പിറ്റ്സ്ബര്‍ഗ്: ഡൊമിനിക്കന്‍ റിപ്പബ്ലിക്കനില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനി സുദീക്ഷ കൊണങ്കിയെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കള്‍. കാണാതായിട്ട് ഇത്രയും നാളായിട്ടും കണ്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇത്തരം ഒരു ആവശ്യവുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് കത്തെഴുതിയതായാണ് റിപ്പോര്‍ട്ട്. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സുദീക്ഷയുടെ മാതാപതാക്കളായ സുബ്ബ റായിഡു, ശ്രീദേവി കോണങ്കി എന്നിവരാണ് ഡൊമിനിക്കന്‍ പോലീസിന് ഇത് സംബന്ധിച്ച കത്തയച്ചിരിക്കുന്നത്. മകള്‍ മരിച്ചുവെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. 20 വയസ്സുകാരി സുദിക്ഷ കൊണങ്കി യുഎസില്‍ സ്ഥിരതാമസത്തിന് അര്‍ഹതയുള്ള ഇന്ത്യക്കാരിയാണ്. മാര്‍ച്ച് 6ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കനിലെ പുന്റ കാനയില്‍ കാണാതായ യുവതിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.

അവധിക്കാലം ആഘോഷിക്കുന്നതിനാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സുദിക്ഷ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സുദിക്ഷയെ കാണാതായത്. അന്ന് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ശേഷം 4.15-ഓടെ ഇവര്‍ ബീച്ചിലേക്ക് പോയി. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.

24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി കണ്ടത്. സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് താന്‍ ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു.

മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴിനല്‍കി. താന്‍ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു. സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ബിക്കിനിക്കു മുകളില്‍ ധരിച്ചിരുന്ന നെറ്റിന്റെ വസ്ത്രമാണ് കഴിഞ്ഞ ദിവസം ബീച്ചിനു സമീപത്തുനിന്ന് ലഭിച്ചത്. അതിനാല്‍ ഈ വസ്ത്രം ഊരിയിട്ട ശേഷം സുദിക്ഷ കടലിലേക്ക് ഇറങ്ങി എന്നാണ് പൊലീസിന്റെ നിഗമനം. ഇത്രയും നാളായിട്ടും കണ്ടെത്താത്തതിനാല്‍ സുദിക്ഷ മുങ്ങിമരിച്ചിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.