ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാന കൊലപാതകം. തിരുനെല്‍വേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദളിത് വിഭാഗക്കാരനായ കെവിന്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛനൊപ്പം ക്ലിനിക്കില്‍ നിന്ന് മടങ്ങുമ്പോളാണ് കൊലപാതകം. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിന്‍ കുമാറിനെ കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ സഹോദരന്‍ സുര്‍ജിത്തും സഹായിയും ആണ് കൊല ചെയ്തത്. തുടര്‍ന്ന് സുര്‍ജിത്തും സഹായിയും പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്ഇന്‍സ്പെക്ടര്‍മാരാണ്. മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ അധികം ശമ്പളം ഉണ്ടായിരുന്നു. സ്വര്‍ണ മെഡലോടെയാണ് കെവിന്‍ പഠനം പൂര്‍ത്തിയാക്കിയത്. മൃതദേഹവുമായി കെവിന്റെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

പഠനകാലം മുതല്‍ കെവിന്‍ പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സ്ത്രീയുടെ കുടുംബത്തിന്റെ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും, കെവിന്‍ തന്റെ പ്രണയിനിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ച, ആശുപത്രിയില്‍ പോയ സമയത്ത് കാത്തിരിക്കുമ്പോള്‍ യുവതിയുടെ സംസാരിക്കണമെന്ന് പറഞ്ഞ് കെവിനെ സമീപിക്കുകയായിരുന്നു. പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഒരു തര്‍ക്കം ഉടലെടുത്തു, ആശുപത്രിയില്‍ നിന്ന് വെറും 200 മീറ്റര്‍ അകലെ സുര്‍ജിത് അരിവാള്‍ പുറത്തെടുത്ത് കെവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സമീപാകാലത്ത് സമാനമായി നിരവധി കൊലപാതകങ്ങള്‍ തമിഴ്‌നാട്ടില്‍ ശക്തമായി അരങ്ങേറിയിട്ടുണ്ട്. കടലൂര്‍ ചിദംബരത്ത് ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ അച്ഛന്‍ മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയത് ഒരുമാസം മുമ്പാണ്. മടപ്പുറം സ്വദേശി അബിത (26) ആണ് മരിച്ചത്. അച്ഛന്‍ അര്‍ജുനന്‍ അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം അര്‍ജുനന്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.