കുറ്റിക്കോൽ: കാസർകോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കഴുത്തിൽ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാര്യയെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിക്കോൽ പയന്തങ്ങാനം സ്വദേശി കെ.സുരേന്ദ്രൻ (50) ആണ് മരിച്ചത്. ഭാര്യ സിമിക്കാണ് കഴുത്തിൽ വെട്ടേറ്റത്.

കഴുത്തിൽ മുൻഭാഗത്ത് വാക്കത്തികൊണ്ട് വെട്ടേറ്റ് മുറിവേറ്റ നിലയിൽ സിമി അയൽവീട്ടുകാരെ സമീപിക്കുകയായിരുന്നു. ഭർത്താവ് സുരേന്ദ്രനാണ് വെട്ടിയതെന്ന് സിമി മൊഴി നൽകിയതായി അയൽവാസികൾ പറഞ്ഞു. ഉടൻതന്നെ ഇവരെ കാസർകോട് ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കളാണ് വീടിനകത്ത് ഏണിപ്പടിയിൽ തൂങ്ങിയ നിലയിൽ സുരേന്ദ്രനെ കണ്ടെത്തിയത്. ഇരുവരുടെയും ഒന്നരയും അഞ്ച് വയസ്സുള്ള മക്കൾ അപകടസമയത്ത് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. സിമി വീടിന് പുറത്തേക്ക് ഇറങ്ങിയതിന് ശേഷം സുരേന്ദ്രൻ ജീവനൊടുക്കിയതാകാമെന്ന് പോലീസ് സംശയിക്കുന്നു.

വിദേശത്ത് പ്രവാസിയായിരുന്ന സുരേന്ദ്രൻ മൂന്നുവർഷമായി കുറ്റിക്കോലിൽ ഓട്ടോറിക്ഷാ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. അസ്വാഭാവിക മരണത്തിന് ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇവർക്ക് അയൽക്കാരുമായി നല്ല ബന്ധത്തിലായിരുന്നു എന്ന് വിവരമുണ്ട്.