- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'നല്ലൊരു ജീവിതത്തിനായി ശ്രമിച്ചു, എല്ലാം തകിടം മറിഞ്ഞു..'; ഓണ്‍ലൈൻ തട്ടിപ്പിൽ കുടുങ്ങി 28 ലക്ഷം രൂപയുടെ കടക്കെണിയിലായി; ബാങ്ക് ജീവനക്കാരിയായ 25കാരി കീടനാശിനി കഴിച്ച് ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; ടെലിഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ക്കെതിരെ പോലീസ് അന്വേഷണം
ഗാന്ധിനഗര്‍: ഓണ്‍ലൈൻ തട്ടിപ്പിൽ കുടുങ്ങിയ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടൽ മാറാതെ കുടുംബം. ഗുജറാത്തിലെ അമറേലി ജില്ലയിലെ ഐഐഎഫ്എൽ ബാങ്ക് ജീവനക്കാരിയായ ഭൂമിക സൊരാത്തിയ (25) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കിനുള്ളിൽ വെച്ച് കീടനാശിനി കഴിച്ചാണ് യുവതി ജീവനൊടുക്കിയത്. ബാങ്കിൽ നിന്ന് ഭൂമികയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈൻ തട്ടിപ്പിൽപ്പെട്ട് യുവതി കടക്കെണിയിലാവുകയായിരുന്നു. ടെലിഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച 10.30ഓടെയാണ് ഭൂമിക ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യാശ്രമം നടത്തിയ ഉടനെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുമ്പ് ഭൂമിക അമ്മയോട് 28 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും ഈ സമ്മർദ്ദം താങ്ങാനാവില്ലെന്നും പറഞ്ഞതായാണ് സൂചന. മാതാപിതാക്കള്‍ക്ക് എഴുതിയ കത്തായാണ് ആത്മഹത്യാ കുറിപ്പ് ഭൂമിക തയ്യാറാക്കിയത്.
ഞാൻ ആത്മഹത്യ ചെയ്യുകയാണ്. അമ്മയോടും അച്ഛനോടും എനിക്ക് ഒരു പരാതിയുമില്ല. എനിക്ക് 28 ലക്ഷത്തിന്‍റെ കടമുണ്ട്. അത് തിരിച്ചടയ്ക്കാൻ കഴിയില്ല. അതിനാലാണ് ഇത്തരമൊരു വഴി സ്വീകരിക്കുന്നത്. നിങ്ങള്‍ രണ്ടുപേര്‍ക്കും നല്ലൊരു ജീവിതത്തിനായി ഞാൻ ശ്രമിച്ചു. എന്നാൽ, എല്ലാം തകിടം മറിഞ്ഞു. ഷൈൻ.കോം എന്ന കമ്പനിയിലാണ് കടബാധ്യതയുള്ളത്. നഷ്ടമായ തുക എന്റെ മരണത്തിനുശേഷം തിരിച്ചുപിടിക്കാൻ ശ്രമിക്കണം. ഐഐഎഫ്എൽ ബാങ്കിലുള്ള തന്‍റെ അഞ്ചു ലക്ഷം രൂപ മാതാപിതാക്കള്‍ വാങ്ങണം. പിഎഫും പിന്‍വലിക്കണം എന്നാണ് യുവതി ആത്മഹത്യാക്കുറിപ്പിൽ വിശദീകരിക്കുന്നത്.
ഒടുവിലായി തന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ അവസാനമായി കെട്ടിപിടിക്കണമെന്നും ഇതാണ് തന്‍റെ അവസാന ആഗ്രഹമെന്നും യുവതി കുറിപ്പിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ മരണത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈൻ ടാസ്ക് തട്ടിപ്പിലാണ് ഭൂമിക അകപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. 500 രൂപയുടെ ടാസ്ക് പൂര്‍ത്തിയാക്കിയാൽ 700 രൂപ തിരിച്ചു നൽകുമെന്ന് പറഞ്ഞാണ് ആദ്യം ഭൂമിക ടെലിഗ്രാം ഗ്രൂപ്പിന്‍റെ അംഗമായത്.
ആദ്യമൊക്കെ ചെറിയ തുക പ്രതിഫലമായി ലഭിച്ചത്തിന്റെ വിശ്വാസത്തിൽ വലിയ തുകകൾ നിക്ഷേപിക്കുകയായിരുന്നു. ഇതോടെ ഭൂമിക 28 ലക്ഷത്തിന്‍റെ കടബാധ്യതയിലാകുകയായിരുന്നു. തുക നൽകുന്നതിനായി ഓണ്‍ലൈനിൽ വായ്പയെടുത്താണ് കടബാധ്യതവരുത്തിയതെന്നാണ് സൂചന. കൂടുതൽ തുക തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ നിക്ഷേപിക്കാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതോടെ കൂടുതൽ തുക കടംവാങ്ങുകയായിരുന്നു.സമ്മാനം ലഭിച്ച തുകയെന്ന പേരിൽ വ്യാജ രസീതുകളും തട്ടിപ്പ് സംഘം യുവതിയ്ക്ക് അയച്ചുകൊടുത്തിരുന്നു. സംഭവത്തിൽ ഭൂമികയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.