കായംകുളം: ക്വട്ടേഷന്‍ തലവന്‍ സുമേഷിനെ കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗുണ്ടാതലവനെ പിടികൂടാതെ പോലീസ്. കൊലക്കേസില്‍ പ്രതികള്‍ക്ക് അനുകൂല മൊഴി കൊടുക്കാനായിരുന്നു ഭീഷണിപ്പെടുത്തല്‍.

സുമേഷിനെ കൊന്ന കേസിലെ രണ്ടാം പ്രതിയാണ് സെയ്ഫ്. ആലപ്പുഴയിലെ പ്രധാന ഗുണ്ടാ നേതാവ്. ഇയാളാണ് സാക്ഷിയെ കായംകുളത്ത് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത്. പിന്നീട് എറണാകുളത്ത് എത്തിച്ച് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. അതിന് ശേഷം ഫോണിലൂടേയും വാട്‌സാപ്പ് കോളിലൂടേയും ഭീഷണി തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് സാക്ഷി പരാതി നല്‍കിയത്. എഫ് ഐ ആര്‍ ഇട്ടെങ്കിലും പോലീസ് തുടര്‍ നടപടികള്‍ എടുക്കുന്നില്ല. ഭീഷണിപ്പെടുത്തല്‍ കേസില്‍ സെയ്ഫ് ഒന്നാം പ്രതിയും ഹരിപ്പാട് അനീഷ് രണ്ടാം പ്രതിയുമാണ്. അനീഷിനെതിരേയും നിരവധി കൊലക്കേസുകളുണ്ട്.

ഇവര്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ അടക്കമുണ്ട്. ഇതില്‍ ഹരിപ്പാട് അനീഷ് ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തുമാണ്. സുമേഷ് കൊലക്കേസ് അന്വേഷണത്തില്‍ തന്നെ പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കണ്ടല്ലൂര്‍ തെക്ക് ശരവണ ഭവനം സുമേഷിനെ കാറില്‍ എത്തിയ നാലുപേര്‍ മൃഗീയമായി വെട്ടി കൊലപ്പെടുത്തിയത് 2017 ഫെബ്രുവരി 11ന് ആയിരുന്നു. സംഭവത്തില്‍ നേരിട്ടു ബന്ധമുള്ള എരുവ ഹാഷിം (24), എരുവ സെയ്ഫുദീന്‍ എന്ന സെയ്ഫ് (23), ചേരാവള്ളി റോഷന്‍ (23) കായംകുളം മുഹമ്മദ് ഫൈസല്‍ (23) എന്നിവരെയും ഇവരെ സഹായിച്ച മറ്റു ചിലരെയും കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാം പ്രതിയായ ഹാഷിമിന്റെ സഹോദരനെ കായംകുളം റെയില്‍വേ സ്റ്റേഷനു സമീപം ആളു മാറി വെട്ടിപ്പരുക്കേല്‍പ്പിച്ചതിന്റെ വിരോധമായിരുന്നു കൊലപാതകത്തിനു കാരണം. സംഭവ ദിവസം രാത്രി 7.45നു കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ മുക്കിനടുത്തുള്ള കടയ്ക്കു സമീപം സുമേഷ് നില്‍ക്കുമ്പോള്‍ സംഘം കാറിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സുമേഷ് പാടത്തേക്ക് ഓടി. പിന്തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുമേഷ് പ്രതിയായി കനകക്കുന്ന് സ്റ്റേഷനില്‍ 8 കേസുകളുണ്ടായിരുന്നു. കൊലയ്ക്ക് നേതൃത്വം നല്‍കിയവരുടെ സംഘങ്ങള്‍ ഇപ്പോഴും ആലപ്പുഴയില്‍ സജീവമാണ്. സുമേഷ് കേസില്‍ പ്രധാന പ്രതികളില്‍ ഒരാളാണ് സെയ്ഫ്.

കണ്ടല്ലൂര്‍ കളരിക്കല്‍ ജങ്ഷന് സമീപം വച്ചായിരുന്നു നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സുമേഷിനെ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം ഓടിച്ചിട്ട് വെട്ടുകയായിരുന്നു. സമീപത്തെ വയലിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് വെട്ടി. ഇരുകൈയും കാലും വെട്ടിമാറ്റിയ നിലയിലായിരുന്നു.

പിന്നീട് സംഘം കാറില്‍ രക്ഷപ്പെട്ടു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും പ്രതികള്‍ ഉന്നത സഹായത്തോടെ രക്ഷപ്പെട്ടതായും കണ്ടെത്തി. പിന്നീട് ഇവരെ അറസ്റ്റും ചെയ്തു.