറിവിളിച്ചു. പഴശ്ശി പദ്ധതിയുടെ ഭാഗമായ പടിയൂര്‍ പൂവ്വം പുഴയില്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ കണ്‍മുന്നില്‍ ഒഴുകിപ്പോകുന്നതുകണ്ട വേദന പങ്കുവെക്കുകയായിരുന്നു ഇരുവരും.

ഇവര്‍ മീന്‍പിടിക്കുന്നതിന് 200 മീറ്റര്‍ അകലെയാണ് ഇരുവരും കളിക്കാനിറങ്ങിയത്. കുഴപ്പമില്ല ഞങ്ങള്‍ മുങ്ങില്ല. മറുപടി പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ആര്‍ത്തലച്ചുവരുന്ന ഒഴുക്കില്‍ ഒന്നുരണ്ടുതവണ ഒരാള്‍ മുങ്ങിത്താഴുന്നത് മുഹമ്മദലിയും ജബ്ബാറും കണ്ടെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ചുഴിയില്‍പ്പെട്ട് അപ്രത്യക്ഷമായി. രണ്ടാമതൊരു കുട്ടി അല്പനിമിഷത്തിനുള്ളില്‍ ഇവര്‍ വിരിച്ച വലയില്‍ കുടുങ്ങിയെങ്കിലും കൈയെത്തും അകലെവെച്ച് ചുഴിയിലേക്ക് താഴുകയായിരുന്നുവെന്ന് മുഹമ്മദലി പറഞ്ഞു.

'അവിടെ ഇറങ്ങരുതെന്നും അപകടമാണെന്നും പലവട്ടം വിളിച്ചു പറഞ്ഞിരുന്നു. കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങിയപ്പോഴും കയറിപ്പോകാന്‍ പറഞ്ഞതാണ്. കുഴപ്പമില്ല ഞങ്ങള്‍ മുങ്ങില്ല എന്ന് അവര്‍ മറുപടി പറഞ്ഞിരുന്നു. ഞങ്ങള്‍ വല കരക്കെത്തിച്ച് അവിടേക്ക് പോകാന്‍ നില്‍ക്കുമ്പോഴേക്കും രണ്ടുപേരും മുങ്ങിത്താഴ്ന്നു പോയി' - മുഹമ്മദലിയും ജബ്ബാറും പറഞ്ഞു.

എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ ഷഹര്‍ബാനയും ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയും കോളജില്‍ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു. മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഏറെനേരം പുഴക്കരയിലൂടെ സെല്‍ഫിയെടുത്തും കളിച്ചുചിരിച്ചും നടന്ന ശേഷമാണ് സൂര്യയും ഷഹര്‍ബാനയും പുഴയില്‍ ഇറങ്ങിയത്. കരയില്‍നിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു.

ഒരുമണിക്കൂറോളം പുഴക്കരയിലൂടെ നടന്ന് പുഴയുടെ ഭംഗി മൊബൈലില്‍ പകര്‍ത്തിയും സെല്‍ഫിയെടുത്തുമാണ് സൂര്യയും ഷഹര്‍ബാനയും പുഴയിലേക്ക് ഇറങ്ങിയത്. പുഴയില്‍ ഇറങ്ങി ഇരുവരും വെള്ളം കോരി കളിക്കുമ്പോള്‍ ജസീന പുഴക്കരയിലുണ്ടായിരുന്നു. കണ്‍മുന്നില്‍ സഹപാഠികള്‍ മുങ്ങിത്താഴുമ്പോള്‍ അലറിവിളിക്കാന്‍ പോലും കഴിയാത്ത വിധം ജസീന ബോധംകെട്ട് വീണു. വീട്ടില്‍നിന്ന് പുഴക്കരയിലേക്ക് പോകുമ്പോള്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് പലതവണ പറഞ്ഞിരുന്നുവെന്ന് ജസീനയുടെ ഉമ്മ റഹ്‌മത്ത് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്‌സത്തിന്റെയും മകളാണ് ഷഹര്‍ബാന. വിവാഹിതയാണ്. ഏതാനും മാസം മുമ്പാണ് പിതാവ് മരണപ്പെട്ടത്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

അപകടവിവരമറിഞ്ഞ് നാടിന്റെ പല ഭാഗങ്ങളില്‍നിന്നും നൂറുകണക്കിനാളുകള്‍ പുഴക്കരയില്‍ തടിച്ചുകൂടി. നാട്ടുകാര്‍ ഒറ്റയ്ക്കും കൂട്ടായും പുഴയുടെ ഇരുകരയിലൂടെയും കിലോമീറ്ററോളം തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. ഇരുട്ട് മൂടിയതോടെ തിരച്ചില്‍ നിര്‍ത്തി

ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ഇന്നലെയും ഇന്നുമായി പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയിലെ മുങ്ങല്‍സംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച് ഇന്നലെ തന്നെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി 7.30ഓടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പുനരാരംഭിച്ചത്.