ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള തഹാവൂര്‍ റാണയെ സഹായിച്ചയാള്‍ കൊച്ചിയില്‍ നിന്നുള്ളയാളെന്ന് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയും കോള്‍മാന്‍ ഹെഡ്ലിയും രാജ്യത്ത് എത്തിയപ്പോള്‍ ഇയാളാണ് സഹായം നല്‍കിയതെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. ഇതോടെ തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഐഎ. ഇതോടെ കൊച്ചിയില്‍ റാണയെ സഹായിച്ചവരിലേക്ക് അന്വേഷണം കൂടുതല്‍ വ്യാപിക്കും.

കസ്റ്റഡിയിലെടുത്ത ഇയാള്‍ നേരത്തെ തന്നെ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘമാണു റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

2008 നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ താജ് റസിഡന്‍സി ഹോട്ടലില്‍ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരെക്കാണാനാണു റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദര്‍ശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടു തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താനാണു ശ്രമിക്കുന്നത്. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കൊച്ചിയില്‍ എത്തും മുന്‍പ് പ്രമുഖ ഇംഗ്ലിഷ് പത്രത്തില്‍ റാണയുടെ പേരില്‍ വിദേശ റിക്രൂട്ട്മെന്റ് പരസ്യം നല്‍കിയിരുന്നതായും ഹോട്ടല്‍ മുറിയില്‍ ഇന്റര്‍വ്യൂ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ വിശദമായ പദ്ധതി തയ്യാറാക്കിയത് ദുബായിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. തഹാവൂര്‍ റാണയും ഐഎസ്‌ഐ ഏജന്റും ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. റാണയും ഐഎസ് ഐ ഏജന്റുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് റാണ കൊച്ചിയില്‍ എത്തിയത്.

മുംബൈ ഭീകരാക്രമണ പദ്ധതിയും തയ്യറാക്കിയത് ദുബായിലാണ്. വ്യക്തമായ പദ്ധതിയായ ശേഷമാണ് കൊച്ചിയില്‍ റാണ എത്തിയത്. സാമ്പത്തിക അടക്കം സ്വരൂപിക്കലായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. ദുബായ് ചര്‍ച്ചകളിലെ ധാരണ പ്രകാരമായിരുന്നു ഇതെല്ലാം. യുഎഇയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റാണ കൊച്ചിയില്‍ നിന്നും ഫണ്ട് കൈപ്പറ്റിയോ എന്ന സംശയം എന്‍ഐഎയ്ക്കുണ്ട്. കൊച്ചിയില്‍ റാണ വിളിച്ച 13 നമ്പരുകളിലെ അന്വേഷണം അതിനിര്‍ണ്ണായകമാകും.

റാണയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ച് കോള്‍ റെക്കാഡുകള്‍ പരിശോധിക്കാന്‍ എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് ഫോണിലൂടെ റാണ നിര്‍ദേശം നല്‍കിയോയെന്ന് പരിശോധിക്കാനാണിത്. ശബ്ദസാമ്പിള്‍ ശേഖരിക്കാന്‍ റാണയുടെ സമ്മതം ആവശ്യമുണ്ട്. റാണ വിസമ്മതിച്ചാല്‍ എന്‍ഐഎയ്ക്ക് കോടതിയെ സമീപിക്കാം. അനുമതി ലഭിച്ചുകഴിഞ്ഞാല്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടി വിദഗ്ദ്ധര്‍ എന്‍ഐഎ ആസ്ഥാനത്തെത്തി സാമ്പിള്‍ ശേഖരിക്കും. ഐഎസ്‌ഐ പ്രതിനിധിയുമായി റാണ ആദ്യ ചര്‍ച്ച നടത്തിയത് ദുബായില്‍ വച്ചായിരുന്നുവെന്നത് എന്‍ഐഎ സ്ഥിരീകരിക്കുന്നുണ്ട്. റാണയുമായി ചര്‍ച്ച നടത്തിയ ഐഎസ്ഐ പ്രതിനിധിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎ. റാണ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. ഹെഡ്ലിയുമായി തഹാവൂര്‍ സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡുകള്‍ നിലവില്‍ എന്‍ഐഎയുടെ കയ്യില്‍ ഉണ്ട്. ഇത് മാച്ച് ആകുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം.

മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതിന് മുന്നോടിയായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും റാണയും ഇന്ത്യയിലേക്കും മറ്റുചില വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.ഐഎസ്‌ഐ ഏജന്റുമായി റാണ നടത്തിയ കൂടിക്കാഴ്ചയാണ് ഭീകരാക്രമണ പദ്ധതിയിലേക്ക് നയിച്ചത്. ഇനിയും കൂടുതല്‍ വിവരങ്ങള്‍ റാണയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം, റാണ ചോദ്യംചെയ്യലുമായി നല്ലരീതിയില്‍ സഹകരിക്കുന്നില്ല എന്ന വിവരവും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. ഇതിനിടെ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിവരമുണ്ട്. കൊച്ചിയില്‍ ഇയാളെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ മുംബയ് ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക സംഘത്തിന്റെ ഭാഗമാണ്.

ബെംഗളൂരു സ്ഫോടന പരമ്പര കേസിലും കേരളത്തില്‍നിന്ന് യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്ത കേസിലും തഹാവൂര്‍ റാണയില്‍നിന്ന് എന്‍ഐഎ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഈ രണ്ട് കേസിലും റാണയ്ക്കുള്ള പങ്ക് എന്‍ഐഎയ്ക്ക് നേരത്തെ അറിവുള്ളതാണ്. കേരളത്തില്‍നിന്ന് നാല് യുവാക്കള്‍ കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 2008 നവംബര്‍ 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ തഹാവൂര്‍ റാണ സന്ദര്‍ശനം നടത്തിയിരുന്നു. 2006നും 2008നും ഹെഡ്‌ലിക്കൊപ്പവും അല്ലാതെയും റാണ നടത്തിയ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റും ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ച് നല്‍കലുമായിരുന്നുവെന്നാണ് നിഗമനം. കൊച്ചയിലും ആലുവയിലും തീവ്രവാദ സംഘടനകള്‍ക്ക് സ്ലീപ്പിങ് സെല്ലുകളുണ്ട്. ഈ സെല്ലുകളെല്ലാം കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.