ആലുവ: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിവന്ന യുവതി ഉള്‍പ്പെടെ ആറ് പേരെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വന്‍മാഫിയയുടെ ഭാഗമാണ് ഇവരെല്ലാം. ഇവരെ വിശദമായി ചോദ്യം ചെയ്യും.

തൃശ്ശൂര്‍ പഴഞ്ഞി പൊന്നാനംകാട് വീട്ടില്‍ ഹബീബ് (24), ഗുരുവായൂര്‍ ഇരിങ്ങാപ്പുറം കറുപ്പംവീട്ടില്‍ സുല്‍ഫത്ത് (20), കിഴക്കമ്പലം പുക്കാട്ടുപടി പാറയില്‍ വീട്ടില്‍ അമല്‍ ജോസഫ് (28), എടത്തല കുഴുവേലിപ്പടി പ്ലാമൂട്ടില്‍ വീട്ടില്‍ സുധി സാബു (24), കുഴിവേലിപ്പടി പ്ലാമൂട്ടില്‍ വീട്ടില്‍ സുജിത്ത് സാബു (22), തൃശ്ശൂര്‍ കുന്ദംകുളം കരിക്കാട് പുത്തേഴത്തില്‍ വീട്ടില്‍ അബു താഹിര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരമാണ് നിര്‍ണ്ണായകമായത്. ഏലൂക്കര ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ജിപ്സി കാര്‍ പരിശോധിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന മറ്റൊരു കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. ജിപ്സി ഓടിച്ചയാളെയും കൂട്ടി പൊലീസ് സംഘം കാറിനെ സാഹസികമായി പിന്തുടര്‍ന്ന് എലൂക്കരയിലെ വീട്ടിലെത്തി. അവിടെ നടത്തിയ പരിശോധനയിലാണ് ആറര കിലോ കഞ്ചാവ് കണ്ടെടുത്തത്.

്കഞ്ചാവ് കടത്തുമ്പോള്‍ കാറിന്റെ മുന്‍സീറ്റില്‍ സുല്‍ഫത്തിനെ ഇരുത്തും. കുടുംബമായി പോവുകയാണെന്ന ധാരണയില്‍ പൊലീസും എക്‌സൈസും വാഹനം പരിശോധിക്കാതെ കടത്തിവിടും. ഹബീബിന്റെ ഭാര്യയെന്ന വ്യാജേനയാണ് സുല്‍ഫത്തിനെ നിര്‍ത്തിയിരുന്നത്. ഏലൂക്കരയിലെ വാടക വീടിന്റെ ഉടമയോടും ഭാര്യയാണെന്നാണ് പറഞ്ഞിരുന്നത്. പൊന്നാനി സ്വദേശിയായ ഉടമയ്ക്ക് അഡ്വാന്‍സ് നല്‍കി ജിപ്‌സി വാഹനം കടത്തിക്കൊണ്ടുവന്നതും ഹബീബ് ആയിരുന്നു. ജിപ്‌സിയുടെ ഉടമക്ക് വാഹനം വാങ്ങാനെത്തിയവര്‍ കഞ്ചാവ് കഞ്ചവടക്കാരാണെന്ന് അറിയില്ലായിരുന്നു.

എടത്തലക്കാരായ സുജിത്തും സുധിയും സഹോദരങ്ങളാണ്. ഒരു മാസമായി ഏലൂക്കരയിലെ വാടക വീട്ടിലാണ് പ്രതികളെല്ലാം താമസിച്ചിരുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയിലെ കരാര്‍ ജീവനക്കാരാണ്. കൊച്ചിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സുജിത്ത്, സാബു എന്നിവര്‍ക്കെതിരെ വേറെയും കേസുകളുണ്ട്.