- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമിര്‍ ജിഫ്രിയുടെ കൂട്ടാളി മെത്താഫിറ്റാമിനുമായി വലയില്‍; സത്യാവസ്ഥ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് സസ്പെന്‍ഷനിലായ പൊലീസുകാര്‍
മുത്തങ്ങ: എംഡിഎംഎ കേസില്‍ പൊലീസ് കസ്റ്റഡിയിരിക്കെ മരിച്ച താനൂരിലെ താമിര്‍ ജിഫ്രിയുടെ കൂട്ടാളി മെത്താഫിറ്റാമിനുമായി എക്സൈസിന്റെ പിടിയില്‍. ബെംഗളൂരു-ബത്തേരി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേയാണ് യാത്രക്കാരനായ മലപ്പുറം പെരുവള്ളൂര്‍, പള്ളിയാളി വീട്ടില്‍ ആബിദ്(35)നെ അറസ്റ്റ് ചെയ്തത്.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ ജി. എം ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 79.482 ഗ്രാം മെത്താഫിറ്റാമിന്‍ കൈവശം വെച്ച കുറ്റത്തിനാണ് അറസ്റ്റ്.
പരിശോധനയില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലീം, രജിത്ത്.പി.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ ഹാഷിം, പി സി സജിത്ത്, കെ അശ്വതി, അഖില എന്നിവരും പങ്കെടുത്തു. ബാംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വില്‍പ്പനക്കായി കൊണ്ടുപോയ മെത്താംഫിറ്റമിനാണ് പിടികൂടിയത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് ഓഫീസില്‍ കൈമാറി.
അതേസമയം, താനൂരില്‍ എം ഡി എം എ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത താമീര്‍ ജെഫ്രി മരണപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് 8 പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എംഡിഎംഎ കച്ചവടം ചെയ്തതിനു പിടിക്കപ്പെട്ട 5 പേരില്‍ ഒരാളായിരുന്നു താമിര്‍. അമിതമായ എംഡിഎംഎ ഉപയോഗത്തെ തുടര്‍ന്ന് ഹൃദ്രോ ഗബാധിതനായിരുന്ന താമിര്‍ പിടിക്കപ്പെടുമെന്നു ഉറപ്പായപ്പോള്‍ 2 പായ്ക്കറ്റ് എംഡിഎംഎ വിഴുങ്ങിയിരുന്നു. ഇത് രാസപരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു.
കേസില്‍ നാല് പൊലീസുകാര്‍ അറസ്റ്റിലായിരുന്നു. പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ സംഘമാണ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതി സീനീയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന് അഗസ്റ്റിന്,മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.
2023 ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് 18 ഗ്രാം എംഡിഎംഎയുമായി താമിര്‍ ജിഫ്രി പിടിയിലായതെന്ന് പൊലീസ് പറയുന്നു. 4.20 ഓടെ താമിര്‍ കുഴഞ്ഞു വീണുവെന്നും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. പൊലീസിന് രക്ഷപെടാന്‍ കഴിയുന്ന തരത്തില്‍ താമിറിന്റെ മരണശേഷമാണ് എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
എന്നാല്‍, 5 നിരപരാധികളെ എം ഡി എം എ കള്ളക്കേസില്‍ പോലീസ് കുടുക്കിയെന്നായിരുന്നു മാധ്യമങ്ങളുടെ അന്നത്തെ പ്രചാരണമെന്ന് സസ്പെന്‍ഷനിലായ പൊലീസുകാര്‍ ആരോപിക്കുന്നു. അതേ കേസിലെ മൂന്നാം പ്രതി കഴിഞ്ഞ ദിവസം അന്ന് പിടിച്ചതിന്റെ 4 ഇരട്ടി എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.